ഗിൽഫോർഡ് മലയാളി കൾച്ചറൽ അസ്സോസിയേഷന്റെ ഓണാഘോഷം കേരളീയ പാരമ്പര്യത്തിന്റെയും കലാവൈഭവത്തിന്റെയും വർണ്ണവിസ്മയമായി.
Sep 28, 2026
ജിൻസി കോരത്
ലണ്ടൻ: യുകെയിലെ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്റെ (GMCA) ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ഈ വർഷത്തെ തിരുവോണാഘോഷം കേരളീയ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കലാവൈവിധ്യത്തിന്റെയും മനോഹരമായ ദൃശ്യാവിഷ്കാരമായി മാറി.
ഗിൽഫോർഡ് ജേക്കബ്സ് വെൽ ഹാളിൽ നടന്ന ഓണാഘോഷത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. മുൻവർഷങ്ങളിലെപ്പോലെ വ്യത്യസ്തതയാർന്ന കലാ-കായിക വിനോദ പരിപാടികളാൽ സമ്പന്നമായിരുന്നു ഇത്തവണത്തെ ഓണാഘോഷവും.
മനോഹരമായ പൂക്കളമൊരുക്കിയും ആരവങ്ങളോടെയും ആർപ്പുവിളികളോടെയും മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. ജിഎംസിഎ ഭാരവാഹികൾ ഭദ്രദീപം തെളിച്ച് ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ലോക കേരളസഭാംഗം സി. എ. ജോസഫ് തിരുവോണ സന്ദേശം നൽകി. പ്രവാസി മലയാളികളുടെ ഒരുമയുടെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും മഹത്തായ പ്രതിഫലനമാണ് യുകെയിലെ ഓണാഘോഷങ്ങളെന്ന് സി. എ. ജോസഫ് തന്റെ സന്ദേശത്തിൽ പറഞ്ഞു. ജിഎംസിഎയുടെ മനോഹരമായ ഈ ഓണാഘോഷം സ്നേഹവും സൗഹൃദവും പങ്കുവെച്ച് കേരളീയ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകർന്നുനൽകാൻ ഇടയാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജിഎംസിഎ പ്രസിഡന്റ് മോളി ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിക്സൺ ആന്റണി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് മോളി ക്ലീറ്റസിന്റെയും പ്രോഗ്രാം കോർഡിനേറ്റർ ഫാൻസി നിക്സന്റെയും കലാപ്രതിഭയായ റസിയ സന്തോഷിന്റെയും നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും ആകർഷകമായ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
കേരളീയ പാരമ്പര്യത്തിന്റെ ദൃശ്യാവിഷ്കാരമായി മാറിയ തീം ഡാൻസ്, തിരുവോണാഘോഷത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിനൊപ്പം കേരളത്തിന് മാത്രം സ്വന്തമായ സാംസ്കാരിക തനിമയും പാരമ്പര്യവും പുതുമയും സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചത്. കാണികൾക്ക് വേറിട്ടതും അനിർവചനീയവുമായ ദൃശ്യാനുഭവം സമ്മാനിച്ച അവതരണം ഏറെ ശ്രദ്ധേയമായി. കേരളീയ സംസ്കാരത്തിന്റെ വിവിധ മുഖങ്ങൾ കലാരൂപങ്ങളിലൂടെ വേദിയിൽ അവതരിപ്പിച്ചതും പരിപാടികളെ ഏറെ ശ്രദ്ധേയമാക്കി.
ഓണാഘോഷങ്ങളുടെ ഭാഗമായി ജിഎംസിഎയിലെ വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും വേറിട്ട മികവ് പുലർത്തി. നൃത്താവിഷ്കാരങ്ങളും കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച പുതുമയാർന്നതും വൈവിധ്യമാർന്നതുമായ കലാപരിപാടികളും കാണികളുടെ പ്രശംസ ഏറ്റുവാങ്ങി.
ബിനോദ് ജോസഫ്, സജി ജേക്കബ് , ബിനി സജി എന്നിവർ നേതൃത്വം നൽകിയ കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തങ്ങളായ വിനോദ-കായിക പരിപാടികളും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം സംഘടിപ്പിച്ച വടംവലി മത്സരവും ആഘോഷത്തിന് ആവേശം പകർന്നു. പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരത ഉണർത്തി.
സ്കൂൾ വിദ്യാർത്ഥിയായ ബേസിൽ എൽദോ മാവേലിയുടെ വേഷത്തിൽ ആകർഷകമായ പുഞ്ചിരിയോടെയും പ്രസരിപ്പാർന്ന നൃത്തച്ചുവടുകളോടെയും വേദിയിലെത്തിയത് ആഘോഷത്തിന് കൂടുതൽ മിഴിവേകി. മാവേലിയുടെ വേഷത്തിൽ നിറഞ്ഞുനിന്ന ബേസിലിന്റെ സാന്നിധ്യം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ സന്തോഷവും കൗതുകവും നിറച്ചു. തനതായ ഭാവപ്രകടനങ്ങളോടെയും ചടുലമായ നൃത്തച്ചുവടുകളോടെയും ബേസിൽ മാവേലിയുടെ വേഷം അവതരിപ്പിച്ചത് കാണികൾക്ക് ഏറെ ആസ്വാദ്യകരമായ അനുഭവമായി.
പരിപാടികളുടെ അവതാരകയായി എത്തിയ പ്രോഗ്രാം കോർഡിനേറ്റർ ഫാൻസി നിക്സൺ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. ആനി സാം നേതൃത്വം നൽകിയ സ്റ്റേജ് ഡെക്കറേഷനും എല്ലാവരുടെയും പ്രശംസ നേടി. പങ്കെടുത്ത മുഴുവൻ ആളുകൾക്കും പ്രസിഡന്റ് മോളി ക്ലീറ്റസ് നന്ദി പ്രകാശിപ്പിച്ചു. വിവിധ കായിക-വിനോദ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകിയത് സെക്രട്ടറി നിക്സൺ ആന്റണി, ട്രഷറർ സ്നോബിൻ മാത്യു, ജോയിന്റ് സെക്രട്ടറി ബിനോദ് ജോസഫ് എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിൻസി കോരത്, ഷിജു മത്തായി, മാർട്ടിൻ ജോസഫ്, അനുഷ തോമസ്, ക്ലീറ്റസ് സ്റ്റീഫൻ, സനു ബേബി, എൽദോസ് പുളിവേലിൽ എന്നിവരാണ്.
യുക്മ ദേശീയ കലാമേള നവംബർ 07 ന് ചെൽറ്റൻഹാമിൽ. നാഷണൽ കലാമേള ലോഗോ, നഗർ നാമകരണ മത്സരങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകാം……. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള ലോഗോകൾ പരിഗണിക്കുന്നതല്ല. /
യുക്മ–ഇസ–തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2; കിരീടമണിഞ്ഞ് അപർണ ശൈലേഷ്…… ഡോ. നസ്രീൻ എൻ രണ്ടാമത്…… അമിത ഷാജി മൂന്നാമത് രാജശ്രീ പ്രവീൺ നാലാം സ്ഥാനത്ത്…… സ്മിത സിറിയക്കിന് വിധികർത്താക്കളുടെ പ്രത്യേക പരാമർശം; കേരളീയ തനിമയും സൗന്ദര്യവും ആത്മവിശ്വാസവും നിറഞ്ഞ മാൻവേഴ്സിലെ വേദി /
click on malayalam character to switch languages