1 GBP = 106.18
breaking news

ശ്രീ മുരുകേഷ് പനയറയുടെ ലഘു നോവല്‍ ‘ലൗലി വില്‍ഫ്രഡ്’ തുടരുന്നു; അദ്ധ്യായം അഞ്ച്

ശ്രീ മുരുകേഷ് പനയറയുടെ ലഘു നോവല്‍ ‘ലൗലി വില്‍ഫ്രഡ്’ തുടരുന്നു;  അദ്ധ്യായം അഞ്ച്

‘ലൗലി വില്‍ഫ്രഡ്’

അദ്ധ്യായം അഞ്ച്
************************

വര്‍ക്കലയില്‍ വാവ് തുടങ്ങിക്കഴിഞ്ഞിരുന്നു.

നാഴിക വിനാഴികകള്‍ കണക്കാക്കി ബലി തര്‍പ്പണം തുടങ്ങുന്നത് ഓരോ വര്‍ഷവും ഓരോ സമയത്താണെന്നു എന്നെക്കാള്‍ പ്രായമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

ആട്ടോറിക്ഷയില്‍ ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കവലയിലെ ആല്‍ത്തറ വരെ മാത്രമാണ് റിക്ഷ അനുവദിച്ചിരുന്നത്. പാപനാശം കടല്‍ത്തീരം വരെയുള്ള ഒരു കിലോമീറ്ററോളം ദൂരം കാല്‍നടയായി തന്നെ താണ്ടണം. തിരക്കിനിടയിലൂടെ ബദ്ധപ്പെട്ടു നടന്നെത്തുവാന്‍ സാധാരണയില്‍ കൂടുതല്‍ സമയം എടുക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

“ഇനി നടത്തമാണ്….ഇന്നിനി കിടക്കയിലെത്തുവോളം ….. ഒരുക്കമാണോ നീയ്?”

ലൗലിയുടെ കരം ഗ്രഹിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“ പിന്നെന്ത്? കേരളത്തിലെ ഊടുവഴികളിലൂടെ ഞാന്‍ നടന്നു നേടിയ അനുഭവത്തോളം മറ്റാരും നേടിയിട്ടുണ്ടാവില്ല ബസന്ത്.”

ലൗലിയുടെ സ്വരത്തില്‍ ആത്മ വിശ്വാസം സ്ഫുരിച്ചു.

ഞാന്‍ മുമ്പ് കണ്ട അനിതര സധാരണമാം വിധം ലജാവതിയായ അമേരിക്കന്‍ കന്യകയല്ല അവള്‍.

കാലിഫോര്‍ണിയയിലെ ജോഷ്വാ വൃക്ഷക്കൂട്ടങ്ങളുടെ ഇടയില്‍ ഒരു ചിത്രത്തിനായി പൂങ്കുലകള്‍ക്കൊപ്പം പോസ് ചെയ്തു കഴിഞ്ഞു നടക്കവേ ആരോടെന്നില്ലാതെ ഒരു മണ്ടിയെ പോലെ അവള്‍ പുലമ്പിയത് ഞാന്‍ ഓര്‍മ്മിച്ചു. മെര്‍ലിന്‍ മണ്‍റോയെപ്പോലെ ആ വിഡ്ഢിത്തം താനും ചെയ്യുമെന്ന് സൂചിപ്പിച്ച ചഞ്ചല ചിത്തയായ സ്വപ്നങ്ങളുടെ കൂട്ടുകാരി എന്നിടത്ത് നിന്ന് പ്രായവും അനുഭവങ്ങളുടെ പക്വതയും പാകപ്പെടുത്തിയ വനിതയുടെ പരിവേഷത്തിലേക്ക് ലൗലി വളര്‍ന്നു വികസിചിരിക്കുന്നുവല്ലോ. കാലം അന്യാദൃശ്യമായി ബിംബങ്ങളില്‍ നടത്തുന്ന അനിര്‍വ്വചനീയ അലങ്കാരങ്ങള്‍ കേവലം നഗ്‌ന നേത്രങ്ങള്‍ കൊണ്ടുമാത്രം കാണാന്‍ സാധിക്കാത്ത അത്ര സൂക്ഷ്മവും അതേസമയം ദൃശ്യ പരിധികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം സ്ഥൂലവുമാണെന്ന് ഞാന്‍ ചിന്തിച്ചു. എന്തൊരു വിരോധാഭാസമാണിത് ?

ങേ!

എന്താണ് ഞാന്‍ ചിന്തിക്കുന്നത്.

ഇന്നാണല്ലോ ലൗലിയെ ഞാനാദ്യം കാണുന്നത്.

ഇതിനുമുമ്പ് ഞാനവളെ കണ്ടില്ലല്ലോ. കണ്ടിരുന്നില്ലല്ലോ.

കാണാന്‍ കഴിഞ്ഞിരുന്നില്ലല്ലോ.

പ്രജ്ഞയുടെ പന്ഥാവുകളില്‍ സ്ഥലജല വിഭ്രാന്തിയുടെ വിവര്‍ണ്ണജാലികകള്‍ മുറുകകയാണോയെന്നുപോലും ഞാനപ്പോള്‍ സംശയിച്ചു.

എന്റെ ചിന്തകള്‍ അവള്‍ അറിയില്ലല്ലോ എന്നുഞാന്‍ ആശ്വസിക്കുകയും ചെയ്തു.

പുരുഷ പ്രകൃതിയില്‍ സ്ത്രീ സംസര്‍ഗ്ഗവേളയില്‍ പൊതുവേ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന കാപട്യത്തിന്റെ വ്യക്തിവല്ക്കരിക്കപ്പെട്ട ആലങ്കാരിക രൂപമാവുകയാണ് ഞെനെന്നും തിരിച്ചറിഞ്ഞു.

അതും അവലറിയുന്നില്ലല്ലോ എന്നുഞ്ഞാന്‍ സമാധാനിച്ചു.

നമ്മള്‍ നടത്തം തുടരുകയായിരുന്നു.

നിതാന്ത പരിണാമം തുടരുന്ന അദൃശ്യ നിര്‍വ്വഹണങ്ങളിലും ചലനം ഗോചരമാണ് എന്ന സത്യമാണ് എന്റെ നടത്തം.

കണ്ടോ ഇവിടെ ‘എന്റെ’ എന്ന് ഞാന്‍ പറഞ്ഞത്.

എന്നെ നയിക്കുന്ന ശക്തിയായി ഒപ്പമുള്ള അവളെ താല്‍ക്കാലികമായിട്ടെങ്കിലും ‘ഞങ്ങള്‍’ എന്ന കൂട്ടായ്മയില്‍ കൂട്ടിയിണക്കാന്‍ ഈഗോ മുന്നിട്ടു നിന്ന് മുന്‍വിധിയോടെ വിലയിരുത്തുന്ന എന്റെ പുരുഷ ചേതന ഒരുക്കമല്ല.

അതും ഞാന്‍ തന്മയത്വത്തോടെ താമസ്‌കരിക്കും.

“ ബസന്ത് .. നീയെന്താ ചിന്തിക്കുന്നത്? നമ്മള്‍ തീരത്ത് എത്തിയിരിക്കുന്നു. പതിനെട്ടു മിനിറ്റ് നാം നടന്നു. ഒന്നും മിണ്ടാതെ. നീയൊന്നും കാണാതെ.”

“ സോറി ലൗലി. ഞാനിടക്കിടെ ഇങ്ങനെയാണ്. എന്റെ മാത്രം ശരിയാണത്.”

“ എന്റെയും കൂടി. ആകയാലാണ് ഞാനൊപ്പമുള്ളത്. വരൂ ബാലിയിടൂ.”

“ ഒരക്ഷരം ഉരിയാടാതെ എനിക്ക് ബാലിയിടണം. പറ്റില്ലേ അത് ?”

“ പറ്റും. ഞാനും ബലിയിടുന്നു. മൌനമായി.”

ഞാനവളെ നോക്കി.

ആര്‍ക്കാണ് അവള്‍ ബലിയിടുന്നത് എന്ന് ചോദിക്കേണ്ടതില്ല.

അവളുടെ കണ്ണുകള്‍ മറുപടി പറഞ്ഞു.

അവ സജലങ്ങള്‍ എന്ന് പറയാന്‍ പറ്റുമായിരുന്നില്ല. ആര്‍ദ്രത അവയില്‍ അധികരിച്ചു കണ്ടു.

കടല്‍ കോപം കൊണ്ടപോലെ ശകാരിച്ചു.

നമ്മള്‍ ബലിയിട്ടു പോന്നു.

പരിമിതമായ സൌകര്യങ്ങളില്‍ നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി.

ലൗലി നനഞ്ഞ ചുരീദാര്‍ മാറ്റി അതുപോലെയുള്ള വേറൊന്നു ധരിച്ചു.

നിറം കുറേക്കൂടി കടുത്തതായിരുന്നു.

“ നീയെന്താ എന്നെയിങ്ങനെ നോക്കുന്നത്? ഭാരതത്തില്‍ സുരക്ഷിതയായി സഞ്ചരിക്കാന്‍ ഞാന്‍ കണ്ട കുറുക്കുവഴികളില്‍ ഒന്നാണ് ഈ വേഷം. എന്റെ കഴുത്തിലെ രക്ത ചന്ദന മാലയും അതുപോലെ ഒന്നാണ്. സ്വന്തം സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് വ്യക്തിയുടെ പ്രാഥമിക ഉത്തരവാടിത്വമാണ്.”

പ്രസ്താവനാ രൂപത്തില്‍ അവള്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പേജുകളോളം നീളമുള്ള ഒരു സാമൂഹിക വിമര്‍ശന ലേഖനത്തിന്റെ ഉള്‍ക്കട്ടിയുണ്ടായിരുന്നു.

ഔപചാരികമായി ഇന്ത്യന്‍ പൌരത്വം നഷ്ടമായി എങ്കിലും ഭാരതീയനാണ് എന്നഭിമാനിക്കുന്ന എനിക്ക് ജാള്യത തോന്നി.

നമ്മള്‍ പാടി പികഴ്ത്തുന്ന സാംസ്‌കാരിക പിന്നാമ്പുറങ്ങള്‍ എത്രമാത്രം ഋജുവാണെന്നുകൂടി ചിന്തിക്കണം എന്നല്ലേ അവള്‍ പറയുന്നത്?

“ ഇനിയെന്താ പരിപാടി? നടക്കാം എന്നുനമ്മള്‍ വാഗ്ദത്തം ചെയ്തിരുന്നു.”

“ നടക്കാം. നീ പറയൂ ലൗലി. എങ്ങോട്ട്?”

“ കാപ്പില്‍ കടല്‍പ്പുറം വരെ നടക്കാം. കായലും കടലും കാണാം. കപ്പലണ്ടി തിന്നാം. എന്താ ?”

“ സമ്മതിച്ചു. എന്നാല്‍ വാ… നടക്കാം”

നമ്മള്‍ നടന്നു തുടങ്ങി.

വഴിയില്‍ ഒരു പെട്ടിക്കടയില്‍ നിന്ന് രണ്ടുകുപ്പി വെള്ളം കൂടി വാങ്ങി.

നമ്മുടെ നടത്തക്ക് മനസ്സിന്റെ വേഗതയുണ്ടായിരുന്നു.

നേരെയുള്ള പാതയിലൂടെയല്ല നമ്മള്‍ നടന്നത് .

മിസൗറിയിലെ ഹാനിബാളിനടുത്ത് റിവര്‍വ്യൂപാര്‍ക്കില്‍ മിസ്സിസ്സിപ്പി നദിയെ നോക്കി നില്‍ക്കുന്ന വലിയ പ്രതിമയുടെ അരികോളം ഞാന്‍ നടന്നു. മാര്‍ക്ക്ട്വൈന്‍ എന്നോട് സംസാരിച്ചു. ഭീമാകാരനായ അദ്ദേഹത്തിന്റെ കൈകള്‍ ആനുപാതികമാല്ലാത്ത വിധം ശോഷിച്ചുപോയത് എന്തെന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞില്ല. അന്നേരം കാലിഫോര്‍ണിയയില്‍ നിന്ന് പറന്നുവന്ന മണല്‍ക്കാറ്റ് എന്നെ കടന്നുപോയി. ആ കാറ്റിലും എനിക്ക് ലൗലിയെ മണത്തു. പിന്നെ ഞാന്‍ വീണ്ടും വര്‍ക്കല നിന്നും കാപ്പിലേക്കുള്ള പാതയില്‍ വന്നു ചേര്‍ന്നു. അപ്പോഴും ലൗലിയുടെ ഗന്ധം അരികിലുണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞു. ആസ്‌കതിയില്ലാത്ത ഉന്മാദമുണര്‍ത്തുന്ന ഗന്ധം. അവള്‍ എന്നോടൊപ്പം നടക്കുന്നു.

കുപ്പികളിലെ വെള്ളം പകുതിയോളം ഒഴിഞ്ഞിരുന്നു.

പകുതി ഒഴിഞ്ഞ കുപ്പികള്‍ പകുതി നിറഞ്ഞിരിക്കുന്നു.

കുപ്പി സൂചകം മാത്രമാണ്.

“ ബസന്ത് നമ്മള്‍ കാപ്പില്‍ എത്തുകയാണ്. എനിക്കീ കടലും കായലും പരിരംഭണം ചെയ്യുന്ന ഭൂമി എന്തിഷ്ടമാണെന്നോ ..”

“അതെയോ? എനിക്കും അങ്ങനെ തന്നെ. നമ്മുടെ ചിന്തകള്‍ക്ക് ചിലപ്പോള്‍ സാമ്യമുണ്ട്.”

“ ചിന്തകളില്‍ സമാനത പ്രണയത്തിന് അത്യന്താപേക്ഷിതമാണ്. ലിംഗഭേദം പോലും അതിനനിവാര്യമല്ല എന്നിരിക്കുമ്പോഴും, അല്ലെ ?”

“അതെ. ഞാനിപ്പോള്‍ കാരോള്‍ ആന്‍ ഡഫിയുടെ കവിതകള്‍ ഓര്‍മ്മിക്കുന്നു. വിശേഷിച്ചും വാലന്റൈന്‍ എന്ന കവിത.”

“ സുന്ദരം. ഞാന്‍ നിനക്കൊരു ചന്ദ്രനെ സമ്മാനിക്കട്ടെ? വെളുത്ത താളില്‍ പൊതിഞ്ഞ്? കടുത്ത ഈ വെയിലില്‍ നീയതു കാനുമോ ബസന്ത്?”

അന്നേരം ഞാനവളുടെ കവിളില്‍ ചുംബിച്ചു.

എന്നിട്ട് ഞാന്‍ പറഞ്ഞു.

“നമുക്കൊരു ചന്ദ്രനെയുള്ളൂ ….ഒരേ ഒരെണ്ണം. അതിനു നിറമില്ല.”

എന്റെ ശബ്ദം ഞാന്‍ കരുതിയതിലും ദുര്‍ബ്ബലമായിരുന്നു.

“ നമുക്ക് നിറങ്ങളെ ചൊല്ലി തര്‍ക്കിക്കേണ്ട. പ്രണയം ചുവന്നിട്ടാണ് എന്നു പറഞ്ഞുവച്ചവര്‍ക്ക് തെറ്റിപ്പോയി. പ്രണയം നീലനിറമാണ്. നോക്കൂ കടലിനു നീലനിറം. കായലിലും. അവരുടെ പരിരംഭണം പോലും നീലമാണ്. കടലാണോ കായലാണോ പെണ്ണ്. പറയാമോ ബസന്ത്?”

“കടലല്‍ സ്ത്രീയെന്നു എനിക്കുറപ്പാണ് ….”

“ ശരിതന്നെ. കായല്‍ സ്ത്രീയാണ് എന്നെനിക്കും ഉറപ്പാണ്.”

“ ശരിതന്നെ. പ്രണയത്തിന് ലിംഗഭേദമില്ല”

“ബസന്ത് എനിക്ക് വിശക്കുന്നു.”

അന്നേരം കപ്പലണ്ടി വില്‍ക്കുന്ന ചെക്കന്‍ നമ്മുടെ അരികിലേക്ക് വന്നു.

അവനു കടലിന്റെ നിറമായിരുന്നു.

കൃഷ്ണന് ആ നിറമായിരുന്നു.

കൃഷ്ണന്‍ ദളിതാനാണ് എന്ന് മംഗള്‍വ്യാസ് പറഞ്ഞത് ഞാനോര്‍മ്മിച്ചു.

ആ നിമിഷം ഞാന്‍ വത്സലയെ വീണ്ടും ഓര്‍മ്മിച്ചു.

സൂര്യന്‍ ഇറക്കം തുടങ്ങിക്കഴിഞ്ഞു. ഉടനെ സന്ധ്യ വന്നെത്തും.

അപ്പോള്‍ ലൗലി പറഞ്ഞു.

“ നമുക്കിവിടെയിരുന്നു സന്ധ്യയെത്തുന്നത് കണ്ടുമടങ്ങാം….ഇരുള്‍ കടുക്കുമ്പോള്‍ നമുക്ക് നിന്റെ വീട്ടിലേക്കു പോകാം….എന്താ…?”

“ സമ്മതിച്ചു. നമുക്കീ കരിങ്കല്ലില്‍ ഇരിക്കാം. ശിലാ രൂപികളായ സംസ്‌കാര പ്രതീകങ്ങളെക്കുറിച്ച് തര്‍ക്കിക്കാം. സന്ധ്യവരുമ്പോള്‍ നിശ്ശബ്ദരാകാം.”

അവള്‍ ചിരിച്ചു.

കടല്‍ക്കാറ്റ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഞങ്ങള്‍ സന്ധ്യയെ കാത്തിരുന്നു.

ലൗലി വില്‍ഫ്രഡ് അദ്ധ്യായം ഒന്ന്

ലൗലി വില്‍ഫ്രഡ് അദ്ധ്യായം രണ്ടു

ലൗലി വില്‍ഫ്രഡ് അദ്ധ്യായം മൂന്ന്

ലൗലി വില്‍ഫ്രഡ് അദ്ധ്യായം നാല്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more