1 GBP = 128.57
breaking news

തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ല, ചൈന സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി

തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ല, ചൈന സന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി

ബെയ്ജിങ്: പശ്ചിമേഷ്യ, തായ്‌വാൻ വിഷയങ്ങളിൽ കാര്യമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ട് ദിവസത്തെ ചൈന സന്ദർശനം അവസാനിച്ചു. അതേസമയം, ഇരു രാജ്യങ്ങളും നിർണായകമായ ചില വ്യാപാര കരാറുകളിൽ ഏർപ്പെടുകയും ചെയ്തു.

രണ്ടുതവണ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച നടന്ന ചർച്ചയിൽ ഹുർമുസ് തുറക്കാൻ ഇറാനുമേൽ സമ്മർദം ചെലുത്തണമെന്ന യു.എസ് ആവശ്യം ചൈന അംഗീകരിച്ചതൊഴിച്ചാൽ ഇറാൻ വിഷയത്തിൽ കാര്യമായ തീരുമാനങ്ങളില്ല. തായ്‍വാന് യു.എസ് ആയുധങ്ങൾ നൽകുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ഷി ജിൻപിങ്ങിന്റെ മുന്നറിയിപ്പുണ്ടായെങ്കിലും ട്രംപ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയതുമില്ല.

അതേസമയം, കൂടിക്കാഴ്ചക്ക് പിന്നാലെ അമേരിക്കൻ കമ്പനിയായ ബോയിങ്ങിൽനിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു. ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഈ കരാർ വിവരം പുറത്തുവിട്ടത്. ‘‘150 ബോയിങ് വിമാനങ്ങളാണ് വേണ്ടിയിരുന്നത്; എന്നാൽ, അവർക്ക് 200 എണ്ണം ലഭിച്ചു’’ എന്ന് ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ യു.എസ് നിർമിത വാണിജ്യ വിമാനങ്ങൾക്കായി ചൈന നൽകുന്ന ഏറ്റവും വലിയ ഓർഡറുകളിൽ ഒന്നാണിത്. ട്രംപിന്റെ ചൈനീസ് സന്ദർശന വേളയിൽ ചർച്ചകൾക്ക് പിന്തുണയുമായി ബോയിങ് സി.ഇ.ഒ കെല്ലി ഓർട്ട്ബെർഗും യു.എസ് പ്രതിനിധിസംഘത്തോടൊപ്പം ബെയ്ജിങ്ങിൽ എത്തിയിരുന്നു.

വലിയൊരു നേട്ടമായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും, വാർത്തക്ക് പിന്നാലെ ബോയിങ്ങിന്റെ ഓഹരി വില നാലു മുതൽ അഞ്ചുവരെ ശതമാനം ഇടിഞ്ഞു. 500 ബോയിങ് 737 മാക്സ് വിമാനങ്ങൾ വരെ വാങ്ങാൻ ചൈന ആലോചിക്കുന്നതായി ചർച്ചക്ക് മുമ്പ് ബ്ലൂംബെർഗ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ 200 വിമാനങ്ങൾ എന്ന പ്രഖ്യാപനം വിപണി പ്രതീക്ഷിച്ചതിലും കുറവാണ്.

എന്നാൽ, ബോയിങ്ങോ ചൈനീസ് എയർലൈനുകളോ ഔദ്യോഗികമായി ഈ കരാർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനങ്ങൾക്ക് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കമ്മി കുറക്കുന്നതിനായി യു.എസിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളും ഊർജ സംഭരണികളും വൻതോതിൽ വാങ്ങാമെന്നും ചൈന സമ്മതിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more