1 GBP = 126.71

ക്രോയിഡണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെ (കേരള ചാപ്റ്റർ) ഇഫ്താർ സംഗമം മതസൗഹൃദത്താലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി

ക്രോയിഡണിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.കെ (കേരള ചാപ്റ്റർ) ഇഫ്താർ സംഗമം മതസൗഹൃദത്താലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി

ക്രോയിഡൺ: മാനവ സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ (കേരള ചാപ്റ്റർ) സംഘടിപ്പിച്ച ഇഫ്താർ സംഗമം ക്രോയിഡണിലെ പൊള്ളാർഡ്സ് ഹില്ലിലെ ന്യൂ ഹോറൈസൺ സെന്ററിൽ നടന്നു. വിവിധ മതവിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ഒരുമിപ്പിച്ച സംഗമത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും നൂറുകണക്കിന് ആളുകളും പങ്കെടുത്തു. കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയേൽ അധ്യക്ഷത വഹിച്ച സംഗമം സ്വീഡനിലെ ഇന്ത്യൻ എംബസിയിലെ പ്രോട്ടോകോൾ ഓഫീസറും പ്രമുഖ ഇന്ത്യൻ സംഗീതജ്ഞനുമായ റാണ പ്രതാപ് ഉദ്ഘാടനം ചെയ്തു. ഷേക്ക് ഇസ്മയിൽ നൂറാനി, റവ. പ്രകാശ് തങ്കച്ചൻ (ചർച്ച് ഓഫ് ഇംഗ്ലണ്ട്) സന്ദേശം നൽകി ആശംസകൾ അറിയിച്ചു.

ആത്മപരിശുദ്ധിയുടെയും ആത്മനിയന്ത്രണത്തിന്റെയും കാലമാണ് റമദാൻ കാലമെന്നും വിവിധ മതവിശ്വാസങ്ങളിൽ ഉള്ളവർ ഒരുമിച്ച് ചേർന്ന് ഇഫ്താർ പങ്കിടുന്നത് സമൂഹത്തിലെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര പ്രതീകമാണെന്നും ഉദ്ഘടന പ്രസംഗത്തിൽ റാണാ പ്രതാപ് പറഞ്ഞു. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹം ഇത്തരത്തിലുള്ള കൂട്ടായ്മകളിലൂടെ പരസ്പര ബഹുമാനവും സഹകരണവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാൻ മനുഷ്യനെ ആത്മീയമായി ഉയർത്തുന്ന വിശുദ്ധ മാസമാണെന്നും ഉപവാസം നമ്മെ ക്ഷമയുടെയും സഹനത്തിന്റെയും ദാനത്തിന്റെയും പാഠം പഠിപ്പിക്കുന്നുവെന്നും ഷേക്ക് ഇസ്മയിൽ നൂറാനി പറഞ്ഞു. സമൂഹത്തിൽ സമാധാനവും സഹോദരത്വവും വളർത്താനുള്ള മികച്ച അവസരമാണ് ഇത്തരം ഇഫ്താർ സംഗമങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മതവിശ്വാസങ്ങളിലുള്ള ആളുകൾ ഒരുമിച്ച് കൂടുന്ന ഇത്തരം വേദികൾ സമൂഹത്തിൽ പരസ്പര ബഹുമാനവും ഐക്യവും വർധിപ്പിക്കുമെന്ന് റവ. പ്രകാശ് തങ്കച്ചൻ പറഞ്ഞു. മതങ്ങളെക്കാൾ മനുഷ്യസ്നേഹമാണ് നമ്മെ ഒരുമിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാൻ കാലഘട്ടം ആത്മീയതയും മാനവികതയും കൂടുതൽ ശക്തിപ്പെടുത്തുന്ന സമയമാണെന്നും വിവിധ മതങ്ങളിലുള്ള ആളുകൾ ഒരുമിച്ച് ഇഫ്താർ പങ്കിടുന്നത് സഹവർത്തിത്വത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമാണെന്നും അധ്യക്ഷ പ്രസംഗത്തിൽ സുജു കെ. ഡാനിയേൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യൻ സമൂഹം ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് അപ്പാ ഗഫൂർ സ്വാഗതവും ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അബ്‌ദുള്ള നന്ദിയും പറഞ്ഞു. ഐഒസി യൂറോപ്പ് ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഇർഷാദ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ ജോർജ് ജോസഫ്, അനൂപ് ശശി, കേരള ചാപ്റ്റർ സെക്രട്ടറി മെബിൻ ബേബി, തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ്‌ ഖലീലുള്ള, യൂത്ത് വിങ് പ്രതിനിധി നസീൽ അലി, രാജൻ പടിയിൽ, അൻസാർ അലി, ഷാജി ആനന്ദ്, ജവഹർ ലാൽ, സുജ ആർത്തൂർ, സാബു ജോർജ്ജ്,കെ എം സി സി ഭാരവാഹികളായ പി എം എ നാസർ, ഷുഹൈബ് പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ ഇഫ്താർ സംഗമം നോമ്പുതുറയുടെ ആത്മീയതയ്ക്കൊപ്പം മനുഷ്യസ്നേഹവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്ന വേദിയായിത്തീർന്നുവെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more