1 GBP = 123.14
breaking news

ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി

ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: നടനും മുന്‍ സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല കോൺഗ്രസിലേക്കെന്ന് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടൻ കൂടികാഴ്ച നടത്തി. രാവിലെയോടെയാണ് ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിന്റെ വീട്ടിലെത്തിയത്. തന്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം.

നേരത്തെ ആശയപരമായി ഇടതുപക്ഷത്തോട് വിയോജിപ്പുകളുണ്ടെന്ന് നടൻ പരസ്യമായി പറയുകയും മാറി നിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കോൺഗ്രസിന്റെ സാംസ്കാരിക സംഘടനകൾ നടത്തുന്ന പരിപാടികളിലും ജയൻ ചേർത്തല ഭാഗമായിരുന്നു.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് മോഹന്‍ലാലിനെ ആദരിക്കുന്ന ചടങ്ങിന് ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പേര് നല്‍കിയതിനെതിരെയും താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജയന്‍ ചേര്‍ത്തല രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തത്വങ്ങളുമായി ചേര്‍ത്തുകൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് ‘ലാല്‍സലാം’ എന്ന് പേര് നല്‍കിയതെന്നായിരുന്നു ജയന്‍ ചേര്‍ത്തലയുടെ വിമര്‍ശനം.

അതേസമയം, സിപിഐഎമ്മുമായി അകന്ന ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാറിനെ കൂടെനിര്‍ത്താനുള്ള നീക്കം സജീവമാക്കുകയാണ് കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക ചര്‍ച്ച നടക്കും. പ്രേംകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനും സാധ്യതയുണ്ട്.

എന്നാൽ പാര്‍ട്ടിക്കെതിരെ അതൃപ്തി പരസ്യമാക്കിയ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഐഎം. മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ പ്രേംകുമാറിന്റെ വീട്ടിലെത്തിയിരുന്നെങ്കിലും നടന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നിരുന്നില്ല. പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് പോകില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു.

ഇടതു സഹയാത്രികന്‍ എന്ന നിലയില്‍ തുടരുമെന്നും പ്രേംകുമാറിനോട് പാര്‍ട്ടി സംസാരിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഒരു വഴിയും അടഞ്ഞിട്ടില്ല. നിരവധി മാര്‍ഗ്ഗങ്ങള്‍ മുന്നിലുണ്ട്. സംസാരിച്ചാല്‍ തീരാവുന്ന പരിഭവമേ പ്രേംകുമാറിന് ഉള്ളൂ. എഫ്ബി പോസ്റ്റിട്ടപ്പോള്‍ തന്നെ പ്രേംകുമാറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. അന്ന് അദ്ദേഹത്തെ കിട്ടിയിരുന്നില്ല. അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിയത് കാലാവധി തീര്‍ന്നതുകൊണ്ട് മാത്രമാണെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാതിരിക്കുകയും തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നീക്കിയതും ഇരട്ട നീതിയെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more