1 GBP = 129.36
breaking news

ഇറാനെതിരായ നീക്കങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

ഇറാനെതിരായ നീക്കങ്ങൾ തുടരുമെന്ന് പ്രഖ്യാപിച്ച് നെതന്യാഹു

തെൽഅവീവ്: സൈനിക ആവശ്യങ്ങൾക്കായി അമേരിക്കയെ ആശ്രയിക്കുന്നത് ഇസ്രായേൽ ഘട്ടംഘട്ടമായി കുറയ്ക്കണമെന്നും ആയുധനിർമാണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഇറാനും അവരുടെ സഖ്യശക്തികൾക്കുമെതിരായ സൈനിക നീക്കങ്ങൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണിൽ റിസർവ് യുദ്ധ മുന്നണിയിലെ ഉദ്യോഗസ്ഥരോട് സംവദിക്കുകയായിരുന്നു. ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് യു.എസും ഇറാനും തമ്മിൽ രൂപവത്കരിച്ച പ്രാഥമിക ധാരണയെച്ചൊല്ലി വാഷിങ്ടണും തെൽഅവീവും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.

അമേരിക്ക നൽകിവരുന്ന പിന്തുണയെ ഏറെ വിലമതിക്കുന്നുണ്ടെങ്കിലും, ഇനി മുന്നോട്ട് പോകാൻ ഇസ്രായേലിന് സ്വന്തമായി സ്വതന്ത്ര ആയുധ നിർമാണ സംവിധാനം അനിവാര്യമാണെന്ന് നെതന്യാഹു പറഞ്ഞു.

“നമ്മുടെ ആയുധങ്ങൾ നമ്മൾ തന്നെ നിർമിക്കണം. ഇറാനെയും അവരുടെ സഖ്യശക്തികളെയും നമ്മൾ ശക്തമായി നേരിട്ടുകഴിഞ്ഞു. എന്നാൽ ഈ പോരാട്ടം ഇവിടെ തീരുന്നില്ല. അടുത്ത 30 വർഷത്തിന് ശേഷം നമ്മൾ എവിടെയായിരിക്കണം എന്നത് നമ്മുടെ ഇന്നത്തെ കരുത്തിനെ ആശ്രയിച്ചിരിക്കുന്നു,” എന്നാണ് ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.

ഇസ്രായേലിനെ സംരക്ഷിക്കുന്ന പ്രതിരോധ ആയുധങ്ങളിൽ മൂന്നിൽ രണ്ടും നിർമിക്കുന്നത് അമേരിക്കയിലാണെന്നും ഇതിന്റെ ചെലവ് വഹിക്കുന്നത് അമേരിക്കൻ നികുതിദായകരാണെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇറാൻ കരാറിനെതിരായ ഇസ്രായേലിന്റെ നിലപാടിനെ വാൻസ് രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ ആശ്രയത്വം അവസാനിപ്പിക്കുമെന്ന നെതന്യാഹുവിന്റെ പരാമർശം വരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more