ലണ്ടൻ: രോഗികളുടെ മെഡിക്കൽ രേഖകൾ അനധികൃതമായി പരിശോധിച്ചതായി സംശയിക്കപ്പെടുന്ന എൻഎച്ച്എസ് ജീവനക്കാരെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും ആരോഗ്യസേവനത്തിന്റെ കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്കുള്ള അവരുടെ പ്രവേശനം തൽക്ഷണം തടയണമെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി നിർദേശിച്ചു.
രോഗികളുടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി പരിശോധിക്കുന്ന ജീവനക്കാരോട് ‘സീറോ ടോളറൻസ്’ സമീപനം സ്വീകരിക്കണമെന്ന് ഇംഗ്ലണ്ടിലെ 205 ഹെൽത്ത് ട്രസ്റ്റുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. ചികിത്സാപരമായ ന്യായമായ കാരണമില്ലാതെ രോഗികളുടെ മെഡിക്കൽ രേഖകളോ ചികിത്സാ ചരിത്രമോ പരിശോധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നിർദേശം.
“രോഗികൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാത്ത അതീവ സ്വകാര്യ വിവരങ്ങളാണ് അവരുടെ മെഡിക്കൽ രേഖകളിലുള്ളത്. ആ വിശ്വാസം ദുരുപയോഗം ചെയ്ത നിരവധി സംഭവങ്ങൾ നാം കണ്ടുകഴിഞ്ഞു. ഇനി ഇത് അനുവദിക്കാനാവില്ല,” മാക്കി പറഞ്ഞു.
അനധികൃതമായി രോഗികളുടെ രേഖകൾ പരിശോധിച്ചുവെന്ന് സംശയം ഉയർന്നാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ജീവനക്കാരെ ജോലിയിൽ തുടരാനും രോഗികളുടെ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനങ്ങൾ ഉപയോഗിക്കാനും അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
“ആരെങ്കിലും രോഗികളുടെ രേഖകളിൽ അനധികൃതമായി കണ്ണോടിച്ചതായി സംശയമുണ്ടെങ്കിൽ, അന്വേഷണം ദിവസങ്ങളോ ആഴ്ചകളോ നീളുന്ന സമയത്ത് അവരെ അതേ തസ്തികയിൽ തുടരാൻ അനുവദിക്കാനാവില്ല. ഇനി മുതൽ അത്തരം ജീവനക്കാരെ ഉടൻ സസ്പെൻഡ് ചെയ്യുകയും എൻഎച്ച്എസ് സംവിധാനങ്ങളിലേക്കുള്ള പ്രവേശനം തടയുകയും വേണമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനുശേഷം വസ്തുതകൾ അന്വേഷിച്ച് കണ്ടെത്താം,” മാക്കി പറഞ്ഞു.
കൗതുകത്തിന്റെ പേരിൽ രോഗിയുടെ രേഖ പരിശോധിക്കാമെന്ന് കരുതുന്നവർ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവൃത്തികൾ കണ്ടെത്തപ്പെടുമെന്നും ജോലി നഷ്ടപ്പെടാനും കരിയർ അവസാനിക്കാനും ക്രിമിനൽ റെക്കോർഡ് വരെ ഉണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2020 മുതൽ ഇംഗ്ലണ്ടിൽ രോഗികളുടെ രേഖകൾ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് 200-ലധികം എൻഎച്ച്എസ് ജീവനക്കാരെ പിരിച്ചുവിടുകയും ഏകദേശം 2,000 പേർക്ക് മറ്റ് അച്ചടക്ക നടപടികൾ നേരിടേണ്ടിവരികയും ചെയ്തതായി സ്കൈ ന്യൂസും ഹെൽത്ത് സർവീസ് ജേണലും നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
140 എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 214 ജീവനക്കാരെ പിരിച്ചുവിട്ടു. മൂന്ന് പേരെ സസ്പെൻഡ് ചെയ്യുകയും 540 പേർക്ക് അന്തിമ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഒരു ജീവനക്കാരൻ 179 പേരുടെ വരെ മെഡിക്കൽ രേഖകൾ പരിശോധിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. മറ്റൊരു സംഭവത്തിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട സാഹചര്യമുണ്ടായിരുന്നപ്പോൾ സ്വന്തം പങ്കാളിയുടെ മെഡിക്കൽ വിവരങ്ങൾ ജീവനക്കാരൻ പരിശോധിച്ചതായും കണ്ടെത്തി. രോഗികളുടെ രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2023-ലെ നോട്ടിങ്ഹാം ആക്രമണത്തിലെ ഇരകളുടെ മെഡിക്കൽ രേഖകളും 2024-ലെ സൗത്ത്പോർട്ട് കുത്തേറ്റ സംഭവത്തിലെ ഇരകളുടെ വിവരങ്ങളും എൻഎച്ച്എസ് ജീവനക്കാർ അനധികൃതമായി പരിശോധിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിഷയത്തിൽ ആശങ്ക ശക്തമായത്.
അതേസമയം, ഇത്തരം സംഭവങ്ങൾ അപൂർവമാണെന്നും ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും രോഗികളുടെ വിവരങ്ങളുടെ രഹസ്യസ്വഭാവം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ബ്രിട്ടന്റെ ഡാറ്റാ സംരക്ഷണ നിരീക്ഷണ സ്ഥാപനമായ ഇൻഫർമേഷൻ കമ്മീഷണേഴ്സ് ഓഫീസ് (ICO) ചീഫ് എക്സിക്യൂട്ടീവ് പോൾ ആർണോൾഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
2019 മുതൽ 2025 വരെ രോഗികളുടെ വിവരങ്ങളിലേക്കുള്ള അനുചിതമായ പ്രവേശനവുമായി ബന്ധപ്പെട്ട 1,445 കേസുകൾ ആരോഗ്യസേവന സ്ഥാപനങ്ങൾ ICOയ്ക്ക് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രി ഗില്ലിയൻ മെറോൺ ജൂലൈയിൽ വെളിപ്പെടുത്തിയിരുന്നു.
2016-ൽ 18-ാം വയസ്സിൽ മരിച്ച ഒലിവർ മക്ഗോവന്റെ മെഡിക്കൽ രേഖകൾ അനുമതിയില്ലാതെ ജീവനക്കാർ പരിശോധിച്ചതിന് ബ്രിസ്റ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ പോളയോടും ടോം മക്ഗോവനോടും മാപ്പുപറഞ്ഞിരുന്നു. മൂന്ന് നഴ്സുമാരും ഒരു ഡോക്ടറും ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ജീവനക്കാർ ഒലിവറിന്റെ രേഖകൾ അനധികൃതമായി പരിശോധിച്ചതായാണ് കണ്ടെത്തിയത്.
രോഗികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഉടനടി നടപടി സ്വീകരിക്കണമെന്ന പുതിയ നിർദേശം, എൻഎച്ച്എസിലെ രഹസ്യവിവര സംരക്ഷണം കൂടുതൽ കർശനമാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
click on malayalam character to switch languages