ലണ്ടൻ: റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) നടത്തിയ മാസങ്ങളോളം നീണ്ട ശക്തമായ ഇടപെടലുകളുടെയും സമ്മർദ്ദങ്ങളുടെയും ഫലമായി, ഇംഗ്ലണ്ടിലെ നഴ്‌സിംഗ് സ്റ്റാഫിന്റെ കരിയർ പുരോഗതിയെ തടസപ്പെടുത്തുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പുതിയ നടപടികൾ പ്രഖ്യാപിച്ചു. ആരോഗ്യ–സാമൂഹ്യപരിചരണ സെക്രട്ടറിയായ വെസ് സ്‌ട്രീറ്റിംഗ് എംപി നഴ്‌സുമാർക്ക് കൂടുതൽ നീതിയുള്ള ശമ്പളവും, ശക്തമായ പിന്തുണയും, വ്യക്തമായ കരിയർ വഴികളും ഉറപ്പാക്കുന്ന സമഗ്ര പാക്കേജാണ് അവതരിപ്പിച്ചത്.
എൻഎച്ച്എസിലെ നഴ്‌സിംഗ് വർക്‌ഫോഴ്സിൽ നിക്ഷേപം നടത്തുന്നതിനായി സർക്കാർ മൂന്ന് പ്രധാന മേഖലകളിലാണ് ഇടപെടുന്നത്.
- ബിരുദധാരികളുടെ ശമ്പളം വർധിപ്പിക്കും
നഴ്‌സിംഗ് ഉൾപ്പെടെ അജണ്ട ഫോർ ചെയ്ഞ്ച് (Agenda for Change) സംവിധാനത്തിൽ വരുന്ന എല്ലാ ബിരുദധാരികളുടെയും ശമ്പളത്തെ മുൻഗണനയായി പരിഗണിക്കാൻ എൻഎച്ച്എസ് സ്റ്റാഫ് കൗൺസിലിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഘടനാപരമായ പരിഷ്‌കരണ ചർച്ചകളിൽ (structural reform negotiations) ഇത് പ്രധാന അജണ്ടയായിരിക്കും.
- ബാൻഡ് 5 നഴ്‌സുമാരുടെ ജോലി–ശമ്പള അവലോകനം
ബാൻഡ് 5-ൽ ശമ്പളം ലഭിക്കുന്ന ഓരോ നഴ്‌സിന്റെയും ജോലി ചുമതലകൾ തൊഴിലുടമകൾ വിശദമായി അവലോകനം ചെയ്യണം. പല നഴ്‌സുമാരും ഉയർന്ന ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടും അതിന് അനുയോജ്യമായ ശമ്പളം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഈ അവലോകനത്തിലൂടെ ഉണ്ടാകുന്ന ശമ്പളവർധനവുകൾക്കായി സർക്കാർ പ്രത്യേക ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇത് 2026/27 ലെ ജീവച്ചെലവ് (cost-of-living) ശമ്പളവർധനവിനുള്ള ഫണ്ടിൽ നിന്ന് പൂർണ്ണമായും വേറിട്ടതാണ്.
- ദേശീയതലത്തിലുള്ള ഏകീകൃത നഴ്‌സിംഗ് പ്രിസെപ്റ്റർഷിപ്പ് സംവിധാനം
ഇംഗ്ലണ്ടിലെ ചീഫ് നഴ്‌സിംഗ് ഓഫീസറുടെ പ്രൊഫഷണൽ നഴ്‌സിംഗ് തന്ത്രത്തിന്റെ ഭാഗമായി, യൂണിയനുകൾ, തൊഴിലുടമകൾ, മറ്റ് പങ്കാളികൾ എന്നിവരുമായി ചേർന്ന് രാജ്യവ്യാപകമായി ഒരേ നിലവാരത്തിലുള്ള നഴ്‌സിംഗ് പ്രിസെപ്റ്റർഷിപ്പ് സംവിധാനം രൂപീകരിക്കും. ഇതിലൂടെ എല്ലാ പുതിയ നഴ്‌സുമാർക്കും അവരുടെ കരിയറിന്റെ തുടക്കത്തിൽ മികച്ച പിന്തുണയും പരിശീലനവും ഉറപ്പാക്കുകയാണ് ലക്ഷ്യം. സമ്പൂർണ നഴ്‌സിംഗ് തന്ത്രം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആർസിഎൻ ജനറൽ സെക്രട്ടറി ചീഫ് എക്സിക്യൂട്ടീവ് പ്രൊഫസർ നിക്കോള റേഞ്ചർ പ്രതികരിച്ചത് ഇങ്ങനെ:
“നഴ്‌സിംഗ് സ്റ്റാഫിന്റെ കരിയർ പുരോഗതിക്കായി ഇത് വലിയ മുന്നേറ്റമാണ്. അനേകം നഴ്‌സുമാർ അവരുടെ കഴിവുകളും ഉത്തരവാദിത്വങ്ങളും പരിഗണിക്കാതെ നീതിയില്ലാത്ത ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. പലരും കരിയർ ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നത് അതേ കുറഞ്ഞ ശമ്പള ബാൻഡിലാണെന്നത് ഗുരുതര പ്രശ്നമാണ്.”
ഈ ശമ്പള അവലോകനത്തിനും ഉയർന്ന ശമ്പളത്തിനും ആവശ്യമായ ധനസഹായം ലഭ്യമാണെന്ന് സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് എൻഎച്ച്എസ് ജീവച്ചെലവ് ശമ്പളവർധനവുമായി ബന്ധപ്പെട്ടതല്ലെന്നും, ആ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ആർസിഎൻ വ്യക്തമാക്കി. നഴ്‌സുമാരെ യഥാർത്ഥത്തിൽ വിലമതിക്കുന്ന ഒരു ന്യായമായ ശമ്പള കരാർ അത്യാവശ്യമാണെന്നും സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം ആർസിഎൻ അംഗങ്ങൾ റെക്കോർഡ് തോതിൽ ശബ്ദമുയർത്തിയതായും, ന്യായമായ ശമ്പളത്തിനും കരിയർ പുരോഗതിക്കും വേണ്ടി അവരുടെ ആവശ്യങ്ങൾ നേരിട്ട് മന്ത്രിമാരുടെയും എൻഎച്ച്എസ് നേതൃത്വത്തിന്റെയും മുമ്പാകെ അവതരിപ്പിച്ചതായും നിക്കോള പറഞ്ഞു.
നഴ്‌സിംഗ് ഒരു “സുരക്ഷാ നിർണായക” (safety-critical) തൊഴിലാണ് എന്നും, ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമ പ്രവർത്തനത്തിന് ഈ നിക്ഷേപം നിർണായകമാണെന്നും ആർസിഎൻ വ്യക്തമാക്കി.
ഇതിനൊപ്പം, പുതിയ നഴ്‌സിംഗ് റോളുകൾ നടപ്പിലാക്കുന്ന ഘട്ടത്തിൽ, ജോലി മൂല്യനിർണയം (job evaluation) ലഭ്യമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളും യു.കെ മുഴുവൻ എൻഎച്ച്എസ്, എച്ച്.എസ്.സി മേഖലകളിലെ അംഗങ്ങൾക്ക് ആർസിഎൻ തുടർന്നും നൽകുമെന്ന് അറിയിച്ചു.
click on malayalam character to switch languages