അരുൺ വർഗ്ഗീസ്
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യുകെ–ലണ്ടൻ റീജിയന്റെ ആഭിമുഖ്യത്തിൽ കെന്റിലെ അയൽസ്ഫോർഡിലെ ദി ഫ്രയേഴ്സ് തീർത്ഥാടന കേന്ദ്രത്തിൽ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 73-ാം ഓർമ്മപ്പെരുന്നാളും പദയാത്രയും ഭക്തിനിർഭരമായി ആചരിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ വിശുദ്ധ കുർബാനയിലും പദയാത്രയിലും ധൂപപ്രാർഥനയിലും പങ്കെടുത്തു.
യുകെയും യൂറോപ്പും ഉൾപ്പെടുന്ന സീറോ മലങ്കര കത്തോലിക്കാ സഭയുടെ അപ്പോസ്തലിക് വിസിറ്റേറ്റർ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു. ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ ദൈവവിളിയോടുള്ള അചഞ്ചലമായ വിശ്വസ്തതയും സഭൈക്യത്തിനുവേണ്ടിയുള്ള ത്യാഗപൂർണമായ ജീവിതവും ആത്മീയ നവോത്ഥാനത്തിനും വിദ്യാഭ്യാസരംഗത്തിനും നൽകിയ അനുപമ സംഭാവനകളും സന്ദേശത്തിൽ അദ്ദേഹം അനുസ്മരിച്ചു.
റവ. ഡോ. ചെറിയാൻ കോട്ടയിൽ, റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ OIC, റവ. ഫാ. ജോർജ് വലിയപറമ്പിൽ എന്നിവർ സഹകാർമികരായി. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പദയാത്രയിൽ വിശ്വാസികൾ പ്രാർഥനാപൂർവം അണിനിരന്ന് ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ മാധ്യസ്ഥം അഭ്യർഥിച്ചു.
ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. തുടർന്ന്, യുകെയിലെ വിവിധ മിഷനുകളിൽ കഴിഞ്ഞ രണ്ടുവർഷമായി ശുശ്രൂഷ നിർവഹിച്ച ശേഷം മടങ്ങിപ്പോകുന്ന റവ. ഫാ. ജോൺസൺ പേഴുംകൂട്ടത്തിൽ OICയെ ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ ആദരിച്ചു.
പോർച്ചുഗലിലെ പോർട്ടോയിൽ നിന്ന് സ്പെയിനിലെ സാന്റിയാഗോ ദെ കോംപോസ്തേലയിലേക്ക് 350 കിലോമീറ്റർ ദൂരം ഒറ്റയ്ക്ക് തീർത്ഥാടനം പൂർത്തിയാക്കിയ ഡെന്നിസ് ജോണിനെയും ചടങ്ങിൽ ആദരിച്ചു.
പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ പ്രോഗ്രാം കൺവീനർ ശ്രീ. ബിനോജ് ജോണും സെക്രട്ടറി ശ്രീ. റെനോ ജേക്കബും ഏകോപിപ്പിച്ചു. യുകെ നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി ശ്രീ. റോണി ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീ. എബ്രഹാം ചാണ്ടി, ജോയിന്റ് സെക്രട്ടറി ശ്രീമതി പ്രിൻസി വർഗീസ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ ആത്മീയ പാരമ്പര്യവും സഭൈക്യദർശനവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന വിശ്വാസസാക്ഷ്യമായി ഓർമ്മപ്പെരുന്നാൾ മാറിയതായി സംഘാടകർ അറിയിച്ചു.
click on malayalam character to switch languages