1 GBP = 129.90
breaking news

കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു; മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു; മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് ദാരുണാന്ത്യം. മുൻപ് പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. അഞ്ച് പേരായിരുന്നു സ്ലാബിനടിയിൽ കുടുങ്ങിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ ബീച്ച് ആശുപത്രിയിൽ എത്തിച്ചേങ്കിലും മൂന്ന് പേർ മരിച്ചിരുന്നു.

കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശികളായ അഷ്റഫ്, ബഷീർ എന്നിവരാണ് മരിച്ചത്. അഷ്റഫും ബഷീറും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. നിരവധി തൊഴിലാളികൾ വിശ്രമിക്കാനായി എത്തുന്ന കെട്ടിടം കൂടിയാണിത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഫിറ്റ്നസ് ഇല്ലാത്ത ബിൽഡിങുകൾക്ക് ലൈസൻസ് നൽകരുതെന്ന് നിരവധി തവണ പറഞ്ഞതാണെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ് വി സയ്യിദ് ഷമീൽ മുഹമ്മദ് പറഞ്ഞു. സംഭവം അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷാ സംവിധാനങ്ങളിൽ ഒരു അടിസ്ഥാനവുമില്ലെന്നും കൃത്യമായ പരിശോധനകൾ ഇല്ലെന്നും സയ്യിദ് ഷമീൽ മുഹമ്മദ് ആരോപിച്ചു. വലിയ അപകടമാണ് നടന്നതെന്നും എവിടെയാണ് കോർപ്പറേഷന് വീഴ്ച പറ്റിയതെന്ന് പരിശോധിക്കുമെന്നും മേയർ ഒ സദാശിവൻ പറഞ്ഞു.

കെട്ടിടത്തിന് എഴുപത് വർഷത്തോളം പഴക്കമുണ്ട്. രണ്ടാഴ്ച മുൻപ് ഇതേ കെട്ടിടത്തിൽ പുതിയ സ്ഥാപനം പ്രവർത്തനമാരംഭിച്ചിരുന്നു. കെട്ടിടം പൊളിച്ചുനീക്കണമെന്ന നിർദേശം ഉണ്ടായിരുന്നു. ഇത് മറികടന്നാണ് സ്ഥാപനത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more