1 GBP = 130.53
breaking news

മാനസികപ്രശ്‌നമെന്ന് വരുത്താന്‍ ശ്രമം; ജയില്‍ ലൈബ്രറിയില്‍ നിന്ന് വായിച്ചത് സൈക്കാട്രി പുസ്തകങ്ങള്‍; സന്ദീപിന്റെ വാദങ്ങള്‍ പൊളിച്ചതിങ്ങനെ

മാനസികപ്രശ്‌നമെന്ന് വരുത്താന്‍ ശ്രമം; ജയില്‍ ലൈബ്രറിയില്‍ നിന്ന് വായിച്ചത് സൈക്കാട്രി പുസ്തകങ്ങള്‍; സന്ദീപിന്റെ വാദങ്ങള്‍ പൊളിച്ചതിങ്ങനെ

ഡോ. വന്ദന ദാസ് വധക്കേസിലെ പ്രതി കള്ളത്തെളിവുണ്ടാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും കപടമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചുനെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ്.ജി.പടിക്കല്‍. കോടതിയില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങളെല്ലാം തന്നെ കോടതിയില്‍ സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

പ്രതിക്ക് മാനസികപ്രശ്‌നം ഉണ്ടെന്ന പ്രതിഭാഗം വാദം ഒരു കാരണവശാലും നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയതായി അഭിഭാഷകന്‍ പറഞ്ഞു. ഒരു കുറ്റകൃത്യത്തിന് ശേഷം എങ്ങനെ തനിക്കനുകൂലമായി തെളിവുണ്ടാക്കണമെന്ന് വളരെ ബുദ്ധിപൂര്‍വം ഒരു പ്ലോട്ട് ഉണ്ടാക്കിയെടുത്ത പ്രതിയാണ് സന്ദീപ്. പരുക്ക് പറ്റിയ ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. കേസില്‍ തനിക്ക് രക്ഷപെടാനുള്ള ആകെയുള്ള പോംവഴി മാനസികപ്രശ്‌നം ആണെന്ന് കണ്ടെത്തിയ വിദ്യാസമ്പന്നനായ പ്രതി ജയിലിലെ ലൈബ്രറിയില്‍ നിന്ന് സൈക്കാട്രിയുടെ പുസ്തകങ്ങള്‍ എടുത്ത് വായിച്ച് പഠിച്ചു. തന്നെ ചോദ്യം ചെയ്യാന്‍ വരുന്ന മെഡിക്കല്‍ ബോര്‍ഡിലെ അതിവദഗ്ദരായ ഡോക്ടര്‍മാരെ കബളിപ്പിക്കാനുള്ള ഉത്തരങ്ങള്‍ നല്‍കിയ ശേഷം സ്‌കീസോഫ്രീനിയ ലക്ഷണങ്ങള്‍ തനിക്കുണ്ടെന്ന് എന്ന തരത്തിലേക്ക് തെളിവ് കൊണ്ടുവരാനാണ് ശ്രമിച്ചത്. എന്നാല്‍ പ്രതി കള്ളത്തെളിവുണ്ടാക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും കപടമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. അതിന്റെ ഫലമാണ് കോടതി വിധി- അദ്ദേഹം പറഞ്ഞു. മാനസിക പ്രശ്‌നം എന്ന വാദം പ്രതി ഉന്നയിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി മുന്‍കൂട്ടി നടത്തിയ നീക്കങ്ങളാണ് ഈ വാദങ്ങള്‍ പൊളിക്കാന്‍ പ്രോസിക്യൂഷനെ സഹായിച്ചത്.

2023 മേയ് 10 പുലര്‍ച്ചെ 3.30നായിരുന്നു അടിപിടി കേസില്‍ പ്രതിയായ കൊടുവട്ടൂര്‍ സ്വദേശി സന്ദീപുമായി പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. ചികിത്സക്കിടെ ആയുധം എടുത്ത സന്ദീപ് പ്രകോപിതനായി ഡോ.വന്ദനയെ നിരവധി തവണ കുത്തി. രാവിലെ 8.30 – ഡോക്ടര്‍മാരുടെ ശ്രമങ്ങളെല്ലാം വിഫലമായി. ഡോ. വന്ദനയുടെ മരണം സ്ഥിരീകരിച്ചു. പിന്നാലെ പ്രതി സന്ദീപിനെ അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ എത്തിച്ച പ്രതിക്ക് കൈവിലങ്ങ് ഇടാതിരുന്നത് പൊലീസിന് സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധനയില്‍ പ്രതിക്ക് മാനസിക ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി. 2023 ജൂലൈ 1, കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 1ന് കൊലപാതകം നടന്ന് 84-ാം ദിവസം ക്രൈംബ്രാഞ്ച് കൊല്ലം കോടതിയില്‍ 1050 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്കെതിരെ ഐപിസിയിലെ 11 വകുപ്പുകള്‍ ചുമത്തി.

ഓഗസ്റ്റ് 5ന് പ്രതി സന്ദീപിനെ അധ്യാപക സര്‍വീസില്‍നിന്നു പിരിച്ചുവിട്ടു. വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ കഠിനശിക്ഷ നിയമം വ്യവസ്ഥ ചെയ്യുന്നു. അതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 25 ലക്ഷം രൂപ കൈപ്പറ്റില്ലെന്ന് വന്ദനയുടെ മാതാപിതാക്കളായ മോഹന്‍ദാസും വസന്തകുമാരിയും നിലപാടെടുത്തു. 2024 ഫെബ്രുവരി 6ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളി. ഫെബ്രുവരി 14 കേസില്‍ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 2026 ഫെബ്രുവരി 8ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. കേസില്‍ വിസ്തരിച്ചത് 70-ലധികം സാക്ഷികളെ. 207 രേഖകളും ഹാജരാക്കി. കേരളത്തില്‍ ഒരു കൊലപാതക കേസില്‍ ഏറ്റവും അധികം ഡോക്ടേഴ്‌സ് സാക്ഷികളായ കേസ് കൂടിയായിരുന്നു ഡോ.വന്ദനാ ദാസ് കൊലക്കേസ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more