ഇംഗ്ലണ്ടിലെ സെൻസസ് വംശീയ തിരിച്ചറിയൽ വിഭാഗങ്ങളിൽ മാറ്റം വേണമെന്ന് വിവിധ പാർട്ടികളിലെ എംപിമാർ; ‘ബ്ലാക്ക് ഇംഗ്ലീഷ്’, ‘ഏഷ്യൻ ഇംഗ്ലീഷ്’ ഓപ്ഷനുകൾ ഉൾപ്പെടുത്താൻ നീക്കം
ലണ്ടൻ: കറുത്തവർഗക്കാരായും ഏഷ്യൻ വംശജരായും ഉള്ളവർക്ക് തങ്ങളുടെ വംശീയതിരിച്ചറിയലിനൊപ്പം ‘ഇംഗ്ലീഷ്’ എന്നും രേഖപ്പെടുത്താൻ അവസരം നൽകണമെന്ന് ബ്രിട്ടനിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള മുതിർന്ന എംപിമാർ. ഇംഗ്ലണ്ടിലെ സെൻസസിൽ നിലവിലുള്ള വംശീയ തിരിച്ചറിയൽ വിഭാഗങ്ങൾ പരിഷ്കരിച്ച് ‘ബ്ലാക്ക് ഇംഗ്ലീഷ്’, ‘ഏഷ്യൻ ഇംഗ്ലീഷ്’ തുടങ്ങിയ ഓപ്ഷനുകൾ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ലിബറൽ ഡെമോക്രാറ്റ് പാർട്ടി പ്രസിഡന്റ് ജോഷ് ബാബറിഡിൻ മുന്നോട്ടുവയ്ക്കുന്ന ഈ നീക്കത്തിന് മുൻ ഉപപ്രധാനമന്ത്രി ഡേവിഡ് ലാമി, മുൻ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, കൺസർവേറ്റീവ് എംപി മാർക്ക് പ്രിച്ചാർഡ്, ലിബറൽ ഡെമോക്രാറ്റ് എംപി ലെയ്ല മൊറാൻ തുടങ്ങിയ പ്രമുഖർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ സെൻസസ് സംവിധാനത്തിൽ ഇംഗ്ലണ്ടിൽ ‘ഇംഗ്ലീഷ്’ എന്ന തിരിച്ചറിയൽ ‘വൈറ്റ്’ വിഭാഗത്തിന് കീഴിൽ മാത്രമാണ് ലഭ്യമാകുന്നത്. ഏഷ്യൻ, കറുത്തവർഗക്കാർ, മിശ്രവംശക്കാർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ‘ബ്രിട്ടീഷ്’ എന്ന് രേഖപ്പെടുത്താമെങ്കിലും ‘ഇംഗ്ലീഷ്’ എന്ന് പ്രത്യേകം രേഖപ്പെടുത്താനുള്ള സൗകര്യമില്ല. ഇതിലൂടെ രാജ്യത്ത് ജനിച്ചുവളർന്ന ന്യൂനപക്ഷ വംശീയ വിഭാഗങ്ങളിൽപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ ഇംഗ്ലീഷ് ദേശീയ തിരിച്ചറിയൽ സെൻസസിൽ കൃത്യമായി പ്രതിഫലിക്കുന്നില്ലെന്നാണ് എംപിമാരുടെ വാദം.
ഇംഗ്ലണ്ടിലും വെയിൽസിലുമായി ജനിച്ചവരിൽ ഏകദേശം 11 ശതമാനം പേർ ന്യൂനപക്ഷ വംശീയ പശ്ചാത്തലമുള്ളവരാണ്. ഏകദേശം 50 ലക്ഷം ആളുകൾ വരുന്ന ഈ വിഭാഗത്തിന് നിലവിലെ സെൻസസ് രീതിയിൽ തങ്ങളുടെ വംശീയ പശ്ചാത്തലവും ഇംഗ്ലീഷ് തിരിച്ചറിയലും ഒരേസമയം രേഖപ്പെടുത്താൻ കഴിയുന്നില്ല.
സ്കോട്ട്ലൻഡിലും വെയിൽസിലും ഇതിനകം തന്നെ ‘സ്കോട്ടിഷ് ഏഷ്യൻ’, ‘ബ്ലാക്ക് വെൽഷ്’ തുടങ്ങിയ തിരിച്ചറിയൽ ഓപ്ഷനുകൾ സെൻസസിലുണ്ട്. എന്നാൽ ഇംഗ്ലണ്ടിൽ സമാനമായ അവസരം ഇല്ലാത്തത് പരിഷ്കരിക്കണമെന്നാണ് എംപിമാരുടെ ആവശ്യം.
ഇംഗ്ലീഷ് ദേശീയത വെള്ളക്കാരിൽ മാത്രം പരിമിതപ്പെടുത്താൻ ശ്രമിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കെതിരായ നീക്കം കൂടിയാണിതെന്ന് ജോഷ് ബാബറിഡിൻ പറഞ്ഞു. ഇംഗ്ലീഷുകാരനാകാൻ വെള്ളക്കാരനായിരിക്കണമെന്നില്ലെന്ന അഭിപ്രായം ഭൂരിഭാഗം ജനങ്ങൾക്കുമുണ്ടെന്നും ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെ തന്നെ അതിന് ഉദാഹരണമായി കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലീഷ് ദേശീയതയെക്കുറിച്ചുള്ള നിർവചനം കാലത്തിനനുസരിച്ച് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിഫോം യുകെ എംപി സുവെല്ല ബ്രേവർമാൻ ഇംഗ്ലീഷ് വംശീയ തിരിച്ചറിയലിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളും ഈ നീക്കത്തിന് പ്രചോദനമായിട്ടുണ്ട്. ദക്ഷിണേഷ്യൻ പാരമ്പര്യമുള്ളതിനാൽ താൻ വംശീയമായി ഇംഗ്ലീഷുകാരിയല്ലെന്ന് ബ്രേവർമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷ് എന്നത് ഒരു വംശീയ തിരിച്ചറിയലാണെന്നും പൗരത്വവും ദേശീയതയും കൂടുതൽ ശക്തമായി നിർവചിക്കേണ്ടതുണ്ടെന്നുമായിരുന്നു അവരുടെ നിലപാട്.
എന്നാൽ ഈ അഭിപ്രായത്തിനെതിരെ സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും വിമർശനമുയർന്നു. റിഫോം യുകെ ചെയർമാൻ സിയ യൂസഫ് ബ്രേവർമാന്റെ നിലപാടിൽ നിന്ന് അകലം പാലിച്ചു. ഇംഗ്ലണ്ട് ഫുട്ബോൾ താരമായ ആഷ്ലി കോൾ മികച്ച ഇംഗ്ലീഷ് ഫുൾബാക്കുകളിൽ ഒരാളാണെന്നും അദ്ദേഹത്തെ ഇംഗ്ലീഷുകാരനല്ലെന്ന് പറയുന്ന വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ചൊവ്വാഴ്ച ജോഷ് ബാബറിഡിൻ അവതരിപ്പിക്കുന്ന പത്ത് മിനിറ്റ് നിയമനിർമാണ പ്രമേയത്തിന് (10-minute rule bill) വിവിധ പാർട്ടികളിലെ എംപിമാർ പിന്തുണ നൽകും. ഭാവിയിൽ ഇംഗ്ലണ്ടിൽ നടത്തുന്ന സെൻസസുകളിൽ എല്ലാ വംശീയ വിഭാഗങ്ങൾക്കും തങ്ങളെ ഇംഗ്ലീഷുകാരായി കൂടി രേഖപ്പെടുത്താനുള്ള അവസരം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. കൺസർവേറ്റീവ് എംപി ബെൻ ഒബീസ്-ജെക്ടി, ലേബർ എംപി ആദം ജോഗി, ലിബറൽ ഡെമോക്രാറ്റ് എംപി മുനീറ വിൽസൺ എന്നിവരും ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്.
പത്ത് മിനിറ്റ് നിയമനിർമാണ പ്രമേയങ്ങൾ സാധാരണയായി നിയമമായി മാറാറില്ലെങ്കിലും പ്രധാനപ്പെട്ട നയപരമായ വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള മാർഗമായാണ് ഇവ ഉപയോഗിക്കുന്നത്.
ഇംഗ്ലീഷ് ദേശീയതയെ വെള്ളക്കാരിൽ മാത്രം ഒതുക്കുന്ന സമീപനത്തിനെതിരെയും സമൂഹത്തിൽ വിഭജനം സൃഷ്ടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കെതിരെയും നിലകൊള്ളുന്നതാണ് ഈ ബില്ലെന്നും എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന പൊതുവായ ഇംഗ്ലീഷ് ദേശീയ തിരിച്ചറിയൽ വളർത്തുകയാണ് ലക്ഷ്യമെന്നും ജോഷ് ബാബറിഡിൻ വ്യക്തമാക്കി.
click on malayalam character to switch languages