1 GBP = 125.13
breaking news

മൂന്ന് വർഷത്തിനിടെ ആദ്യമായി പലിശനിരക്ക് ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; നിരക്ക് 4 ശതമാനമായി, വീണ്ടും വർധനയ്ക്ക് സാധ്യത

മൂന്ന് വർഷത്തിനിടെ ആദ്യമായി പലിശനിരക്ക് ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; നിരക്ക് 4 ശതമാനമായി, വീണ്ടും വർധനയ്ക്ക് സാധ്യത

ലണ്ടൻ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണവില ഉയരുകയും ബ്രിട്ടനിൽ പണപ്പെരുപ്പ ഭീഷണി ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ പലിശനിരക്ക് ഉയർത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുന്നത്. നിലവിലുണ്ടായിരുന്ന 3.75 ശതമാനത്തിൽ നിന്ന് 4 ശതമാനമായാണ് നിരക്ക് ഉയർത്തിയത്.

ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) അംഗങ്ങളിൽ എട്ടുപേർ പലിശനിരക്ക് വർധിപ്പിക്കുന്നതിനെ അനുകൂലിച്ചപ്പോൾ ഒരംഗമായ കാതറിൻ മാൻ അര ശതമാനത്തിന്റെ വർധന വേണ്ടന്ന നിലപാടാണ് സ്വീകരിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൂടുതൽ ശക്തമായ നടപടി ആവശ്യമാണെന്നായിരുന്നു അവരുടെ അഭിപ്രായം.

Please Read: യുക്മ ദേശീയ കലാമേളയുടെ കരുത്തായി സ്പോൺസർമാർ; ലൈഫ്‌ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസർ, കാർഗോഫോഴ്സ് കോ-സ്പോൺസർ; പതിനായിരം പൗണ്ടും സ്വർണനാണയങ്ങളും സമ്മാനമായി യുക്മ ഫോർച്യൂൺ ടിക്കറ്റ് നറുക്കെടുപ്പ് നവംബർ 7ന്….

മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കഴിഞ്ഞ മാസങ്ങളിൽ ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണ്. ഇറാൻ യുദ്ധവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കത്തിലെ പ്രതിസന്ധിയും ഊർജവില വർധനയ്ക്ക് കാരണമായി.

ഇതിന്റെ പ്രത്യാഘാതമായി അടുത്ത വർഷം മധ്യത്തോടെ ബ്രിട്ടനിലെ പണപ്പെരുപ്പം 4.9 ശതമാനത്തിലെത്തുമെന്നാണ് ബാങ്കിന്റെ പുതിയ പ്രവചനം. ജൂലൈയിലെ സാമ്പത്തിക പ്രവചനത്തിൽ ഇത് 3.2 ശതമാനമായിരുന്നു. സെപ്റ്റംബറിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.5 ശതമാനമായിരുന്നു.

പലിശനിരക്ക് വർധിപ്പിച്ചതോടെ മോർട്ട്ഗേജ് വായ്പയെടുത്തവർക്കും ഭവനവായ്പ തിരിച്ചടയ്ക്കുന്ന കുടുംബങ്ങൾക്കും സാമ്പത്തിക ബാധ്യത കൂടും. ജീവിതച്ചെലവ് വർധിക്കുന്നതിനിടെ കുടുംബങ്ങൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ആശ്വാസം നൽകുമെന്ന് ചാൻസലർ ജോൺ ഹീലിയുടെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് ബാങ്കിന്റെ നടപടി.

അതേസമയം, ഇറാൻ സംഘർഷം അവസാനിക്കാത്ത പക്ഷം വീണ്ടും പലിശനിരക്ക് ഉയർത്തേണ്ടിവരുമെന്ന സൂചനയും ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി നൽകി. പണപ്പെരുപ്പ സമ്മർദം കുറയുന്ന തരത്തിലുള്ള മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ പലിശ വർധിപ്പിക്കുന്നതിനെ അനുകൂലിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ തുടർച്ചയായി വലിയ തോതിലുള്ള പലിശവർധനകൾ ഉണ്ടാകുമെന്ന് ഇപ്പോൾ കരുതേണ്ടതില്ലെന്നും ബെയ്‌ലി പറഞ്ഞു. നിലവിലെ വർധന അനിവാര്യമായും തുടർച്ചയായ പലിശവർധനകളുടെ തുടക്കമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിന്റെ അടുത്ത പലിശനിരക്ക് പ്രഖ്യാപനം ഡിസംബർ 17-നാണ്.

അതേസമയം, ബ്രിട്ടനിലെ ഊർജച്ചെലവിൽ വീണ്ടും വർധനയുണ്ടാകുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. ശരാശരി ബ്രിട്ടീഷ് കുടുംബത്തിന്റെ വാർഷിക ഊർജബിൽ നിലവിലെ 1,723 പൗണ്ടിൽ നിന്ന് ജനുവരിയിൽ 2,150 പൗണ്ടായി ഉയരാനിടയുണ്ട്. ഏപ്രിലിലും വീണ്ടും വർധനയുണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്. ഭക്ഷ്യവിലപ്പെരുപ്പം 2027 മധ്യത്തോടെ 4.75 ശതമാനത്തിലെത്താനും സാധ്യതയുണ്ട്.

ഉയർന്ന എണ്ണ-വാതക വിലയുടെ അധികഭാരം ഇതുവരെ പല കമ്പനികളും സ്വയം വഹിക്കുകയോ മുൻകൂട്ടിയുള്ള ഊർജവില കരാറുകളിലൂടെ നിയന്ത്രിക്കുകയോ ചെയ്തിരുന്നു. എന്നാൽ അധികം വൈകാതെ ഈ ചെലവുകൾ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധനയിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടിവരുമെന്നാണ് ബാങ്കിന്റെ വിലയിരുത്തൽ. ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾ ഉയർന്ന ശമ്പളവർധന ആവശ്യപ്പെടുന്നതും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വെല്ലുവിളിയാകുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി.

പലിശനിരക്ക് വർധിപ്പിക്കണമെന്ന കാര്യത്തിൽ കമ്മിറ്റി അംഗങ്ങൾക്കിടയിൽ പൊതുവായ ധാരണയുണ്ടായിരുന്നെങ്കിലും തുടർന്നുള്ള നടപടികളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഇപ്പോഴത്തെ വർധന തൽക്കാലത്തേക്കുള്ള മുൻകരുതൽ നടപടിയായി കാണണമെന്നാണ് അലൻ ടെയ്‌ലറുടെ നിലപാട്. അതേസമയം, പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ബാങ്കിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ അര ശതമാനത്തിന്റെ വർധന വേണമെന്നായിരുന്നു കാതറിൻ മാന്റെ അഭിപ്രായം.

ഇതിനിടെ, ഊർജവില വർധനയുടെ ആഘാതം കുറയ്ക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച ചില നടപടികൾ സഹായിക്കുമെന്ന് ബാങ്ക് വിലയിരുത്തി. ഇന്ധനനികുതി മരവിപ്പിച്ച നടപടി തുടരുന്നതും വൈദ്യുതി ബില്ലിലെ വാറ്റ് ഇളവ് നീട്ടിയതും ഉൾപ്പെടെയുള്ള തീരുമാനങ്ങൾ 2027 മധ്യത്തോടെ പണപ്പെരുപ്പത്തിൽ 0.25 ശതമാനം പോയിന്റിന്റെ കുറവുണ്ടാക്കുമെന്നാണ് കണക്ക്.

പലിശനിരക്ക് വർധനയോട് പ്രതികരിച്ച ചാൻസലർ ജോൺ ഹീലി, ഇറാൻ സംഘർഷം ബ്രിട്ടനിലെ കുടുംബങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് പറഞ്ഞു.

20 ദശലക്ഷം കുടുംബങ്ങൾക്ക് 100 പൗണ്ടിന്റെ ഊർജസഹായം നൽകുമെന്നും വൈദ്യുതി ബില്ലിലെ നികുതി ഇളവ് നീട്ടുമെന്നും ഇന്ധനനികുതി മരവിപ്പിക്കുമെന്നും ബജറ്റിലൂടെ ഉറപ്പുനൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബങ്ങൾക്കും ബിസിനസുകൾക്കും സാമ്പത്തിക സമ്മർദത്തിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more