തൊടുപുഴ: സംസ്ഥാനത്ത് മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു, ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. മഴക്കെടുതിയിൽ സംസ്ഥാനത്ത് നാലുപേർ മരിച്ചു.
ഇടുക്കി കുടയത്തൂർ അടൂർ മലയിൽ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേർ രവി നാരായണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രവിയുടെ വീടിന് മുകളിലാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തിൽപെട്ട ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. വീട് പൂർണമായി തകർന്നു. അടൂർമലയിൽ നിരവധി വീടുകളിൽ വെള്ളം കയറി.
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് മധ്യവയസ്കൻ മരിച്ചു. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായരുടെ (72) മൃതദേഹമാണ് കണ്ടെത്തിയത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞുവീണ് രണ്ടുപേരും മരിച്ചു. മണക്കാട്ട് റെജീന ജോണി, അവരുടെ മകൻ ജോസഫിൻ ജോണി (24) എന്നിവരാണ് മരിച്ചത്. മണ്ണിനടയിൽനിന്നാണ് റെജീനയുടെ മൃതദേഹം കണ്ടെടുത്തത്. ഇവർ രണ്ടുപേരുമാണ് വീട്ടിലുണ്ടായിരുന്നത്. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി.
റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലാണ്. വണ്ടിപ്പെരിയാർ ഉൾപ്പെടെ പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി. കൊട്ടാരക്കര-ദിണ്ടുഗൽ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. മഴ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അവധി. ഈ ജില്ലകളിൽ റെഡ് അലർട്ടാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ല കലക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും. 11 മണിക്ക് ജില്ല കലക്ടർമാരുടെ യോഗം റവന്യൂ മന്ത്രി വിളിച്ചിട്ടുണ്ട്. എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇടുക്കി കൺട്രോൾ റും നമ്പർ തുറന്നു -04862233111, 9383463036. തിരുവനന്തപുരം പൊന്മുടിയില് മണ്ണിടിച്ചിലിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ചാലിയം കപ്പലങ്ങാടി ബീച്ചിൽ ബോട്ട് കരക്കടുപ്പിക്കാൻ കഴിയാതെ കുടുങ്ങിയ 16 മത്സ്യതൊഴിലാളികളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ മത്സ്യ ബന്ധനത്തിന് പുറപ്പെട്ട സംഘം കാലാവസ്ഥ പ്രതികൂലമായതോടെ കടലിൽ കുടുങ്ങുകയായിരുന്നു.
കണ്ട്രോള് റൂമുകള്‍ തുറന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റുമുകള്‍ തുറന്നു. ഫോണ്‍ നമ്പറുകള്‍ ചുവടെ.
ജില്ലാ കണ്ട്രോള് റൂം, കലക്ടറേറ്റ് -94465 62236
താലൂക്ക് കണ്ട്രോള് റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. നദികളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് അധികൃതരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ തയാറാകണം- കലക്ടര്‍ നിര്‍ദേശിച്ചു.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുകളുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ഫോഴ്സും തദ്ദേശ സ്ഥാപനങ്ങളും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് നീക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായി കളക്ടര്‍ അറിയിച്ചു.
എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ആറു കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകളുടെ പട്ടിക ചുവടെ
- ജെ.ജെ മര്‍ഫി സ്കൂള്‍ എന്തയാര്‍
- സി.എം.എസ് എല്‍.പി സ്കൂള്‍ കൂട്ടിക്കല്‍
- ശങ്കര്‍ മെമ്മോറില്‍ സ്കൂള്‍ ഇളംകാട്
- തുഷാര ക്ലബ് പെരുന്തുരുത്ത്
- സി.എം.എസ് എള്.പി സ്കൂള്‍ മുണ്ടക്കയം
- സെന്റ് ജോസഫ് ഹൈസ്കൂള്‍ പുത്തന്‍ചന്ത , മുണ്ടക്കയം.
പൊൻമുടിയിൽ മണ്ണിടിച്ചിൽ, ഇക്കോ ടൂറിസം കേന്ദ്രം അടച്ചു
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് പൊൻമുടിയിൽ മണ്ണിടിച്ചിൽ. ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. കല്ലാർ – പൊൻമുടി റോഡിൽ പന്ത്രണ്ടാം വളവിലും ഇടിയകോവിലിന് സമീപത്തും മണ്ണിടിച്ചിലുണ്ടായി. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പുലർച്ചയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
കോഴിക്കോട് കോർപറേഷൻ ആറാം വാർഡിലെ തുരുത്തിക്കുന്നത് ബാബു എന്നയാളുടെ വീട്ടിൽ കിണർ ഇടിഞ്ഞിരിക്കുന്നു
പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിതുരയിൽ നിന്ന് ഫയർഫോഴ്സ് പുറപ്പെട്ടിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് നെല്ലിയാമ്പതിയും അടച്ചതായി അധികൃതർ അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്ത് ഇന്നും നാളെയും വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൊല്ലം ജില്ലയിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടവും ശക്തമായ മഴയെ തുടർന്ന് അടച്ചു. ഇവിടേക്കും സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. അച്ചൻകോവിൽ മേഖലയിൽ ഉൾവനത്തിൽ കനത്ത മഴയാണ് പെയ്യുന്നത്.
click on malayalam character to switch languages