1 GBP = 125.11
breaking news

അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇന്നുണ്ടാകില്ല’; ഇറാൻ യുദ്ധച്ചെലവ് ഇസ്രായേൽ തിരികെ നൽകണമെന്ന് ട്രംപ്

അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഇസ്രയേൽ ഇന്നുണ്ടാകില്ല’; ഇറാൻ യുദ്ധച്ചെലവ് ഇസ്രായേൽ തിരികെ നൽകണമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ യുദ്ധകാലത്ത് അമേരിക്ക സംരക്ഷണം നൽകിയ ഇസ്രയേൽ ഉൾപ്പെടെയുള്ള സഖ്യ രാജ്യങ്ങൾ യുദ്ധച്ചെലവുകൾ പൂർണ്ണമായും തിരികെ നൽകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിനായി അമേരിക്ക ചെലവാക്കിയ വലിയ തുക ഈ രാജ്യങ്ങളിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധച്ചെലവുകളെച്ചൊല്ലി അമേരിക്കയ്ക്കുള്ളിൽ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് സഖ്യരാജ്യങ്ങൾ പണം നൽകണമെന്ന ട്രംപിന്റെ പുതിയ ആവശ്യം. ഞായറാഴ്ച സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്‘ പരിപാടിയിൽ മാധ്യമപ്രവർത്തകൻ റോസ് ഡൗത്താറ്റുമായുള്ള അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ തുറന്നടിച്ചത്.

‘യുദ്ധത്തിനായി ഞങ്ങൾക്കുണ്ടായ മുഴുവൻ ചെലവുകളും സംരക്ഷണം ലഭിച്ച രാജ്യങ്ങൾ തിരികെ നൽകും. ആ പണം മുഴുവൻ ഞങ്ങൾ തിരികെ വാങ്ങും’ എന്നായിരുന്നു ട്രംപ് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട സർക്കാരുകളെ അറിയിച്ചിട്ടുണ്ടെന്നും അവർ അത് പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സഹായമില്ലായിരുന്നെങ്കിൽ ഇസ്രയേൽ എന്നൊരു രാജ്യം ഇന്ന് നിലനിൽക്കില്ലായിരുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ ബി-2 ബോംബറുകൾ നടത്തിയ ആക്രമണമാണ് ഇസ്രയേലിനെ രക്ഷിച്ചതെന്നും, ഈ ആക്രമണങ്ങളിലൂടെ ഇറാന്റെ ആണവ ശേഷി പൂർണ്ണമായും തകർത്തുവെന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന അമേരിക്കൻ സേനയെ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് വലിയ ചെലവുള്ള കാര്യമല്ലെന്നും പണം തിരികെ ലഭിക്കുമെന്നുമായിരുന്നു ട്രംപിൻ്റെ മറുപടി. എന്നാൽ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട കരാറുകളോ മറ്റ് തെളിവുകളോ ട്രംപ് നിരത്തിയില്ല. ട്രംപിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാൻ യുദ്ധവും ഇന്ധനവില വർധനവും യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയെന്ന് അഭിമുഖത്തിൽ ട്രംപ് സമ്മതിച്ചു. പാർട്ടിയുടെ തോൽവിക്ക് കാരണം യുദ്ധമാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടെ ഇറാനുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങളും വാഷിംഗ്ടൺ നടത്തുന്നുണ്ട്. നയതന്ത്ര തലത്തിലുള്ള ചർച്ചകൾ വിജയകരമായാൽ കൂടുതൽ സൈനികാക്രമണങ്ങൾക്ക് സാധ്യതയില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഉപരോധം, ആണവ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അതേസമയം, സഖ്യരാജ്യങ്ങൾ പണം തിരികെ നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനം വെറുമൊരു അവകാശവാദം മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകളൊന്നുമില്ലെന്നുമാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more