1 GBP = 129.91
breaking news

ഡോണൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ നിരീക്ഷക രാജ്യമായി പ​ങ്കെടുത്ത് ഇന്ത്യ

ഡോണൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ നിരീക്ഷക രാജ്യമായി പ​ങ്കെടുത്ത് ഇന്ത്യ

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിൽ നിരീക്ഷക രാജ്യമായി പ​ങ്കെടുത്ത് ഇന്ത്യ. വ്യാഴാഴ്ച നടന്ന സംഘടനയുടെ ആദ്യ​ യോഗത്തിലായിരുന്നു നിരീക്ഷക രാജ്യമായുള്ള ഇന്ത്യയുടെ പങ്കാളിത്തം. വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിയുടെ ചുമതലക്കാരനായ നാംഗ്യ സി ഖമ്പയാണ് യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പ​ങ്കെടുത്തത്.

ബോർഡ് ഓഫ് പീസിൽ ചേരാൻ മറ്റ് രാജ്യങ്ങൾക്കൊപ്പം തുടക്കത്തിൽ തന്നെ ഇന്ത്യക്കും ട്രംപ് ക്ഷണം നൽകിയിരുന്നു. എന്നാൽ, അതിനോട് ഇന്ത്യ പ്രതികരിച്ചിരുന്നില്ല. ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്ന സംവിധാനം എന്ന നിലയ്ക്കാണ് ട്രംപ് ബോർഡ് ഓഫ് പീസ് വിഭാവനം ചെയ്തിരിക്കുന്നത്. സംഘർഷമുള്ളതോ സംഘർഷ ഭീഷണി നേരിടുന്നതോ ആയ പ്രദേശങ്ങളിൽ സ്ഥിരത കൈവരുത്തുന്നതിനും നിയമാനുസൃതമായ ഭരണം പുനഃസ്ഥാപിക്കുന്നതിനും ദീർഘകാലസമാധാനം ഉറപ്പാക്കുന്നതിനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്രസംഘടന എന്നാണ് അറുപതോളം രാജ്യങ്ങൾക്ക് യുഎസ് അയച്ച കരടു പ്രമാണരേഖയിൽ ബോർഡ് ഓഫ് പീസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രമാണരേഖയ്ക്കൊപ്പം ഇതിൽ ചേരാനുള്ള ക്ഷണപത്രവുമുണ്ട്.

എന്നാൽ, കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ട്രംപ് എന്ത് നടപടി സ്വീകരിക്കുമെന്ന ആശങ്കയുള്ളതിനാൽ തുടക്കം മുതൽ ബോർഡ് ഓഫ് പീസിൽ അകലം പാലിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. പല രാജ്യങ്ങളും തുടക്കത്തിൽ ട്രംപിന്റെ നീക്കത്തോടെ സംശയത്തോടെയാണ് പ്രതികരിച്ചത്. ഈ സമിതി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തിയേക്കുമെന്ന് ചില യൂറോപ്യൻ നയതന്ത്രജ്ഞർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more