1 GBP = 128.75
breaking news

ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകൾ നാളെ; കളം പിടിച്ച് കളറാക്കാൻ നിലവിലെ കൗൺസിലർമാരും

ബ്രിട്ടനിലെ പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകൾ നാളെ; കളം പിടിച്ച് കളറാക്കാൻ നിലവിലെ കൗൺസിലർമാരും

സ്വന്തം ലേഖകൻ

ലണ്ടൻ: ബ്രിട്ടനിലെ പ്രാദേശിക കൗൺസിലുകളിലേക്ക് നാളെ തിരഞ്ഞെടുപ്പ്. പോസ്റ്റൽ വോട്ടുകളായി നിരവധിപേർ തങ്ങളുടെ സമ്മദിനാവകാശം ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നാട്ടിലെപ്പോലെ പോളിംഗ് സ്റ്റേഷനുകളിലെത്തി ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തുന്നത് തന്നെയാണ് ഒട്ടുമിക്ക മലയാളികളുടെയും ആഗ്രഹം. ഇക്കുറി പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ രണ്ടു ഡസനിലേറെ മലയാളി സ്ഥാനാർത്ഥികളാണ് വിവിധ പാർട്ടികളിലായി മത്സരരംഗത്തുള്ളത്. അതേസമയം തന്നെ നിലവിൽ കൗൺസിലറായ മലയാളികൾ വലിയ തോതിൽ ജനപിന്തുണ നേടി സിറ്റി കൗൺസിലുകളിൽ നിന്ന് കൗണ്ടി കൗൺസിലുകളിലേക്കും ജനവിധി തേടുന്നത് തദ്ദേശീയരുൾപ്പെടെയുള്ളവരിൽ നിന്ന് തന്നെ കാര്യമായ പിന്തുണ നേടിക്കൊണ്ടാണ്.

സജീഷ് ടോം
2021 മുതൽ ബേസിംഗ്‌സ്‌റ്റോക്ക് ആൻഡ് ഡീൻ സിറ്റി കൗൺസിലിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട സജീഷ് ടോം ഇക്കുറി ഹാംഷെയർ കൗണ്ടി കൗൺസിലിലേക്ക് കൂടി ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്. ഇതിനകം തന്നെ ബേസിംഗ്‌സ്‌റ്റോക്കിൽ കൗൺസിലറായി മികച്ച പ്രവർത്തനം കാഴ്ച്ച വച്ച സജീഷ് ടോമിന്റെ നേട്ടങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് ലേബർ പാർട്ടി കൗണ്ടി കൗൺസിൽ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. സൗമ്യതയും പ്രവർത്തന മികവും തന്നെയാണ് സജീഷ് ടോമിന്റെ മുഖമുദ്രയെന്ന് പറയാം. യുകെ മലയാളികൾക്കിടയിൽ ചിരപരിചിതനായ സജീഷ് ടോം യുക്മ ദേശീയ ജനറൽ സെക്രട്ടറിയായും എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം വൈക്കം സ്വദേശിയാണ്.

ബിബിൻ ബേബി…
നോർഫോക്കിലെ സ്പ്രോസ്റ്റണിലെ കൗണ്സിലറായാണ് ബിബിൻ ബേബി ലേബർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. നിലവിൽ ടൗൺ കൗൺസിലറും ജില്ലാ കൗൺസിലറുമായ ബിബിൻ ജയിച്ചാൽ ടൗൺ, ജില്ലാ, കൗണ്ടി എന്നിവിടങ്ങളിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാകും. നിരവധി വർഷങ്ങളായി പ്രാദേശികമായി തന്നെ പ്രവർത്തിച്ചു വരുന്ന ബിബിൻ നാട്ടിൽ കെ എസ് യു വിന്റെ സജീവ പ്രവർത്തകനായിരുന്നു. കോട്ടയം കടത്തുരുത്തി കുഴിവേലിൽ കുടുംബാംഗമാണ്.

ജയാ ജോർജ്ജി
മത്സരത്തിന് ഇറങ്ങുമ്പോൾ തന്നെ ചരിത്രത്തിൽ ഇടംപിടിക്കുക എന്ന അപൂർവ്വ ഭാഗ്യമാണ് സഫോൾക്ക് കൗണ്ടിയിലെ ലേബർ പാർട്ടിയുടെ കൗൺസിലർ സ്ഥാനാർഥിയായ ജയ ജോർജിയെ തേടിയെത്തിയത്. ലേബർ പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വുമൺ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജയ, ഇത്തവണ ലേബർ പാർട്ടി ദേശീയ സമ്മേളന പ്രതിനിധി കൂടിയായിരുന്നു. നാട്ടിലെ അഭിഭാഷക ജീവിതത്തിൽ നിന്നും നഴ്‌സ് ജോർജിയുടെ കൈപിടിച്ച് യുകെയിലെത്തിയ ജയ, നിലവിൽ എൻഎച്ച്എസിലും (NHS) സേവനമനുഷ്ഠിക്കുന്നുണ്ട്. സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള ജയ നിരവധി സംഘടനകളിൽ സജീവമാണ്. അഭിഭാഷക കൂടിയായ കാഞ്ഞങ്ങാട് സ്വദേശിനിയാണ് ജയ ജോർജി

അജിത്ദാസ് മേനോൻ
ലണ്ടനിലെ ഈസ്റ്റ് ഫിഞ്ചിലിയിലാണ് അജിത് ദാസ് മേനോൻ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി വോട്ട് തേടുന്നത്. ഫിഞ്ചിലിയിൽ ഇതിനകം തന്നെ തന്റേതായ മികച്ച പ്രവർത്തനങ്ങളിലൂടെ അജിത് ശ്രദ്ധ നേടിയിട്ടുണ്ട്. സ്‌കൂളുകളുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ, കളിസ്ഥലങ്ങൾ, മികച്ച റോഡുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അജിത്തിന്റെ പ്രവർത്തനമെന്നത് തദ്ദേശീയർക്കിടയിലും പിന്തുണ ഉറപ്പിക്കാനായിട്ടുണ്ട്.

ക്രോയ്‌ടോന്‍ മേയര്‍ പദവിയിലേക്ക് മലയാളി സ്വാതന്ത്ര സ്ഥാനാര്‍ഥി
അതിനിടെ ക്രോയിഡോണില്‍ ചെറുകിട വ്യാപാരിയും ലേബര്‍ പാര്‍ട്ടിയുടെ പ്രവത്തകനും ആയിരുന്ന ജോസ് ജോസഫ് സ്വന്തത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തുണ്ട്. തനിക്ക് ലോക്കല്‍ കൗണ്‍സില്‍ ഇലക്ഷനില്‍ സീറ്റ് നിക്ഷേധിച്ച ലേബര്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തോട് ഉടക്കി ഗുരുതരമായ ആരോപണം ഉയര്‍ത്തിയ ശേഷമാണു അദ്ദേഹം പാര്‍ട്ടി സ്ഥാനം രാജി വച്ചത്. പാര്‍ട്ടി ചില നിക്ഷിപ്ത താലപര്യക്കാരുടെ കൈകളില്‍ അകപ്പെട്ടു എന്നാണ് ജോസ് ജോസഫ് ആരോപിക്കുന്നത്. ഇദ്ദേഹം പാര്‍ട്ടി വിടാന്‍ കാരണക്കാരിയായ ലേബര്‍ നേതാവ് തന്നെയാണ് മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥിയായി ക്രോയിഡോണില്‍ മത്സരിക്കുന്ന ഹണി പ്രേംലാലിന്റെ എതിര്‍ സ്ഥാനാര്‍ഥി എന്ന കൗതുകവും ഈ തിരഞ്ഞെടുപ്പിലുണ്ട്. താന്‍ മൂന്നു പതിറ്റാണ്ടായി ക്രോയ്‌ടോന്‍ മലയാളിയാണ് എന്ന വാദമുയര്‍ത്തിയാണ് ജോസ് ജോസഫ് മത്സരിക്കുന്നത്.

പ്രവാസി കേരള കോണ്‍ഗ്രസ് നേതാവ് റീഫോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ബാസില്‍ഡനില്‍
അതിനിടെ സറേയിലെ ഹാരോവിലും കേംബ്രിജ്‌ഷെയറിലെ പീറ്റേര്‍ബറയിലും റീഫോം സ്ഥാനാര്‍ത്ഥികള്‍ മലയാളികളായതിനു പിന്നാലെ ബസില്‍ഡനിലും ഒരു മലയാളി റീഫോം സ്ഥാനാര്‍ഥി ഭാഗ്യ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. പ്രവാസി കേരള കൊണ്‍ഗ്രസ്സ് നേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിച്ച ബസില്‍ഡനിലെ ജോസ് ആന്റണി കാറ്റാടിയാണ് റീഫോം പാര്‍ട്ടി സ്ഥാനാര്‍ഥി ആയി രംഗത്ത് എത്തിയിട്ടുള്ളത്.ലീ ചാപ്പല്‍ വാര്‍ഡിലാണ് ഇദ്ദേഹം മത്സരിക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി ഈ പ്രദേശത്തു താമസിക്കുന്ന ജോസ് കാറ്റാടി കാത്തോലിക് ചര്‍ച് വിശ്വാസികള്‍ക്കിടയിലും പരിചിതമാണ്. ബിസിനസ് മാനേജമെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദമുള്ള ജോസിന് പ്രദേശത്തെ ജനങളുടെ നാവായി മാറാനാകും എന്നാണ് പ്രചാരണ രംഗത്തെ പ്രധാന വാഗ്ദാനം. നാട്ടില്‍ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.

ലീഡോ ജോര്‍ജ്
പലവട്ടം സ്ഥാനാര്‍ഥി ആയി ജയിച്ചു കയറിയ മലയാളി ചെറുപ്പക്കാരന്‍ ഹണ്ടിങ്ങ്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലപ്പത്തേക്ക് എത്തിയതോടെയാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാകെ മലയാളികള്‍ ഇടം പിടിച്ചിരിക്കുന്നത്. ഹണ്ടിങ്ങ്ടണ്‍ ടൗണിലെ ആകെയുള്ള 8 വാര്‍ഡിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 19 പേരെയാണ് ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ളത്. ഇതില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥി പട്ടികയില്‍ മലയാളികളും ഇന്ത്യക്കാരും ഫിലിപ്പിനോ അടക്കം 14 പേരെയാണ് ലീഡോ സ്ഥാനാര്‍ത്ഥികള്‍ ആക്കിയിരിക്കുന്നത്. ശേഷിക്കുന്ന അഞ്ചു പേരാണ് ബ്രിട്ടീഷുകാരായി കണ്‍സര്‍വേറ്റീവ് പക്ഷത്തു നിലയുറപ്പിച്ചിരിക്കുന്നത്. ടൗണ്‍ കൗണ്‍സില്‍ സീറ്റുകളില്‍ ലീഡോ അടക്കം എട്ടു മലയാളികള്‍ മത്സരിക്കുമ്പോള്‍ ജില്ലാ ഡിവിഷനില്‍ ലീഡോയും ടോമിനും സ്ഥാനാര്‍ത്ഥികള്‍ ആകുന്നു എന്ന പ്രത്യേകതയുമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more