1 GBP = 130.54
breaking news

നന്ദഗോവിന്ദം ഭജന സംഘത്തെ ക്ഷണിച്ചിട്ടില്ല, ചെലവുകളെ കുറിച്ച് പറയേണ്ടത്‌ ദേവസ്വം ബോർഡ്: മന്ത്രി വി എൻ വാസവൻ

നന്ദഗോവിന്ദം ഭജന സംഘത്തെ ക്ഷണിച്ചിട്ടില്ല, ചെലവുകളെ കുറിച്ച് പറയേണ്ടത്‌ ദേവസ്വം ബോർഡ്: മന്ത്രി വി എൻ വാസവൻ

കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവുകളെ കുറിച്ച് വിശദീകരണം നടത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് ബോർഡ് ആണ്. ബോർഡ് ഇക്കാര്യത്തിൽ മറുപടി പറയും. ബോർഡ് അഡ്വാൻസ് പൈസ തിരിച്ചു കൊടുത്തു എന്നാണ് കിട്ടിയ മറുപടി. സ്‌പോൺസറുടെ പൈസ കൊണ്ടാണ് പരിപാടി നടന്നത്. താൻ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയുമെന്നും വാസവൻ ചോദിച്ചു

താൻ പരിപാടിയിൽ എത്തുന്നതിന് മുമ്പ് രാവിലെ അവിടെ ഒരു ഭജന നടന്നിരുന്നു എന്നാണ് അറിവ്. എന്നാലത് നന്ദഗോവിന്ദം ഭജൻസിന്റേത് ആണോ എന്നത് അറിയില്ല. നന്ദഗോവിന്ദം ഭജന സംഘത്തെ അവിടെ ക്ഷണിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകിയിരുന്നു. താൻ കണക്കിൽ ഒന്നിലും ഇടപെട്ടിട്ടില്ല. കണക്കിൽ പിശക് ഉണ്ടേൽ കോടതി പറയട്ടെ. അന്വേഷണം നടത്തണം എന്ന് കോടതി പറഞ്ഞാൽ അന്വേഷിക്കും. പരിപാടിക്ക് പശ്ചാത്തല സംവിധാനം ഒരുക്കുക മാത്രം ആണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം കുടുംബത്തിലെ പ്രശ്‌നം തടയാൻ ആകാത്തവർ എങ്ങനെ നാടിന്റെ പ്രശ്‌നം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി പറഞ്ഞു. കുറ്റ്യാടിയിൽ കണ്ടത് സ്‌നേഹം ആണെന്നാണ് പറയുന്നത്. സ്വന്തം താടി താങ്ങാൻ ആകാത്തവർക്ക് എങ്ങനെ അങ്ങാടി താങ്ങാൻ ആകുമെന്നും അദ്ദേഹം ചോദിച്ചു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more