1 GBP = 129.74

യുക്മയുടെ പ്രഥമ ദേശീയ നേതൃയോഗവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരികളും നാളെ ബര്‍മിംഗ്ഹാമില്‍

യുക്മയുടെ പ്രഥമ ദേശീയ നേതൃയോഗവും വിവിധ പോഷക വിഭാഗങ്ങളുടെ പരിശീലന കളരികളും നാളെ ബര്‍മിംഗ്ഹാമില്‍

സജീഷ് ടോം. യുക്മ പി ആര്‍ ഒ

യുക്മയുടെ ചരിത്രത്തിലെ ആദ്യ ദേശീയ നേതൃയോഗത്തിന് ബര്‍മിംഗ്ഹാം നാളെ വേദിയൊരുക്കുന്നു. യുക്മ ദേശീയ നിര്‍വാഹകസമിതി അംഗങ്ങള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ ഭാരവാഹികളും ദേശീയ നേതൃയോഗത്തിന്റെ ഭാഗമാണെന്ന് ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് വ്യക്തമാക്കി. കൂടാതെ യുക്മയുടെ പോഷക വിഭാഗങ്ങളുടെ ദേശീയതല പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കും.

ബര്‍മിംഗ്ഹാമിലെ കിംഗ്സ്റ്റാന്‍ഡിങ് എക്‌സ്‌സര്‍വീസ് മെന്‍സ് സോഷ്യല്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടികള്‍ രണ്ട് സെഷനുകളായാണ് വിഭാവനം ചെയ്തിരിക്കുന്നത്. രാവിലെ പത്തു മുപ്പതിന് ആരംഭിക്കുന്ന നേതൃസമ്മേളനം യുക്മയുടെ 2017 ലെ ദര്‍ശനങ്ങളും ആഭിമുഖ്യങ്ങളും ചര്‍ച്ച ചെയ്യും. യുക്മ ഈ വര്‍ഷം യുവജനങ്ങള്‍ക്കായി പുതുതായി അവതരിപ്പിക്കുന്ന ‘യുക്മ യൂത്ത്’, യു.കെ. മലയാളികള്‍ക്കിടയില്‍ ആകസ്മികമായി സംഭവിക്കുന്ന മരണം, അപകടങ്ങള്‍ മുതലായവയില്‍ പെട്ടന്നുള്ള ഇടപെടലുകള്‍ക്കായി രൂപം നല്‍കിയിരിക്കുന്ന ‘യുക്മ റാപ്പിഡ് റെസ്‌പോണ്‍സ് ടീം’തുടങ്ങിയവയെ ക്കുറിച്ചുള്ള സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും രാവിലത്തെ സെഷനില്‍ പ്രത്യേകമായി സമയം നീക്കിവച്ചിട്ടുണ്ട്. ഇതിനകംതന്നെ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞ ‘യുക്മ സാന്ത്വനം’ പദ്ധതിയുടെ അവലോകനവും, കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കുവാനുള്ള ചര്‍ച്ചകളും, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും യോഗത്തില്‍ നടക്കും.

യുക്മയുടെ അടിസ്ഥാന ഘടകങ്ങളായ അംഗ അസ്സോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെടുന്ന റീജിയണല്‍ ഭാരവാഹികളെ മുഴുവന്‍ പങ്കെടുപ്പിക്കുകവഴി, ദേശീയ തലത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൂടുതല്‍ വേഗത്തില്‍ അംഗങ്ങളിലേക്കെത്തിക്കുവാന്‍ കഴിയും എന്നതാണ് ദേശീയ നേതൃയോഗത്തിന്റെ പ്രധാന സവിശേഷതയെന്ന് യോഗത്തിന്റെ തയ്യാറെടുപ്പുകള്‍ വിശദീകരിച്ചുകൊണ്ട് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് പറഞ്ഞു.

യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ റീജിയനുകള്‍ക്കും ഒരു നിശ്ചിത തുക ലഭിക്കത്തക്കവിധം തയ്യാറാക്കിയിരിക്കുന്ന വളരെ ആകര്‍ഷകമായ ഒരു പദ്ധതിക്കും യോഗത്തില്‍ തുടക്കം കുറിക്കും. ഇദംപ്രദമമായി സംഘടിപ്പിക്കുന്ന ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ്, ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷം രൂപകല്പ്പന ചെയ്തിരിക്കുന്ന ‘യുക്മ ടൂറിസം ക്ലബ് ‘ തുടങ്ങിയവയെക്കുറിച്ചും, പകുതി പിന്നിട്ട യുക്മ മെമ്പര്‍ഷിപ് ക്യാമ്പയിനെ കുറിച്ചും ഉച്ചക്ക് മുന്‍പുള്ള ആദ്യ സെഷന്‍ ചര്‍ച്ചചെയ്യും.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടു മണിമുതല്‍ നാല് മുപ്പതുവരെ നീണ്ടുനില്‍ക്കുന്ന രണ്ടാമത്തെ സെഷനില്‍ യുക്മ പോഷക വിഭാഗങ്ങളുടെ വിവിധ ഗ്രൂപ്പുകളായുള്ള യോഗങ്ങളും പരിശീലന കളരികളും ചര്‍ച്ചാ ക്ലാസ്സുകളും നടക്കും. യുക്മ നേഴ്‌സസ് ഫോറംകണ്‍വന്‍ഷന്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി യോഗം നേഴ്‌സസ് ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കും. യുക്മയുടെ നിരവധി ജനകീയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള യുക്മ സാംസ്‌ക്കാരിക വേദിയുടെ ആലോചനായോഗമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. ‘ജ്വാല’ ഇമാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡും ഇതോടൊപ്പം യോഗം ചേരുന്നതാണ്.

സോഷ്യല്‍ മീഡിയഗുണകരമായി കൈകാര്യം ചെയ്യുന്നതിന് സഹായകരമാകുന്ന ചര്‍ച്ചാക്ലാസ്സ്, യുക്മ ന്യൂസ് എഡിറ്റോറിയല്‍ ബോര്‍ഡിന്റെയും ന്യൂസ് ടീമിന്റെയും സംയുക്ത യോഗം,യുക്മ പി.ആര്‍.ഒ. ടീമിന്റെ യോഗം തുടങ്ങിയവയും ശനിയാഴ്ചത്തെ നേതൃ സമ്മേളനത്തിന്റെ സവിശേഷതകളായിരിക്കും. യോഗം നടക്കുന്ന ക്ലബിന്റെ വിലാസം താഴെ കൊടുക്കുന്നു :

Kingstanding Ex-service Men’s Social Club, 72 Warren Farm Road, Birmingham – B44 0QN

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more