1 GBP = 125.11
breaking news

ജോലി ചെയ്തിരുന്ന പോലീസ് സേനയിൽ നിന്ന് 85,000 പൗണ്ടിലധികം മോഷ്ടിച്ച വനിതാ ഡിറ്റക്ടീവിന് നാല് വർഷത്തിലധികം തടവ്

ജോലി ചെയ്തിരുന്ന പോലീസ് സേനയിൽ നിന്ന് 85,000 പൗണ്ടിലധികം മോഷ്ടിച്ച വനിതാ ഡിറ്റക്ടീവിന് നാല് വർഷത്തിലധികം തടവ്

ലണ്ടൻ: മയക്കുമരുന്ന് മാഫിയകൾക്കെതിരായ അന്വേഷണ സംഘത്തിൽ പ്രവർത്തിക്കുന്നതിനിടെ സ്വന്തം പോലീസ് സേനയിൽ നിന്ന് 85,000 പൗണ്ടിലധികം മോഷ്ടിച്ച മുൻ വനിതാ ഡിറ്റക്ടീവ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് നാല് വർഷവും രണ്ട് മാസവും തടവ്. ഡെർബിഷെയർ പോലീസിൽ ഡിറ്റക്ടീവായി ജോലി ചെയ്തിരുന്ന 54കാരിയായ മിഷേൽ കിർസ്റ്റി റീസണാണ് കുറ്റസമ്മതത്തെ തുടർന്ന് ജയിലിലായത്.

കുറ്റവാളികളിൽ നിന്ന് പിടിച്ചെടുത്ത് പോലീസ് സുരക്ഷിതമായി സൂക്ഷിച്ചിരുന്ന വൻതുകയിൽ നിന്നാണ് ഇവർ പണം മോഷ്ടിച്ചത്. പോലീസ് സ്റ്റേഷനിലെ തെളിവുകളും പിടിച്ചെടുക്കുന്ന വസ്തുക്കളും കൈകാര്യം ചെയ്യുന്നതിനുള്ള ചുമതലയുള്ള ഉദ്യോഗസ്ഥയായിരുന്നു മിഷേൽ. ലക്ഷക്കണക്കിന് പൗണ്ട് സൂക്ഷിച്ചിരുന്ന സുരക്ഷിത അറയിൽ പ്രവേശനം ലഭിച്ചിരുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളുമായിരുന്നു ഇവർ.

2022 ജനുവരിയിലാണ് മോഷണം ആരംഭിച്ചത്. ഏകദേശം 3.5 ലക്ഷം പൗണ്ടിന്റെ വൻ പണശേഖരം കൈകാര്യം ചെയ്തതിന് പിന്നാലെ ആദ്യഘട്ടത്തിൽ 15,000 പൗണ്ട് മോഷ്ടിച്ചു. ആരും മോഷണം ശ്രദ്ധിച്ചില്ലെന്ന് മനസ്സിലാക്കിയതോടെ പിന്നീട് സ്ഥിരമായി പണം എടുത്തുകൊണ്ടിരുന്നു. 2025 ഡിസംബറിൽ പോലീസ് സേനയിലെ ജോലി അവസാനിപ്പിക്കുന്നതുവരെ മോഷണം തുടർന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കാർ വാങ്ങുന്നതിനും അവധിക്കാല യാത്രയ്ക്കും വിവിധ പരിപാടികളുടെ ടിക്കറ്റുകൾ വാങ്ങുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിച്ചത്.

ഒരു കോടതിക്കേസുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റോറുകളിൽ സൂക്ഷിച്ചിരുന്ന തെളിവുകളും പിടിച്ചെടുത്ത പണവും ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് പണത്തിന്റെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം കാണാതായതായി വ്യക്തമായി. പിടിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ മിഷേൽ സെന്റ് മേരീസ് വാർഫ് പോലീസ് സ്റ്റേഷനിലെത്തി പണം മോഷ്ടിച്ച കാര്യം സമ്മതിച്ചു.

മോഷ്ടിച്ച പണത്തെക്കുറിച്ച് വിശദമായ മൊഴി നൽകിയ ഇവർ, പണം പിടിച്ചെടുക്കുമ്പോൾ ഉപയോഗിച്ചിരുന്ന കാലിയായ തെളിവ് കവറുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറി.

കോടതിയിൽ നടന്ന വിചാരണയ്ക്കിടെ 87,174.05 പൗണ്ടും 1,620 യൂറോയും 114 പൗണ്ടിന് തുല്യമായ അൽബേനിയൻ ലെക് കറൻസിയും മോഷ്ടിച്ചതായി മിഷേൽ സമ്മതിച്ചു. മോഷണം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഇവർ ഏറ്റുപറഞ്ഞത്. തിങ്കളാഴ്ച മാൻസ്ഫീൽഡിലെ കോടതിയാണ് നാല് വർഷവും രണ്ട് മാസവും തടവുശിക്ഷ വിധിച്ചത്.

ഡെർബിഷെയർ പോലീസിന്റെ താൽക്കാലിക ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ മിഷേൽ ഷൂട്ടർ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. ഡിറ്റക്ടീവ് കോൺസ്റ്റബിൾ എന്ന നിലയിൽ വലിയ വിശ്വാസ്യതയും ഉത്തരവാദിത്വവുമുള്ള സ്ഥാനത്താണ് മിഷേൽ പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ പോലീസ് സേനയും പൊതുജനങ്ങളും അർപ്പിച്ച വിശ്വാസം അവർ തകർത്തുവെന്നും അവർ പറഞ്ഞു.

ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം അപമാനകരമാണെന്നും പോലീസിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന ഇത്തരം വ്യക്തികളെ സേനയിൽ നിന്ന് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മിഷേൽ ഷൂട്ടർ വ്യക്തമാക്കി.

മോഷ്ടിച്ച പണവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് പ്രൊസീഡ്സ് ഓഫ് ക്രൈം ആക്ട് പ്രകാരമുള്ള തുടർനടപടികൾക്കായി അടുത്ത ഏപ്രിൽ 9-ന് വീണ്ടും കോടതി ചേരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more