1 GBP = 129.74

3000 പൗണ്ട് ക്രെഡിറ്റ് കാര്‍ഡ് ലോണെടുത്താല്‍ അടച്ചു തീര്‍ക്കാന്‍ വേണ്ടത് 27 വര്‍ഷവും 7 മാസവും! നിര്‍ദ്ദേശങ്ങളുമായി ഫിനാന്‍ഷ്യല്‍ കോണ്ടക്ട് അതോറിറ്റി

3000 പൗണ്ട് ക്രെഡിറ്റ് കാര്‍ഡ് ലോണെടുത്താല്‍ അടച്ചു തീര്‍ക്കാന്‍ വേണ്ടത് 27 വര്‍ഷവും 7 മാസവും! നിര്‍ദ്ദേശങ്ങളുമായി ഫിനാന്‍ഷ്യല്‍ കോണ്ടക്ട് അതോറിറ്റി

ബാല സജീവ്കുമാര്‍

3.3 മില്ല്യനോളം വരുന്ന ക്രെഡിറ്റ് കാര്‍ഡ് കെണിയില്‍ പെട്ടവരെ രക്ഷിക്കുന്നതിന് ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ സഹായിക്കണമെന്ന നിര്‍ദ്ദേശവുമായാണ് ഫിനാന്‍ഷ്യല്‍ കോണ്ടക്ട് അതോറിറ്റി രംഗത്തെത്തിയിരിക്കുന്നത്. കടക്കെണിയില്‍ അകപ്പെട്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍, പലിശ രഹിത തവണ അടവുകള്‍ പോലും പരിഗണിക്കണമെന്നുംനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

34 വയസ്സുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ജോണ്‍ പീയര്‍സണ്‍ ഇന്ന് 35000 പൗണ്ട് ക്രഡിറ്റ് കാര്‍ഡ് കടക്കാരനാണ്. 18 വയസ്സില്‍ ആദ്യം ലഭിച്ച ചെറിയ തുകക്കുള്ള ക്രഡിറ്റ് കാര്‍ഡ് വാങ്ങിയതും, തുടര്‍ന്ന് വിവിധ കാര്‍ഡുകള്‍ വാങ്ങി മോഹന (ചതി) വാഗ്ദാനമായ ‘ഫ്രീ ബാലന്‍സ് ട്രാന്‍സ്ഫര്‍’ സംവിധാനം ഉപയോഗിച്ചതാണ് തന്റെ കടം ഇത്രയും ഉയരാന്‍ കാരണമായതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ എങ്ങിനെയാണ് തിരിച്ചടവുകള്‍ മുടങ്ങാതെ അടക്കുന്നത് എന്നോ, ഞാന്‍ എന്താണ് ചെയ്യുന്നത് എന്നോയുള്ള ശരിയായ അന്വേഷണങ്ങള്‍ ഇല്ലാതെ കാര്‍ഡ് കമ്പനികള്‍ എന്റെ ക്രഡിറ്റ് ലിമിറ്റ് വര്‍ദ്ധിപ്പിച്ചു തന്നതും തനിക്ക് വിനയായി എന്ന് വിശദീകരിച്ച ജോണിനെ പോലെ നിരവധി പേരുടെ സാക്ഷ്യപത്രമാണ് ക്രഡിറ്റ് കാര്‍ഡ് കമ്പനികളെ നിരീക്ഷിക്കാന്‍ എഫ് സി എ യെ പ്രേരിപ്പിക്കുന്നത്.

ഇതേപോലെ അത്യാവശ്യങ്ങള്‍ക്കുപകരിക്കാന്‍ ഉത്തമ മാര്‍ഗ്ഗമായ ക്രഡിറ്റ് കാര്‍ഡ് വായ്പയെ വേണ്ടത്ര ശ്രദ്ധയില്ലാതെ ഉപയോഗിച്ച് കെണിയിലായ നിരവധി യു കെ മലയാളികളും ഉണ്ട്. 19 ശതമാനം പലിശക്ക് 3000 പൗണ്ട് ക്രഡിറ്റ് കാര്‍ഡില്‍ നിന്നും എടുക്കുന്ന ഉപഭോക്താവ് മാസം 74 പൗണ്ടില്‍ തുടങ്ങി കുറഞ്ഞുവരുന്ന തിരിച്ചടവ് രീതി തിരഞ്ഞെടുത്താല്‍, ഈ കടം അടച്ചു തീര്‍ക്കുന്നതിന് 27 വര്‍ഷവും 7 മാസവും വേണ്ടി വരും. 35 ശതമാനം പലിശ നിരക്ക് വരെ ഈടാക്കുന്ന ക്രഡിറ്റ് കാര്‍ഡുകള്‍ കമ്പോളത്തില്‍ സുലഭമാണ്. അതുകൊണ്ട് തന്നെ ഉപഭോക്താക്കള്‍ അകപ്പെടാവുന്ന കടക്കെണിയുടെ വ്യാപ്തിയും കൂടുന്നു.

ഹ്രസ്വകാല വായ്പയായി സാധാരണക്കാര്‍ക്ക് വളരെ സഹായകമാണ് ക്രഡിറ്റ് കാര്‍ഡുകള്‍ എങ്കിലും, പലരും ദീര്‍ഘകാല കടക്കെണിയില്‍ ഇതുമൂലം അകപ്പെടുന്നു എന്ന് ഫിനാന്‍ഷ്യല്‍ കോണ്ടക്ട് അതോറിറ്റി കണ്ടെത്തി. യു കെ യിലെ ഓരോ പൗരന്റെയും ശരാശരി ക്രഡിറ്റ് കാര്‍ഡ് ബാദ്ധ്യത 8000 പൗണ്ട് ആണെന്നും, ഈ തുകയുടെ തിരിച്ചടവിന്, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക്, വേണ്ടുന്ന ഉത്തമമായ ക്രമീകരണങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ ചെയ്തു കൊടുക്കണമെന്നും ഫിനാന്‍ഷ്യല്‍ കോണ്ടക്ട് അതോറിറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍, ക്രഡിറ്റ് കാര്‍ഡ് കമ്പനികളെ പ്രതിനിധീകരിക്കുന്ന യു കെ കാര്‍ഡ്‌സ് അസോസിയേഷന്‍ ‘ഈ വിഷയത്തില്‍ ശ്രദ്ധാപൂര്‍വമുള്ള പരിഗണന’ ആവശ്യമാണെന്നാണ് പ്രതികരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more