1 GBP = 125.04
breaking news

ടെസ്‌ല സൈബർട്രക്കിന് വിട; 2027 മധ്യത്തോടെ ഉൽപ്പാദനം അവസാനിപ്പിക്കാൻ ഇലോൺ മസ്‌ക്

ടെസ്‌ല സൈബർട്രക്കിന് വിട; 2027 മധ്യത്തോടെ ഉൽപ്പാദനം അവസാനിപ്പിക്കാൻ ഇലോൺ മസ്‌ക്

വാഷിങ്ടൺ: ആഗോള വാഹനവിപണിയിൽ ഏറെ ശ്രദ്ധ നേടിയ ടെസ്‌ലയുടെ പ്രീമിയം ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കായ സൈബർട്രക്കിന്റെ ഉൽപ്പാദനം അവസാനിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു. 2027 മധ്യത്തോടെ വാഹനത്തിന്റെ നിർമ്മാണം പൂർണമായും നിർത്തുമെന്നാണ് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിച്ചത്.

വിപണിയിലെത്തി വെറും മൂന്ന് വർഷത്തിനുള്ളിലാണ് സൈബർട്രക്കിന്റെ ഉൽപ്പാദനം അവസാനിപ്പിക്കാനുള്ള തീരുമാനം. ടെസ്‌ലയുടെ ജനപ്രിയ മോഡലുകളായ മോഡൽ എസ്, മോഡൽ എക്സ് എന്നിവയുടെ നിർമ്മാണം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സൈബർട്രക്കിനും കമ്പനി വിടപറയുന്നത്.

2019ലാണ് സൈബർട്രക്കിന്റെ ആശയം ടെസ്‌ല ആദ്യമായി അവതരിപ്പിച്ചത്. 2021ൽ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉൽപ്പാദന തടസ്സങ്ങൾ കാരണം പദ്ധതി വൈകി. ഒടുവിൽ 2023ലാണ് ടെക്‌സസിലെ ടെസ്‌ല ഗിഗാഫാക്ടറിയിൽ നിന്ന് ആദ്യ വാഹനങ്ങൾ പുറത്തിറങ്ങിയത്.

ഫോർഡ് എഫ്-150 ലൈറ്റ്‌നിങ്ങിന്റെ പ്രധാന എതിരാളിയായാണ് സൈബർട്രക്കിനെ കമ്പനി അവതരിപ്പിച്ചത്. വ്യത്യസ്തമായ കോണുകളോടുകൂടിയ രൂപകൽപ്പനയും സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയും വാഹനത്തിന് തുടക്കത്തിൽ വലിയ ജനശ്രദ്ധ നേടിക്കൊടുത്തു. അമേരിക്ക, മെക്സിക്കോ, കാനഡ, യു.എ.ഇ, ഖത്തർ, ദക്ഷിണ കൊറിയ, സൗദി അറേബ്യ തുടങ്ങിയ വിപണികളിലും വാഹനം വിൽപ്പനയ്ക്കെത്തി.

എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് വിൽപ്പനയിൽ നിലനിർത്താനായില്ല. പ്രതിവർഷം 2.5 ലക്ഷം സൈബർട്രക്കുകൾ വിൽക്കുമെന്നായിരുന്നു ഇലോൺ മസ്‌കിന്റെ പ്രതീക്ഷ. എന്നാൽ ഇതുവരെ ആകെ വിറ്റഴിക്കാനായത് ഏകദേശം 63,000 വാഹനങ്ങൾ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. 2019ൽ പ്രഖ്യാപിച്ച വിലയേക്കാൾ വളരെ ഉയർന്ന വിലയിൽ വാഹനം വിപണിയിലെത്തിയതും വിൽപ്പനയെ ബാധിച്ചു. യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും വാഹനത്തിന് വലിയ വിപണി വികസിപ്പിക്കുന്നതിന് തടസ്സമായി. ഇലോൺ മസ്‌കുമായി ബന്ധപ്പെട്ട വിവാദങ്ങളും വാഹനത്തിന്റെ ജനപ്രീതിയെ ബാധിച്ച ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

സൈബർട്രക്കിന് പകരം സൈബർക്യാബ്

സൈബർട്രക്കിന്റെ ഉൽപ്പാദനം അവസാനിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ഫാക്ടറി ശേഷി പുതിയ ഡ്രൈവറില്ലാ ടാക്സിയായ ‘സൈബർക്യാബ്’ നിർമ്മാണത്തിനായി ഉപയോഗിക്കാനാണ് ടെസ്‌ലയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.

പൂർണമായും സ്വയംനിയന്ത്രിത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ടാക്സിയായാണ് സൈബർക്യാബിനെ കമ്പനി വിഭാവനം ചെയ്യുന്നത്. സ്റ്റിയറിങ് വീൽ, ആക്‌സിലറേറ്റർ, ബ്രേക്ക് പെഡലുകൾ, പുറത്തെ റിയർവ്യൂ മിററുകൾ, പിൻവശത്തെ വിൻഡ്‌സ്‌ക്രീൻ എന്നിവയില്ലാത്ത വ്യത്യസ്തമായ രൂപകൽപ്പനയും ബട്ടർഫ്ലൈ ഡോറുകളുമാണ് വാഹനത്തിന്റെ പ്രത്യേകതകൾ.

സൈബർട്രക്കിന്റെ ഉൽപ്പാദനം അവസാനിക്കുന്നതോടെ മോഡൽ 3, മോഡൽ വൈ എന്നീ രണ്ട് മോഡലുകൾ മാത്രമായിരിക്കും ടെസ്‌ലയുടെ ആഗോള പാസഞ്ചർ വാഹന നിരയിൽ അവശേഷിക്കുകയെന്നാണ് റിപ്പോർട്ട്. അതേസമയം, പുതിയ തലമുറ റോഡ്‌സ്റ്ററിന്റെ ഡെലിവറി 2028ഓടെ ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ചെറിയ ഇലക്ട്രിക് കാർ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ടെസ്‌ല തുടരുന്നുണ്ട്. എന്നാൽ പുതിയ മോഡലിന്റെ വിപണി പ്രവേശന തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സൈബർട്രക്കിലൂടെ ഇലക്ട്രിക് പിക്ക്അപ്പ് വിപണിയിൽ വലിയ മാറ്റം സൃഷ്ടിക്കാമെന്ന ടെസ്‌ലയുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായതോടെ, വാഹനനിർമ്മാണത്തിൽ നിന്ന് സ്വയംനിയന്ത്രിത ടാക്സി സാങ്കേതികവിദ്യയിലേക്കും റോബോട്ടിക്സിലേക്കും കൂടുതൽ ശ്രദ്ധ തിരിക്കുകയാണ് കമ്പനി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more