ലണ്ടൻ: ലോകപ്രശസ്തമായ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിൽ (Palace of Westminster) നോട്രെ ഡാം കത്തീഡ്രലിലുണ്ടായ തീപിടിത്തത്തിന് സമാനമായ വൻ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കെട്ടിടത്തിന്റെ സമഗ്രമായ നവീകരണത്തിനും പുനരുദ്ധാരണത്തിനും ആവശ്യമായ തീരുമാനങ്ങൾ വൈകുന്നത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ബ്രിട്ടീഷ് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) വ്യക്തമാക്കി.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ബ്രിട്ടനിലെ ഗ്രേഡ് വൺ പൈതൃക കെട്ടിടങ്ങളുടെ പട്ടികയിലും ഉൾപ്പെട്ടിട്ടുള്ള വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന്റെ നവീകരണ പദ്ധതി വർഷങ്ങളായി തീരുമാനമാകാതെ നീളുകയാണ്. നവീകരണം എങ്ങനെ നടപ്പാക്കണം, എംപിമാരെയും ലോർഡ്സ് സഭയെയും താൽക്കാലികമായി എവിടേക്ക് മാറ്റണം, ചെലവ് എങ്ങനെ കണ്ടെത്തണം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങളാണ് പ്രധാന തടസ്സങ്ങൾ.
നിലവിൽ പാർലമെന്റ് സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ആഴ്ചയിൽ ഏകദേശം 15 ലക്ഷം പൗണ്ട് ചെലവാകുന്നുണ്ട്. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ തുക ആഴ്ചയിൽ 20 ലക്ഷം പൗണ്ടായി ഉയരുമെന്നാണ് വിലയിരുത്തൽ. സമഗ്ര നവീകരണത്തിനുള്ള ചെലവ് 4000 കോടി പൗണ്ട് വരെ എത്തിയേക്കാമെന്നും പദ്ധതി പൂർത്തിയാക്കാൻ ആറു പതിറ്റാണ്ട് വരെ വേണ്ടിവന്നേക്കാമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
നവീകരണ തീരുമാനങ്ങൾ വൈകുന്ന ഓരോ വർഷവും പദ്ധതിയുടെ ചെലവിലേക്ക് 42 കോടി പൗണ്ട് അധികമായി ചേർക്കപ്പെടുന്നുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി. തീരുമാനങ്ങൾ എടുക്കുന്നതിലുള്ള രാഷ്ട്രീയ വിമുഖതയാണ് പദ്ധതിയെ പിന്നോട്ടടിക്കുന്നതെന്ന് കമ്മിറ്റി ചെയർമാനും കൺസർവേറ്റീവ് എംപിയുമായ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ പറഞ്ഞു.
നോട്രെ ഡാം കത്തീഡ്രലിലുണ്ടായതുപോലെ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിന്റെ മേൽക്കൂരയിൽ തീ പടരുകയും ബ്രിട്ടന്റെ ചരിത്രപൈതൃകം നശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ലോകമാധ്യമങ്ങളിൽ പ്രചരിക്കുന്ന സാഹചര്യം സങ്കൽപ്പിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരം അപകടങ്ങൾ സാങ്കൽപ്പികമല്ലെന്നും യഥാർഥവും വർധിച്ചുവരുന്നതുമായ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്യാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിക്ടോറിയൻ കാലഘട്ടത്തിൽ നിർമിച്ച പാർലമെന്റ് സമുച്ചയം നിരവധി തകരാറുകൾ നേരിടുന്നുണ്ട്. പഴകിയ വൈദ്യുത സംവിധാനങ്ങൾ മൂലമുള്ള തീപിടിത്ത ഭീഷണി, ചോർന്നൊലിക്കുന്ന മേൽക്കൂരകൾ, പതിവായ പ്ലംബിങ് തകരാറുകൾ, തകർന്നുകൊണ്ടിരിക്കുന്ന കൽഭിത്തികൾ എന്നിവ ഇതിൽപ്പെടുന്നു. അപകടസാധ്യത കണക്കിലെടുത്ത് കെട്ടിടത്തിൽ 24 മണിക്കൂറും അഗ്നിരക്ഷാ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
നവീകരണവുമായി ബന്ധപ്പെട്ട ഭരണനിർവഹണ സംവിധാനം അതിസങ്കീർണമാണെന്നും ഇത് ലളിതമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്ത ആറു മാസത്തിനുള്ളിൽ കോമൺസ്, ലോർഡ്സ് സഭകളുടെ ക്ലർക്കുമാർ നവീകരണ പദ്ധതിയിൽ പാർലമെന്റ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള കൃത്യമായ രൂപരേഖ തയ്യാറാക്കണം. 2030-ൽ പ്രധാന നവീകരണ പദ്ധതിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാൻ സഹായിക്കുന്ന തരത്തിൽ കൂടുതൽ വിശ്വസനീയമായ ചെലവ് കണക്കുകളും സമയക്രമവും തയ്യാറാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
നവീകരണകാലത്ത് എംപിമാർക്കും ലോർഡ്സ് അംഗങ്ങൾക്കും ഉപയോഗിക്കാനുള്ള താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിലും അടിയന്തര നടപടികൾ വേണം. ഇതിനായി നേരത്തെ പരിഗണിച്ചിരുന്ന നാല് പദ്ധതികൾ രണ്ടായി ചുരുക്കിയിട്ടുണ്ട്.
രണ്ട് നവീകരണ പദ്ധതികൾ
ഒന്നാമത്തെ പദ്ധതി പ്രകാരം, ‘ഫുൾ ഡികാന്റ്’ എന്നറിയപ്പെടുന്ന സമ്പൂർണ ഒഴിപ്പിക്കൽ രീതിയാണ് നടപ്പാക്കുക. ഇതനുസരിച്ച് കോമൺസ് സഭയെ സമീപത്തെ റിച്ച്മണ്ട് ഹൗസിലേക്കും ലോർഡ്സ് സഭയെ QEII കോൺഫറൻസ് സെന്ററിലേക്കും മാറ്റും. പാർലമെന്റ് സമുച്ചയത്തിന്റെ വടക്കൻ ഭാഗത്തുള്ള കെട്ടിടങ്ങളും ജീവനക്കാർക്കായി ഉപയോഗിക്കും. ഈ പദ്ധതിക്ക് ഏകദേശം 1560 കോടി പൗണ്ട് ചെലവും 24 വർഷം വരെ സമയവും വേണ്ടിവരുമെന്നാണ് കണക്ക്.
രണ്ടാമത്തെ പദ്ധതിയായ ‘സ്റ്റേജ്ഡ് ഡികാന്റ്’ പ്രകാരം ഘട്ടംഘട്ടമായാണ് നവീകരണം നടത്തുക. ഇതിനിടെ കോമൺസ് സഭയെ പരമാവധി രണ്ടു വർഷത്തേക്ക് ലോർഡ്സ് സഭയുടെ ചേംബറിലേക്ക് മാറ്റേണ്ടിവരും. 38 മുതൽ 61 വർഷം വരെ നീളാവുന്ന ഈ പദ്ധതിക്ക് ഏകദേശം 3920 കോടി പൗണ്ട് ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള ചെലവും വലിയ ആശങ്കയാണ്. QEII കോൺഫറൻസ് സെന്റർ നവീകരിക്കാൻ 41.7 കോടി പൗണ്ടും പാർലമെന്റ് സമുച്ചയത്തിന്റെ വടക്കൻ ഭാഗം താൽക്കാലിക ഉപയോഗത്തിനായി സജ്ജമാക്കാൻ ഏകദേശം 200 കോടി പൗണ്ടും വേണ്ടിവരുമെന്ന കണക്കുകൾ വളരെ ഉയർന്നതാണെന്ന് കമ്മിറ്റി വിലയിരുത്തി. കാനഡയിൽ പാർലമെന്റ് സമുച്ചയത്തിന്റെ നവീകരണത്തിനിടെ വളരെ കുറഞ്ഞ ചെലവിൽ താൽക്കാലിക സഭാ ഹാൾ ഒരുക്കിയ കാര്യം റിപ്പോർട്ട് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പദ്ധതിയുടെ ആവശ്യങ്ങൾക്കനുസരിച്ച് താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുന്നതിന് പകരം, നിലവിൽ ലഭ്യമായ താൽക്കാലിക കെട്ടിടങ്ങളുടെ സൗകര്യങ്ങൾക്കനുസരിച്ചാണ് നവീകരണ പദ്ധതി രൂപപ്പെടുത്തുന്നതെന്നും കമ്മിറ്റി വിമർശിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഉത്തരവാദിത്തം ഉറപ്പാക്കാനും പുതിയ പുനരുദ്ധാരണ സെലക്ട് കമ്മിറ്റി രൂപീകരിക്കണമെന്നും നിർദേശമുണ്ട്.
റിപ്പോർട്ടിനെ സ്വാഗതം ചെയ്ത പാർലമെന്റ് വക്താവ്, ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം ക്രമേണ തകർച്ചയിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടാകുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകിയതായി വ്യക്തമാക്കി. പാർലമെന്റിൽ ജോലി ചെയ്യുന്നവരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
click on malayalam character to switch languages