1 GBP = 127.88
breaking news

ഗസ്സയുടെ 70 ശതമാനവും നിയന്ത്രണത്തിലാക്കണം; ഇസ്രയേൽ സൈന്യത്തിന് ഉത്തരവ് നൽകി നെതന്യാഹു

ഗസ്സയുടെ 70 ശതമാനവും നിയന്ത്രണത്തിലാക്കണം; ഇസ്രയേൽ സൈന്യത്തിന് ഉത്തരവ് നൽകി നെതന്യാഹു

ഗസ്സയിലെ 70 ശതമാനം പ്രദേശങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ സൈന്യത്തിന് നിർദേശം നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കെയാണ്, മേഖലയിൽ വലിയ യുദ്ധപ്രതിസന്ധിക്ക് കാരണമായേക്കാവുന്ന നെതന്യാഹുവിന്‍റെ ഈ പ്രഖ്യാപനം.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ പാർപ്പിട കേന്ദ്രത്തിൽ നടന്ന ഒരു കോൺഫറൻസിൽ സംസാരിക്കവെയാണ്, ഹമാസിനെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായി ഗസ്സയിലെ ഇസ്രായേലിന്റെ ഭൗമ നിയന്ത്രണം ഘട്ടഘട്ടമായി വർദ്ധിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ഞങ്ങൾ ഇപ്പോൾ ഹമാസിനെ ഞെരുക്കുകയാണ്. ഗസ്സയുടെ 60 ശതമാനം പ്രദേശവും ഇപ്പോൾ ഞങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. നേരത്തെ അത് 50 ശതമാനമായിരുന്നു, അവിടെ നിന്നാണ് 60ലേക്ക് എത്തിയത്. ഇത് 70 ശതമാനമായി ഉയർത്താനാണ് ഇപ്പോൾ ഞാൻ സൈന്യത്തിന് നൽകിയിരിക്കുന്ന നിർദേശം. ഇസ്രയേലിന്‍റെ ചാനൽ 12 പുറത്തു വിട്ട വീഡിയോയിൽ നെതന്യാഹു ഇങ്ങനെയാണ് പറഞ്ഞത്.

ഗസ്സയുടെ 60 ശതമാനത്തോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ കൈപ്പിടിയിലാണെന്ന് നെതന്യാഹു നേരത്തെയും പരസ്യമായി സമ്മതിച്ചിരുന്നു. ഹമാസിന്റെ താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുക, അവരുടെ പ്രവർത്തന ശേഷി ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുദ്ധം ആരംഭിച്ചതു മുതൽ ഗസ്സയിലുടനീളം ഇസ്രായേൽ കര, വ്യോമാക്രമണങ്ങൾ തുടരുന്നത്.

തുടർച്ചയായ സൈനിക നടപടികൾ കാരണം ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം അതീവ ഗുരുതരമായി തുടരുകയാണെന്ന് അന്താരാഷ്ട്ര ഏജൻസികൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനിടയിൽ പുറത്തുവന്ന നെതന്യാഹുവിന്റെ പുതിയ പ്രസ്താവന ആഗോളതലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more