1 GBP = 128.59
breaking news

ഇറാന് മേലുള്ള സൈനിക ആക്രമണം താല്ക്കാലികമായി നിർത്തിവെച്ചു

ഇറാന് മേലുള്ള സൈനിക ആക്രമണം താല്ക്കാലികമായി നിർത്തിവെച്ചു

വാഷിങ്ടൺ: ഇറാന് നേരെ ചൊവ്വാഴ്ച നടത്താനിരുന്ന സൈനിക ആക്രമണം താല്ക്കാലികമായി നിർത്തിവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായി ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിൽ, പ്രമുഖ ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ആക്രമണം വൈകിപ്പിക്കാൻ തന്നോട് ആവശ്യപ്പെട്ടതായാണ് ട്രംപിന്റെ അവകാശവാദം. “ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ ഥാനി, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാൻ എന്നിവർ ഇറാനെതിരായ സൈനിക ആക്രമണം തൽക്കാലം മാറ്റിവെക്കാൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നിർണായക ചർച്ചകൾ നടക്കുകയാണെന്നും, അമേരിക്കക്കും മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു കരാറിലെത്താൻ സാധിക്കുമെന്നുമാണ് ഈ സഖ്യകക്ഷി നേതാക്കളുടെ അഭിപ്രായം. ഈ കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന ഇറാൻ അണുബോംബുകൾ നിർമിക്കില്ല എന്നതായിരിക്കും,” ട്രംപ് കുറിച്ചു.

തുടർന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാനിയൽ കെയ്ൻ എന്നിവരോട് ആക്രമണവുമായി മുന്നോട്ട് പോകരുതെന്ന് ട്രംപ് നിർദേശം നൽകിയിട്ടുണ്ട്. എങ്കിലും ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ ഏത് നിമിഷവും പൂർണ്ണ സജ്ജമായ വലിയൊരു ആക്രമണത്തിന് തയാറായിരിക്കാനും സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മിഡിൽ ഈസ്റ്റിലെ നയതന്ത്ര ചർച്ചകൾ തകർച്ചയുടെ വക്കിലാണെന്ന സൂചനകൾക്കിടയിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വരുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി സംസാരിച്ചതിന് ശേഷവും ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. “ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണ്, അവർ വേഗത്തിൽ കാര്യങ്ങൾ നീക്കണം. ഇല്ലെങ്കിൽ അവശേഷിക്കാൻ ഒന്നും തന്നെ ഉണ്ടാകില്ല,” എന്നായിരുന്നു ട്രംപിന്റെ അന്നത്തെ പോസ്റ്റ്.

എന്നാൽ, ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുമ്പായി തങ്ങൾക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കണമെന്നും വിദേശത്ത് മരവിപ്പിച്ചിരിക്കുന്ന തങ്ങളുടെ ആസ്തികൾ വിട്ടുകിട്ടണമെന്നും മേഖലയിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. മാത്രവുമല്ല ഇറാൻ ഒരു ശക്തിക്ക് മുന്നിലും തലകുനിക്കില്ലെന്നും ഇറാനിയൻ ഭരണകൂടത്തിനും ജനതക്കും ഇടയിൽ ഭിന്നതയുണ്ടാക്കാനാണ് ശത്രുക്കൾ ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more