പാരീസ്: അമ്പത് വർഷം മുമ്പ് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെ സൂപ്പർസോണിക് യാത്രാ വിമാനങ്ങൾ വീണ്ടും വരുന്നു. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് യാത്രാ വിമാനം 2003-ലാണ് അവസാനമായി യാത്ര ചെയ്തത്. പല സാങ്കേതിക കാരണങ്ങളാലും അന്ന് കോൺകോർഡ് വിമാനങ്ങൾ സർവീസ് നടത്തിയിരുന്നത് ലണ്ടനിൽ നിന്നും പാരീസിൽ നിന്നും ചുരുക്കം ചില അന്താരാഷ്ട്ര നഗരങ്ങളിലേക്ക് മാത്രമായിരുന്നു. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ BA002 എന്ന കോൺകോർഡ് ജി-ബോഗ് (G-BOAG) എന്ന വിമാനമാണ് അവസാനമായി സർവീസ് നടത്തിയത്; 2003 ഒക്ടോബർ 24-നായിരുന്നു അത്.
സൂപ്പർസോണിക് വിമാനങ്ങൾ കൊമേഴ്സ്യൽ സർവീസുകൾ നിർത്തലാക്കാൻ പല കാരണങ്ങളുണ്ട്. സമുദ്രത്തിന് മുകളിലൂടെയല്ലാതെ ശബ്ദത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ അനുമതിയില്ല എന്നതായിരുന്നു പ്രധാന തിരിച്ചടി. ശബ്ദത്തേക്കാൾ വേഗതയിൽ ഒരു വിമാനം സഞ്ചരിക്കുമ്പോൾ ഉണ്ടാവുന്ന ‘സോണിക് ബൂം’ ജനവാസ കേന്ദ്രങ്ങളേയും ജീവജാലങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നതും വ്യോമഗതാഗതരംഗത്ത് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നതുമായിരുന്നു ഇതിന് കാരണം.
ഇന്ധനം കൂടുതൽ ആവശ്യമായിരുന്നു എന്നതും പാരീസിൽ നടന്ന കോൺകോർഡ് വിമാന അപകടവുമെല്ലാം കാരണം യാത്രക്കാരുടെ ഡിമാൻഡും കുറഞ്ഞു. അങ്ങനെയാണ് കോൺകോർഡ് സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. 2000 ജൂലൈ 25-ന് പാരീസിൽ നിന്നും ന്യൂയോർക്കിലേക്ക് പറന്ന വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ തകർന്നു വീണ് 113 പേരാണ് കൊല്ലപ്പെട്ടത്. 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണവും വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ഇതെല്ലാമാണ് കോൺകോർഡ് സർവീസുകൾ നിർത്തിവെക്കാൻ കാരണമായത്.
1973-ൽ അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കരയിലൂടെ സൂപ്പർസോണിക് വേഗതയിൽ വിമാനങ്ങൾ പറക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം നീക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അതിന് കാരണമായത് എക്സ്-59 (X-59) എയർക്രാഫ്റ്റ് ഈ ജൂൺ അഞ്ചിന് നടത്തിയ വിജയകരമായ പരീക്ഷണ പറക്കലായിരുന്നു. എക്സ്-59 എന്നത് ഒരു കൊമേഴ്സ്യൽ യാത്രാവിമാനമല്ല, ഒരു പരീക്ഷണ വിമാനം മാത്രമായിരുന്നു. മുന്നിൽ സൂചിപോലെ നീണ്ടുനിൽക്കുന്ന പുതിയ എക്സ്-59 വിമാനത്തിന്റെ സാങ്കേതികവിദ്യ ഈ സോണിക് ബൂം വലിയ തോതിലുണ്ടാകുന്നതിനെ പ്രതിരോധിക്കും; അത് പ്രകമ്പനങ്ങളെ കുറയ്ക്കും.
സൂപ്പർസോണിക് വിമാനങ്ങൾക്ക് കരയിലൂടെയുള്ള യാത്ര വീണ്ടും തുടങ്ങുകയാണ്. അഞ്ച് പതിറ്റാണ്ടിലേറെയായി നീണ്ട നിരോധനം നീക്കി ഭൂഖണ്ഡാന്തര സൂപ്പർസോണിക് വിമാനങ്ങൾ ഇനി വീണ്ടും പറന്നുതുടങ്ങും. ജൂണിൽ നടത്തിയ രണ്ട് പരീക്ഷണങ്ങളും അനുകൂലമായതോടെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പഴയ വിലക്ക് നീക്കാനുള്ള എക്സിക്യുട്ടീവ് ഓർഡറിൽ ഒപ്പിട്ടത്.
മുമ്പ് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയാണ് കോൺകോർഡ് വിമാനങ്ങൾ സൂപ്പർസോണിക് വേഗതയിൽ സഞ്ചരിച്ചിരുന്നത്. അറ്റ്ലാന്റിക് മുറിച്ചുകടക്കാൻ സാധാരണ ജെറ്റ് വിമാനങ്ങൾ ഏഴ്-എട്ട് മണിക്കൂറെടുക്കുമ്പോൾ സൂപ്പർസോണിക് വിമാനങ്ങൾ മൂന്നര മണിക്കൂർ മാത്രമാണ് എടുത്തിരുന്നത്. പക്ഷേ, കരയ്ക്ക് മുകളിലെത്തുമ്പോൾ വിമാനം ശബ്ദവേഗത കുറച്ച് സഞ്ചരിക്കണം. പുതിയ നിർദേശ പ്രകാരം, വിമാനങ്ങൾ ശബ്ദത്തേക്കാൾ വേഗതയിൽ പറക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഒരു നിശ്ചിത പരിധിയിൽ താഴെയാണെങ്കിൽ കരയ്ക്ക് മുകളിലൂടെ സഞ്ചരിക്കാം.
വിമാനങ്ങളുടെ ശബ്ദപരിധി നിശ്ചയിക്കുന്നതിനുള്ള നിയമങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. ലാൻഡിങ്, ടേക്ക് ഓഫ് സമയങ്ങളിലെ ശബ്ദ നിയന്ത്രണങ്ങൾ സംബന്ധിച്ച നിയമങ്ങൾ കൂടി ഉൾപ്പെടുത്തി സൂപ്പർസോണിക് വിമാനങ്ങൾക്കായുള്ള പുതിയ നിയമങ്ങൾ 2027 പകുതിയോടെ നിലവിൽ വന്നേക്കുമെന്നാണ് സൂചന. ശബ്ദമലിനീകരണം കുറഞ്ഞ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്, ജനവാസ മേഖലകളിൽ ബുദ്ധിമുട്ടുണ്ടാക്കാതെ അതിവേഗ യാത്രകൾ സാധ്യമാക്കുകയാണ് ലക്ഷ്യം. നാസയ്ക്ക് (NASA) പുറമെ ബൂം സൂപ്പർസോണിക്, സ്പൈക് എയ്റോസ്പേസ് തുടങ്ങിയ കമ്പനികളും ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഇതിൽ ബൂം സൂപ്പർസോണിക് വികസിപ്പിച്ച എക്സ് ബി-1 (XB-1) എന്ന വിമാനം അടുത്തിടെ ശബ്ദവേഗത മറികടന്നിരുന്നു.
click on malayalam character to switch languages