1 GBP = 129.34
breaking news

5000 സൈനികരുമായി യു.എസ് പടക്കപ്പലുകൾ പട്ടായയിലേക്ക്

5000 സൈനികരുമായി യു.എസ് പടക്കപ്പലുകൾ പട്ടായയിലേക്ക്

ബാങ്കോക്ക്: യു.എസ് നാവികസേനയുടെ കരുത്തുറ്റ വിമാന വാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണും മറ്റ് രണ്ട് യുദ്ധക്കപ്പലുകളും തായ്‍ലന്റിലെ പട്ടായക്ക് സമീപം എത്താനിരിക്കേ നഗരത്തിലെ ലൈംഗികത്തൊഴിൽ ശൃംഖലകൾക്കെതിരെ വ്യാപക പൊലീസ് നടപടി. ഏകദേശം 5000 അമേരിക്കൻ നാവികരും മറീനുകളും പൈലറ്റുമാരും സെപ്റ്റംബർ രണ്ട് മുതൽ ആറ് വരെ പട്ടായക്ക് സമീപമുള്ള ലാം ചബാങ്ങിൽ തങ്ങുമെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ സൈനികരുടെ വരവിന് മുന്നോടിയായി പട്ടായയിൽ നടത്തിയ പരിശോധനകളിൽ 50 ഓളം പേരെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കസ്റ്റഡിയിലെടുത്തതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗസ്റ്റ് 29ന് പട്ടായ ബീച്ചിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ലൈംഗികത്തൊഴിൽ നടത്തിയെന്നാരോപിച്ച് 25 സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ 18 പേർ തായ്‌ലൻഡുകാരും അഞ്ച് പേർ ലാവോസിൽനിന്നുള്ളവരും രണ്ട് പേർ ഉഗാണ്ടയിൽനിന്നുള്ളവരുമാണെന്നാണ് റിപ്പോർട്ട്.

ഇറാനെതിരായ സൈനിക നടപടികളുമായി ബന്ധപ്പെട്ട് 250​ലേറെ ദിവസമായി കടലിൽ കഴിയുകയാണ് യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പൽ. കഴിഞ്ഞ വർഷം നവംബറിൽ യു.എസിന്റെ പടിഞ്ഞാറൻ തീരത്തുള്ള സാൻ ഡീഗോയിൽ നിന്നാണ് കപ്പൽ പുറപ്പെട്ടത്. ദിവസങ്ങളോളം കടലിൽ ചെലവഴിച്ചതോടെ കപ്പലിലെ സ്ഥിതിഗതികൾ ഗുരുതരമായി വഷളായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭക്ഷണക്ഷാമം, അടിസ്ഥാന സാധനങ്ങളുടെ കുറവ്, സൗകര്യങ്ങൾ, കഠിനമായ ജോലി സമയം എന്നിവ ജീവനക്കാർ ആരോപിച്ചിരുന്നു.

അമേരിക്കൻ സൈനികരുടെ സന്ദർശനം പട്ടായയുടെ മന്ദഗതിയിലായ ടൂറിസം മേഖലക്ക് ഉണർവ് നൽകുമെന്നാണ് പ്രാദേശിക വ്യാപാരികളുടെ പ്രതീക്ഷ. പശ്ചിമേഷ്യയിലെ യുദ്ധം ആരംഭിച്ചതിന് ശേഷം നഗരത്തിലെ ടൂറിസം മേഖലയിൽ തിരിച്ചടി നേരിട്ടിരുന്നു. ഒരു അമേരിക്കൻ സൈനികൻ പട്ടായയിൽ ഒരു ദിവസം ഏകദേശം 1000 മുതൽ 3000 തായ് ബാത്ത് വരെ ചെലവഴിക്കുമെന്നാണ് കണക്കുകൂട്ടലെന്ന് തായ് വാർത്താ ഏജൻസിയായ ദി ബാങ്കോക്ക് പോസ്റ്റ്, പട്ടായ മേയർ പൊറാമേസ് എൻഗാംപിച്ചെസ് പറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് സൈനികരുടെ വരവ് പ്രാദേശിക ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പട്ടായയിലെ പ്രശസ്തമായ വാക്കിങ് സ്ട്രീറ്റ് സന്ദർശിക്കാൻ അമേരിക്കൻ സൈനികർക്ക് അനുമതിയുണ്ടെങ്കിലും പുലർച്ചെ രണ്ടു മണിക്ക് ശേഷം ബിയർ ബാറുകളിലും മറ്റ് നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലും തുടരരുതെന്നാണ് അധികൃതരുടെ നിർദേശം.

കഞ്ചാവ് വിൽപ്പന കേന്ദ്രങ്ങൾ, മയക്കുമരുന്ന് കേന്ദ്രങ്ങൾ, ചില വാട്ടർ സ്പോർട്സ് പ്രവർത്തനങ്ങൾ എന്നിവയിൽനിന്നും സൈനികരെ വിലക്കുകയും ചെയ്തു. വിനോദസഞ്ചാര സ്ഥാപനങ്ങൾ സൈനികർക്ക് നിയമവിരുദ്ധമായ വാണിജ്യ ലൈംഗിക സേവനങ്ങൾ നൽകാൻ പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തായ്‌ലൻഡിൽ ലൈംഗികത്തൊഴിൽ നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും പട്ടായ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അത് വ്യാപകമായി നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈനികരുടെ സന്ദർശനത്തിന് മുന്നോടിയായി പട്ടായ അധികൃതരും പൊലീസും അമേരിക്കൻ സൈനിക പ്രതിനിധികളും ആഗസ്റ്റ് 31ന് യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more