1 GBP = 125.11
breaking news

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം, കെപിസിസി അധ്യക്ഷന്‍; യുഡിഎഫിലെ ആഭ്യന്തര ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം, കെപിസിസി അധ്യക്ഷന്‍; യുഡിഎഫിലെ ആഭ്യന്തര ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി


തിരുവനന്തപുരം: യുഡിഎഫിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനവും കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകളും വഴിമുട്ടി. ഏറ്റവും ഒടുവില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നത് ഒഴിച്ചാല്‍ പിന്നീട് ഒരു കൂടിയാലോചനയും യുഡിഎഫില്‍ നടന്നില്ല. വിവാദ വിഷയങ്ങളില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആകുമ്പോള്‍ പാര്‍ട്ടിക്ക് ഇടപെടാന്‍ കഴിയാത്തതും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രി എ പി അനില്‍കുമാര്‍ കെപിസിസി പ്രസിഡന്റ് ആകുമെന്ന പ്രചാരണം അടിസ്ഥാന രഹിതം എന്നാണ് നേതാക്കളുടെ വിശദീകരണം.

കെഎസ്ഇബി, മദ്യനയം. ഇത് അടക്കമുള്ള കാര്യങ്ങളില്‍ മുമ്പ് എങ്ങും ഇല്ലാത്ത വിധം സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കേണ്ട ഗതികേടിലാണ് യുഡിഎഫ്. സര്‍ക്കാറിന് സംരക്ഷണ കവചം തീര്‍ക്കാന്‍ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അധികാരത്തിലേറി ഹണിമൂണ്‍ പീരിയഡ് കഴിഞ്ഞ് അഞ്ചുമാസം ആയിട്ടും ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനമോ സ്ഥിരം കെപിസിസി അധ്യക്ഷന്‍ എന്ന ചര്‍ച്ചയോ എങ്ങും എത്തിയില്ല. വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ യോഗം ചേര്‍ന്നതൊഴിച്ചാല്‍ പാര്‍ട്ടിയും സംഘടനയുമായി ബന്ധപ്പെട്ട ഒരു യോഗങ്ങളും ചേര്‍ന്നില്ല.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് അറിയാത്ത സ്ഥിതിയും ഉണ്ട്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തിരികൊളുത്തിയ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എല്ലാം മാധ്യമങ്ങളിലൂടെ മാത്രം അറിയുകയാണെന്ന അടൂര്‍ പ്രകാശിന്റെയും മന്ത്രി സണ്ണി ജോസഫിന്റെയും പ്രതികരണം പാര്‍ട്ടിയുടെ ഏകോപനം ഇല്ലായ്മയുടെ തെളിവായി. നേരത്തെ ഉന്നയിച്ച കാര്യത്തിനപ്പുറത്തേക്ക് മറ്റ് കൂടുതല്‍ പ്രതികരണത്തിന് താല്പര്യമില്ലെന്നാണ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാട്.

ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം അനന്തമായി നീളുന്നതും ഘടകകക്ഷികളുടെ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്. യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് കത്ത് കൊടുത്തെങ്കിലും അതിലും തീരുമാനമായില്ല. മന്ത്രി എന്ന നിലയിലും കെപിസിസി അധ്യക്ഷനെന്ന നിലയിലും സണ്ണി ജോസഫിന്റെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഭിന്നതയുണ്ട്. പരസ്യ പ്രതികരണം പാടില്ലെന്ന മുന്നറിയിപ്പ് നേതൃത്വം നല്‍കിയിട്ടുണ്ടെങ്കിലും തീരുമാനം അനന്തമായി നീണ്ടു പോയാല്‍ വലിയ പൊട്ടിത്തെറികള്‍ ഒരുപക്ഷേ യുഡിഎഫിനുള്ളില്‍ ഉണ്ടായേക്കാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more