1 GBP = 126.42
breaking news

യു.എസ്, ദക്ഷിണ കൊറിയ സഖ്യത്തിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ

യു.എസ്, ദക്ഷിണ കൊറിയ സഖ്യത്തിന് മുന്നറിയിപ്പുമായി വീണ്ടും ഉത്തര കൊറിയ

സോൾ: കൊറിയൻ ഉപദ്വീപിൽ വീണ്ടും യുദ്ധഭീതിയും സൈനിക സംഘർഷവും ശക്തമാക്കി ഉത്തര കൊറിയ. കിഴക്കൻ തീരത്ത് നിന്ന് സമുദ്രത്തിലേക്ക് തിരിച്ചറിയാത്ത പ്രൊജക്ടൈൽ (മിസൈൽ) വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം ഞായറാഴ്ച അറിയിച്ചു. കിഴക്കൻ തീരത്തുനിന്നാണ് വിക്ഷേപണം നടന്നതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് സ്ഥിരീകരിച്ചെങ്കിലും, മിസൈലിന്റെ ദൂരപരിധിയോ മറ്റ് സാങ്കേതിക വിവരങ്ങളോ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ തുടക്കത്തിൽ പുറത്തുവിട്ടിട്ടില്ല. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്താണ് ഇത് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. 

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം വെട്ടിച്ചുരുക്കിയിട്ടും, പ്യോങ്‌യാങ് തങ്ങളുടെ ആയുധ പരീക്ഷണ പരമ്പരകളുമായി അതിവേഗം മുന്നോട്ടുപോകുന്നതിനിടെയാണ് ഏറ്റവും പുതിയ വിക്ഷേപണം നടന്നിരിക്കുന്നത്. ‘ഉൽച്ചി ഫ്രീഡം ഷീൽഡ്’ സംയുക്ത സൈനികാഭ്യാസം കാര്യമായി വെട്ടിച്ചുരുക്കാൻ ട്രംപ് പെന്റഗണിന് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും, പരിശീലനം വെട്ടിച്ചുരുക്കിയതുകൊണ്ട് അതിന്റെ ‘പ്രകോപനപരവും ആക്രമണാത്മകവുമായ സ്വഭാവം’ മാറില്ലെന്ന് പറഞ്ഞ് കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിർന്ന നേതാവുമായ കിം യോ ജോങ് ട്രംപിന്റെ സമവായ നീക്കങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തര കൊറിയ സമുദ്രത്തിലേക്ക് വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണങ്ങൾ നടത്തിയത്. 

മിസൈലുകളും പീരങ്കികളും ഡ്രോണുകളും ഉൾപ്പെടുത്തി അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ള വൻ നശീകരണ പ്രഹരശേഷിയുള്ള സംയുക്ത ലൈവ്-ഫയർ അഭ്യാസങ്ങൾ ഉത്തര കൊറിയ ഈ മാസം ആദ്യം നടത്തിയിരുന്നു. യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ ത്രികക്ഷി സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായാണ് കഴിഞ്ഞ ആഴ്ചയും പ്യോങ്‌യാങ് മിസൈൽ പരീക്ഷണങ്ങൾ നടത്തിയത്. 2019-ൽ ട്രംപുമായി നടന്ന നിർണായക ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം ആണവായുധ ശേഖരവും അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയും കൂടുതൽ വികസിപ്പിക്കുന്നതിലാണ് കിം ജോങ് ഉൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റവും പുതിയ വിക്ഷേപണത്തോടെ മേഖലയിൽ സൈനിക ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയയും അമേരിക്കൻ സഖ്യസേനയും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more