കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്റെ അഭിമാനം വാനോളമുയർത്തി 19 വയസുകാരി കെസിയ ലിസ് മേജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ നടന്ന വർണാഭമായ ഗ്രാൻഡ് ഫിനാലെയിലാണ് രാജ്യത്തെമ്പാടുമുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കെസിയ ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ പുതിയ സൗന്ദര്യറാണിയുടെ കിരീടം ധരിപ്പിച്ചു.
വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ ഇനി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഈ മലയാളി പെൺകൊടിയാണ്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ കെസിയ നിലവിൽ ബംഗളൂരുവിൽ നിയമവിദ്യാർഥിനിയാണ്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് (The Glamanand Group) സംഘടിപ്പിച്ച മത്സരത്തിൽ, ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 കരുത്തുറ്റ മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഈ 19-കാരി നിയമവിദ്യാർത്ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.
മത്സരത്തിൽ തമിഴ്നാടിന്റെ വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായും ഗുജറാത്തിന്റെ അനുശ്രീ സതാവ്ലേക്കർ രണ്ടാം റണ്ണറപ്പായും (മിസ് ഇന്റർനാഷണൽ ഇന്ത്യ 2026) തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന് ഇരട്ടി മധുരം നൽകിക്കൊണ്ട്, നടിയും മോഡലുമായ അർച്ചന രവി ഇത്തവണത്തെ ‘ബെസ്റ്റ് മിസ് യൂണിവേഴ്സ് സ്റ്റേറ്റ് ഡയറക്ടർ- കേരള’ പുരസ്കാരത്തിന് അർഹയായി. മിസ് യൂണിവേഴ്സ് കേരള ഓർഗനൈസേഷന്റെ സ്റ്റേറ്റ് ഡയറക്ടർ എന്ന നിലയിൽ കെസിയ ലിസ് മെജോയെ കൃത്യമായ പരിശീലനത്തിലൂടെ ദേശീയ തലത്തിലെ മികച്ച വിജയിയായി വാർത്തെടുക്കുന്നതിൽ അർച്ചന രവിയുടെ മികച്ച നേതൃത്വവും മാർഗ്ഗനിർദ്ദേശവും നിർണ്ണായക പങ്കുവഹിച്ചു. 2020-ൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് അർച്ചന മത്സരിക്കുകയും ടോപ്പ് 10-ൽ ഇടം നേടുകയും ചെയ്തിരുന്നു.
17-ാം വയസ്സിൽ മിസ് ടീൻ ദിവ 2024 പട്ടം സ്വന്തമാക്കി തുടക്കമിട്ട കിരീടനേട്ടങ്ങളുടെ തുടർച്ചയാണ് കെസിയയുടെ ഈ സ്വപ്നതുല്യമായ കുതിപ്പ്. 2025-ൽ ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരമായ മിസ് ടീൻ ഇന്റർനാഷണലിൽ ഇന്ത്യക്കായി മത്സരിച്ച് ഒന്നാം റണ്ണറപ്പ് പദവി കരസ്ഥമാക്കിയ ഈ മിടുക്കി, അടുത്തിടെ അർച്ചന രവിയുടെ നേതൃത്വത്തിൽ നടന്ന മിസ് യൂണിവേഴ്സ് കേരള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി മാറിയാണ് ദേശീയ തലത്തിലേക്ക് യോഗ്യത നേടിയത്.
മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ നിലവിൽ ബെംഗളൂരുവിൽ നിയമപഠനം നടത്തുകയാണ്. പഠനത്തോടൊപ്പം മോഡലിംഗ് രംഗത്തും തിളങ്ങുന്ന ഈ 19-കാരി, ഇന്ത്യയ്ക്ക് വേണ്ടി ലോകകിരീടം ചൂടാനുള്ള കഠിനശ്രമത്തിലാണ്.
click on malayalam character to switch languages