ലണ്ടൻ: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തുന്ന നിരോധനത്തിന്റെ പരിധിയിൽ വിന്റഡ് (Vinted), ഇബേ (eBay) തുടങ്ങിയ ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകളെയും ഉൾപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം വെബ്‌സൈറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി ലിസ നാൻഡി വ്യക്തമാക്കി.
ഇൻസ്റ്റഗ്രാം, ടിക് ടോക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പുറമെ, അടുത്ത വർഷം മാർച്ചിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന നിരോധനം ഓൺലൈൻ വ്യാപാര പ്ലാറ്റ്‌ഫോമുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ഇത്തരം സൈറ്റുകളിലെ മെസേജിങ് സംവിധാനങ്ങൾ വഴി അപരിചിതർ കുട്ടികളെ ചൂഷണം ചെയ്യാനുള്ള സാധ്യതയാണ് പ്രധാന ആശങ്ക.
Please Read: യുക്മ ദേശീയ കലാമേളയിൽ പകരംവയ്ക്കാനില്ലാത്ത താരരാജാക്കളായി മിഡ്‌ലാൻഡ്‌സ് വീണ്ടും; കിരീടം നിലനിർത്തി ചാമ്പ്യന്മാർ! യോർക്ക്‌ഷെയർ ആൻഡ് ഹംബർ രണ്ടാം സ്ഥാനത്ത്, നോർത്ത് വെസ്റ്റ് മൂന്നാമത്
ഡെപ്പോപ് (Depop), ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് എന്നിവയും നിയന്ത്രണത്തിന്റെ പരിധിയിൽ വന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം, സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാനും നിർദിഷ്ട നിയമങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും തയ്യാറാണെന്ന് ഇബേയും വിന്റഡും പ്രതികരിച്ചു.
നിലവിൽ വിന്റഡിന് ബ്രിട്ടനിൽ ഏകദേശം 1.7 കോടി ഉപയോക്താക്കളുണ്ട്. സോഷ്യൽ മീഡിയ നിരോധനത്തിന്റെ ഭാഗമായി യൂട്യൂബും നിയന്ത്രിക്കപ്പെടുമെങ്കിലും കുട്ടികൾക്കായുള്ള യൂട്യൂബ് കിഡ്‌സ് ഇതിൽ ഉൾപ്പെടില്ല.
അതേസമയം, നിയന്ത്രണങ്ങൾ സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നത് കുടുംബങ്ങൾ ആശയവിനിമയത്തിനായി ആശ്രയിക്കുന്ന സേവനങ്ങളെയും ബാധിക്കുമെന്ന് സാങ്കേതികവിദ്യാ മേഖലയിലെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ഫലപ്രദമായ പ്രായപരിശോധനയ്ക്കൊപ്പം എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ നിർബന്ധമാക്കണമെന്നും എൻഎസ്പിസിസി ആവശ്യപ്പെട്ടു.
click on malayalam character to switch languages