1 GBP = 126.74
breaking news

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്; ഇറാൻ അംഗീകരിച്ചു

വാഷിങ്ടൺ/തെഹ്റാൻ: ലോക​ത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.

പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഹുർമുസ് കടലിടുക്ക് താൽക്കാലികമായി പൂർണ്ണമായും തുറക്കാൻ ഇറാൻ സമ്മതിച്ചതായി പാകിസ്താൻ അറിയിച്ചു.

നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളും രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇറാൻ നാഗരികതയെ ഇന്ന് മുച്ചൂടും നശിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന ട്രംപ്, സൈനിക നീക്കങ്ങൾ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതായി അറിയിച്ചു.

അമേരിക്കയുടെ എല്ലാ സൈനിക ലക്ഷ്യങ്ങളും ഇതിനോടകം തന്നെ കൈവരിച്ചു കഴിഞ്ഞതായി ട്രംപ് പറഞ്ഞു. ഇറാനുമായും മിഡിൽ ഈസ്റ്റുമായും ദീർഘകാല സമാധാനത്തിനായുള്ള കരാറിന് വളരെ അടുത്തെത്തിയതായും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. ഇറാൻ സമർപ്പിച്ച 10 ഇന നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. നേരത്തെ തർക്കത്തിലായിരുന്ന മിക്കവാറും എല്ലാ കാര്യങ്ങളിലും നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഈ കരാർ അന്തിമമാക്കുന്നതിനാണ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നും ട്രംപ് വ്യക്തമാക്കി.

ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും നിർണായകമായ ഫലമുണ്ടാകാൻ സാധ്യതയുണ്ടെന്നും സമൂഹമാധ്യമമായ എക്സിലൂടെ ശഹ്ബാസ് ശരീഫ് ഇന്നലെ രാത്രി തന്നെ വ്യക്തമാക്കിയിരുന്നു.

‘നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കാനായി നിശ്ചയിച്ചിട്ടുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിക്കുന്നു. ഹുർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് ഇറാനിലെ സഹോദരങ്ങളോട് പാകിസ്താൻ ആവശ്യപ്പെടുന്നു’- ശഹ്ബാസ് ശരീഫ് എക്സിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more