1 GBP = 126.94
breaking news

ഇനി മണിക്കൂറുകൾ മാത്രം!! യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്‌ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും

ഇനി മണിക്കൂറുകൾ മാത്രം!! യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേള രജിസ്‌ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും

സുജു ജോസഫ്, പി ആർ ഓ, യുക്മ സൗത്ത് വെസ്റ്റ് റീജിയൺ

സാലിസ്ബറി: യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകൾ ഒരേ വേദിയിൽ മാറ്റുരയ്ക്കുന്ന കലാ മാമാങ്കമായ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കലാമേളയുടെ രജിസ്‌ട്രേഷൻ ഇന്ന് അർദ്ധരാത്രിയോടെ പൂർത്തിയാകും. ഒക്ടോബർ 17 ശനിയാഴ്ച സാലിസ്ബറിയിൽ അരങ്ങേറുന്ന കലാമേളയ്ക്ക് ഇത് വരെ 420 കലാപ്രതിഭകളാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. ഇന്ന് അർദ്ധരാത്രിയോടെ രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ അവസാനിക്കാനിരിക്കെ ഇത്തവണ മത്സരാർത്ഥികളുടെ പ്രാതിനിധ്യം റെക്കോർഡ് കടക്കുമെന്നുറപ്പായി.

റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചുവരുന്നത്. ഇനിയും രജിസ്റ്റർ ചെയ്യാത്ത മത്സരാർത്ഥികൾ അവസാന നിമിഷം വരെ കാത്തിരിക്കാതെ തങ്ങളുടെ അംഗ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ നേതൃത്വം അഭ്യർത്ഥിച്ചു.

സാലിസ്ബറിയിലെ ഷാഫിൻ ഗൊഡോൾഫിൻ സീനിയർ സ്‌കൂളിൽ അഞ്ചു വേദികളിലായി രാവിലെ എട്ടു മണി മുതൽ വൈകുന്നേരം എട്ടു മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. റീജിയണിലെ 24 അംഗ അസ്സോസിയേഷനുകളുടെയും പങ്കാളിത്തത്തോടെയും സഹകരണത്തോടെയുമാണ് കലാമേളയ്ക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തി വരുന്നത്. സൗത്ത് വെസ്റ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളുടെ ആവേശകരമായ മത്സരങ്ങൾക്കാണ് ഒക്ടോബർ 17ന് സാലിസ്ബറി സാക്ഷ്യം വഹിക്കുക.

വിവിധ പ്രായവിഭാഗങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളിൽ സംഗീതം, നൃത്തം തുടങ്ങി നിരവധി കലാ ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കും. വേദികളിൽ വിജയത്തിനായുള്ള പോരാട്ടം നടക്കുമ്പോൾ, വേദിക്ക് പുറത്തും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും കലാസ്നേഹികളുടെയും ഒത്തുചേരൽ കലാമേളയ്ക്ക് ഉത്സവാന്തരീക്ഷം പകരും.
കലാമേളയുടെ നിയമാവലി, മത്സര ഇനങ്ങൾ, പ്രായവിഭാഗങ്ങൾ, രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങിയ വിശദവിവരങ്ങൾ അതത് യുക്മ അംഗ അസോസിയേഷനുകളിൽ നിന്ന് ലഭ്യമാണെന്ന് സെക്രട്ടറി ജോബി തോമസ് അറിയിച്ചു. യുക്മയുടെ അംഗ അസോസിയേഷനുകളിൽ അംഗത്വമുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം.

അഞ്ഞൂറിലേറെ മത്സരാർത്ഥികളെ പ്രതീക്ഷിക്കുന്ന കലാമേള വേദിയിൽ ഇക്കുറിയും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് പ്രസിഡന്റ് സുനിൽ ജോർജ്ജ് അറിയിച്ചു. വമ്പിച്ച ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന കലാമേളയിൽ സൗജന്യ കാർപാർക്കിംഗ് ഷാഫിൻ ഗൊഡോൾഫിൻ സീനിയർ സ്‌കൂളിലും തൊട്ടടുത്ത് തന്നെയുള്ള അനുബന്ധ സ്ഥാപനമായ ഷാഫിൻ ഗോഡോൾഫിൻ പ്രീപ്പറേറ്ററി സ്‌കൂളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ വേദിയിൽ നിന്ന് നൂറ് മീറ്റർ അകലെ മാത്രമുള്ള സിറ്റി കൗൺസിൽ പെയ്ഡ് കാർ പാർക്കിങ് സൗകര്യവും ലഭ്യമാണ്. കലാമേളയുടെ കാറ്ററിംഗ് പാർട്ട്നറായ മട്ടാഞ്ചേരി റെസ്റ്റോറന്റ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണശാലയും ഒരുക്കുന്നുണ്ട്. റീജിയണൽ കലാമേള ഇക്കുറിയും വൻ വിജയമാക്കുവാൻ എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ കമ്മിറ്റിയ്ക്ക് വേണ്ടി നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ എന്നിവർ അറിയിച്ചു.

ലൈഫ് ലൈൻ പ്രൊട്ടക്ട്, ഇൻഫിൻ ടൂർസ് ആൻഡ് ട്രാവൽസ്, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ജിയ ട്രാവെൽസ്, ക്യൂബക്സ് ലേർണിംഗ്, ആക്‌സിമിക്സ് ഡിജിറ്റൽ പ്രിന്റിങ്, മട്ടാഞ്ചേരി റെസ്റ്റോറന്റ്, മന്യ കളക്ഷൻസ്, ബെറ്റർ ഫ്രെയിംസ് എന്നിവരാണ് കലാമേളയുടെ സ്‌പോൺസർമാർ. ജെ എം പി സോഫ്റ്റ്വെയർ ടെക്നിക്കൽ പാർട്ട്ണറും യുക്മ ന്യൂസ് മീഡിയ പാർട്ണറുമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more