പാരിസ്: കടുത്ത ഉഷ്ണതരംഗം യൂറോപ്പിന്റെ വിവിധ ഭാഗങ്ങളെ പിടിച്ചുകുലുക്കുന്നതിനിടെ ഫ്രാൻസിൽ 1,000ത്തിലധികം അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവിദഗ്ധർ. ജൂൺ 21 മുതൽ 1300ഓളം മരണങ്ങൾ അധികമായി രേഖപ്പെടുത്തിയതായാണ് കണക്കുകൾ. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് സാന്റെ പബ്ലിക് മുന്നറിയിപ്പ് നൽകി.
യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്. ഇത് യൂറോപ്പിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും രൂക്ഷമായ ഒന്നാണെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. പല രാജ്യങ്ങളിലും കാട്ടുതീ പടർന്നുപിടിച്ചു, റോഡുകളും റെയിൽവേ ശൃംഖലകളും തകർന്നതായും അധികൃതർ അറിയിച്ചു. ജർമനിയിൽ റെക്കോർഡ് താപനിലയിലെത്തുമെന്നും തെക്കൻ യൂറോപ്പിലെ പല രാജ്യങ്ങളിലും കാട്ടുതീയുടെ അപകടസാധ്യത വർധിച്ചതായും അധികൃതർ മുന്നറിയിപ്പ് നൽകി.
ഫ്രാൻസിന്റെ കാലാവസ്ഥാ വകുപ്പ് രാജ്യത്തെ നിരവധി മേഖലകളിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും അസുഖ ബാധിതരും ചൂടിനെതിരെ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ആശുപത്രികളിലും അടിയന്തര ചികിത്സാ കേന്ദ്രങ്ങളിലും ചൂട് സംബന്ധമായ അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം വർധിച്ചതായും റിപ്പോർട്ടുണ്ട്.
ജർമനിയിൽ ചില പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനോട് അടുത്തെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. സ്പെയിൻ, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ കാട്ടുതീയുടെ സാധ്യത ഉയർന്നതിനാൽ അഗ്നിശമന സേനക്കും അതീവ ജാഗ്രത നിർദേശം നൽകി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ അതിതീവ്ര ഉഷ്ണ തരംഗങ്ങൾ കൂടുതൽ പതിവാകുകയാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, അത്യാവശ്യ സാഹചര്യങ്ങൾ ഒഴികെ ഉച്ച സമയത്ത് പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
click on malayalam character to switch languages