അരുൺ വർഗ്ഗീസ്
വാൽസിംഗ്ഹാം (നോർഫോക്ക്): യുകെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വാർഷിക വാൽസിംഗ്ഹാം മരിയൻ തീർഥാടനം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. നോർഫോക്കിലെ വാൽസിംഗ്ഹാം ദേശീയ മരിയൻ തീർഥാടന കേന്ദ്രത്തിൽ നടന്ന തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടുംബസമേതം എത്തിയ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
രാവിലെ 10.30ന് ലിറ്റിൽ വാൽസിംഗ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ നടന്ന പ്രാരംഭ പ്രാർഥനകൾക്ക് യൂറോപ്പ്-യുകെ അപ്പോസ്തലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് മരിയൻ ഗാനങ്ങളുടെയും ജപമാല പ്രാർഥനയുടെയും അകമ്പടിയോടെ ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസിലിക്കയിലേക്ക് തീർഥാടന പദയാത്ര നടന്നു.
യുകെ റീജിയണിലെ മലങ്കര സഭയുടെ 25 മിഷനുകളിൽനിന്നുള്ള വിശ്വാസികൾ പദയാത്രയിൽ അണിനിരന്നു.
ഉച്ചയ്ക്ക് രണ്ടിന് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസിലിക്കയിൽ നടന്ന ആഘോഷപൂർവമായ വിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. യുകെ റീജിയണിലെ വൈദികർ സഹകാർമികരായി.
ചടങ്ങിൽ ബസിലിക്ക റെക്ടർ മോൺസിഞ്ഞോർ റോബർട്ട് ബില്ലിങ് വിശ്വാസികളെ സ്വാഗതം ചെയ്തു. പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന മോൺസിഞ്ഞോർ റോബർട്ട് ബില്ലിങ്ങിനെ അഭിവന്ദ്യ പിതാവ് ആദരിക്കുകയും ജൂബിലി ആശംസകൾ അറിയിക്കുകയും ചെയ്തു.
കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട യുകെ റീജിയണൽ കോർഡിനേറ്റർ വന്ദ്യ ഡോ. ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പയെ അഭിവന്ദ്യ മാർ ഒസ്താത്തിയോസ് പിതാവ് കുരിശുമാല അണിയിച്ച് ആദരിച്ചു.
യുകെ റീജിയണൽ കോർഡിനേറ്റർ വന്ദ്യ ഡോ. ലൂയിസ് ചരുവിള പുത്തൻവീട്ടിൽ കോർ എപ്പിസ്കോപ്പ, നാഷനൽ കൗൺസിൽ സെക്രട്ടറി ശ്രീ. റോണി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വൈദികരും നാഷനൽ കൗൺസിൽ അംഗങ്ങളും വിവിധ മിഷൻ ഭാരവാഹികളും തീർഥാടന പരിപാടികൾക്ക് നേതൃത്വം നൽകി.
click on malayalam character to switch languages