1 GBP = 126.74
breaking news

യു.എസ്-ഇറാൻ ചർച്ചകൾ ഇന്ന് ഇസ്‌ലാമാബാദിൽ

യു.എസ്-ഇറാൻ ചർച്ചകൾ ഇന്ന് ഇസ്‌ലാമാബാദിൽ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയെ വിറപ്പിച്ച യു.എസ്-ഇറാൻ യുദ്ധത്തിന് വിരാമമിടാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക സമാധാന ചർച്ചകൾ ഇന്ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് നടക്കും. ചർച്ചയിൽ പങ്കെടുക്കുന്നതിനായി വൈസ് പ്രസിഡന്‍റ് ജെ.ഡി വാൻസ് നയിക്കുന്ന യു.എസ് സംഘവും പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന ഇറാൻ സംഘവും ഇസ്‍ലാമാബാദിൽ എത്തി. ചർച്ചകൾ ദിവസങ്ങളോളം നീണ്ടേക്കാമെന്നാണ് കരുതുന്നത്.

അത്യന്തം സുരക്ഷാ പ്രാധാന്യമുള്ള ഈ ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും. ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ വെച്ചാണ് ചർച്ചകൾ നടക്കുക. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇസ്ലാമാബാദിലെ റെഡ് സോൺ പൂർണ്ണമായും സീൽ ചെയ്യുകയും ഏപ്രിൽ 9, 10 തീയതികളിൽ നഗരത്തിൽ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുക. നിലവിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെത്തുടർന്ന് പ്രതിസന്ധിയിലാണ്. ലബനാനിലെ ആക്രമണം നിർത്താതെ ചർച്ചയുമായി മുന്നോട്ട് പോകാനാവില്ലെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ വെടിനിർത്തൽ കരാർ ലബനാന് ബാധകമല്ലെന്നാണ് അമേരിക്കൻ പക്ഷം.

അതിനിടെ ലബനാനുമായി സന്ധി ചർച്ചക്ക് തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അറിയിച്ചു. എത്രയും വേഗം ചർച്ച തുടങ്ങാനുള്ള നടപടി ആരംഭിക്കാനായി നിർദേശം നൽകിയതായും നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുല്ലയുടെ നിരായുധീകരണത്തിലും സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ലബനാനുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് നെതന്യാഹു പറഞ്ഞു.

വെടിനിർത്തലിന് യു.എസും ഇറാനും ധാരണയായി മണിക്കൂറുകൾക്കകമാണ് ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ 10 മിനിറ്റിനിടെ നൂറിലധികം മിസൈലുകൾ പതിച്ചത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. അഞ്ചാഴ്ചയായി ലബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇസ്രായേൽ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച ഇറാൻ, പ്രതിഷേധമെന്നോണം ഹുർമുസ് ഇടനാഴി വീണ്ടും അടച്ചു. ആക്രമണം തുടർന്നാൽ, ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവ് ലക്ഷ്യമാക്കി മിസൈലാക്രമണം നടത്തുമെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.

അമേരിക്കയുമായും ഇറാനുമായും ഒരേസമയം നയതന്ത്രബന്ധം പുലർത്തുന്ന രാജ്യമാണ് പാകിസ്താൻ. 15 വർഷത്തിന് ശേഷമാണ് ഒരു യു.എസ് വൈസ് പ്രസിഡൻ്റ് പാകിസ്താൻ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ചർച്ചകൾ വിജയിച്ചാൽ അത് ആഗോള ഇന്ധനവില കുറയാനും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും വഴിയൊരുക്കും. എന്നാൽ, ഇസ്രായേലിൻ്റെ നിലപാടുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത അവിശ്വാസവും ചർച്ചകൾക്ക് കടുത്ത വെല്ലുവിളിയായേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more