1 GBP = 129.62

പിള്ളേരോ പ്ലീഡറോ വലുത്? കെഎസ്‌യുവിന്റെ പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; സംശയമുന കെ സി പക്ഷത്തിന് നേര്‍ക്കും

പിള്ളേരോ പ്ലീഡറോ വലുത്? കെഎസ്‌യുവിന്റെ പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി; സംശയമുന കെ സി പക്ഷത്തിന് നേര്‍ക്കും

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന്റെ പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി. വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്ക് കൊണ്ടുപോയത് കെഎസ്‌യു ആണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റ് പല താത്പര്യങ്ങളുണ്ടെന്നാണ് വി ഡി സതീശന്‍ പക്ഷം കരുതുന്നത്.

കെ സി പക്ഷം കെഎസ്‌യുവിനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നു എന്ന ആക്ഷേപമാണ് പാര്‍ട്ടിയിലെ വി ഡി സതീശന്‍ അനുകൂലികള്‍ ഉയര്‍ത്തുന്നത്. കെഎസ്‌യു നേതാക്കളും മുഖ്യമന്ത്രിയും നേരിട്ട് സംസാരിച്ചിട്ട് പോലും മഞ്ഞുരുകുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്ലീഡര്‍ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് തങ്ങള്‍ കൊടുത്ത കത്ത് ചര്‍ച്ചയായപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയെന്നാണ് കെഎസ്‌യു വിശദീകരിക്കുന്നത്. അതല്ലാതെ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു. കെഎസ്‌യുവിന്റെ പരാതികള്‍ക്കും ആക്ഷേപത്തിനും കാര്യമായ ഗൗരവം കൊടുത്തുകൊണ്ടുള്ള പ്രതികരണങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. നേരിട്ട് കണ്ട് സംസാരിച്ചിട്ട് പോലും കെഎസ്‌യു ആവശ്യത്തിന് മുഖ്യമന്ത്രി വഴങ്ങാന്‍ തയ്യാറായതുമില്ല.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെഎസ്യുവിന്റെ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്ന തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നാണ് അലോഷ്യസ് സേവ്യറിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ കെഎസ്യു തുറന്ന പോരിലേക്ക് എന്നുള്ള ടാഗ് ലൈനിലേക്കൊന്നും പോകേണ്ട കാര്യമില്ലെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ജിയോണ ജെയിംസിനെ മാറ്റണമെന്ന് കെഎസ്യു പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടെങ്കിലും തീരുമാനം പുനഃപരിശോധിക്കേണ്ടന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജിയോണ ജെയിംസ് അടക്കമുള്ളവരുടെ പട്ടിക ആ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും സര്‍ക്കാര്‍ തീരുമാനിച്ചു. തുടക്കം മുതല്‍ കെ.എസ്.യു.വിനുള്ള അതൃപ്തി അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിങ്കിലും ഗൗരവത്തില്‍ എടുക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ല. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കെഎസ്യു നേതാക്കള്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും കേട്ടതിനു ശേഷം ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more