1 GBP = 126.94
breaking news

റഷ്യ-യുക്രെയ്ൻ ‘ഊർജ വെടിനിർത്തൽ’ പ്രഖ്യാപിച്ച് ട്രംപ്; കരാർ ലംഘിക്കരുതെന്ന് ഇരുപക്ഷത്തോടും നിർദേശം

റഷ്യ-യുക്രെയ്ൻ ‘ഊർജ വെടിനിർത്തൽ’ പ്രഖ്യാപിച്ച് ട്രംപ്; കരാർ ലംഘിക്കരുതെന്ന് ഇരുപക്ഷത്തോടും നിർദേശം

വാഷിങ്ടൺ: റഷ്യയും യുക്രെയ്‌നും തമ്മിൽ ‘ഊർജ വെടിനിർത്തൽ’ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധാരണ ലംഘിക്കരുതെന്ന് റഷ്യയോടും യുക്രെയ്‌നോടും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകളിൽ തനിക്ക് പങ്കില്ലായിരുന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ഇക്കാര്യം ധാരണയിലെത്തിയതാണെങ്കിൽ വെടിനിർത്തൽ എപ്പോൾ ആരംഭിക്കുമെന്ന് അറിയിക്കണമെന്ന് സെലൻസ്കി പറഞ്ഞു. വെടിനിർത്തൽ അംഗീകരിക്കാൻ യുക്രെയ്ൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം തനിക്ക് പുതിയ വാർത്തയാണെന്നും സെലൻസ്കി പ്രതികരിച്ചു.

യുക്രെയ്ൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സെലെൻസ്കിയെ മാറ്റണമെന്നും യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന പുതിയ നേതാവിനെ തെരഞ്ഞെടുക്കണമെന്നും ട്രംപ് ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കൾക്കുമിടയിലെ അഭിപ്രായവ്യത്യാസം രൂക്ഷമായത്.

റഷ്യയിൽനിന്ന് ദശലക്ഷക്കണക്കിന് ടൺ ഡീസൽ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം റഷ്യയുമായി കരാറിലെത്തിയതും നേരത്തെ വിവാദമായിരുന്നു. യു.എസിലെ ഇന്ധനവില കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാറെന്നാണ് ട്രംപിന്റെ നിലപാട്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില നിയന്ത്രിക്കാനും ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്.

അതേസമയം, റഷ്യ 60 ദിവസത്തേക്ക് വെടിനിർത്തലിന് തയ്യാറായാൽ യുക്രെയ്ൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് സെലെൻസ്കി പറഞ്ഞു. “ആരെ നേതാവായി തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് ഞങ്ങളുടെ സമൂഹവും ജനങ്ങളുമാണ്,” ഞായറാഴ്ച എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

യുദ്ധം അവസാനിപ്പിക്കാൻ യു.എസിന്റെ പിന്തുണ നിർണായകമാണെന്നും സെലെൻസ്കി പറഞ്ഞു. “പുടിനെ തടയുക എന്നതാണ് പ്രധാന ലക്ഷ്യം. ഈ യുദ്ധം അവസാനിപ്പിക്കുകയാണ് പ്രധാന കാര്യം. അതിനായി അമേരിക്കയുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയും യുക്രെയ്‌ന് ആവശ്യമാണെന്നും യു.എസും യൂറോപ്പും തമ്മിലുള്ള ഐക്യം നിലനിർത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യം എളുപ്പമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ട്രംപ് കഴിഞ്ഞ ഏതാനും ആഴ്ചകളായി യുക്രെയ്‌നോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആക്രമണങ്ങൾ ആഗോള എണ്ണവില ഉയരാൻ കാരണമാകുന്നുവെന്നാണ് ട്രംപിന്റെ വാദം. അതേസമയം, പശ്ചിമേഷ്യയിൽ ഇറാനെതിരെ യു.എസ് നടത്തുന്ന യുദ്ധം എണ്ണവിലയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more