ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ.എൽ.ആർ (ILR) അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) ദേശീയതലത്തിൽ ആരംഭിച്ച ക്യാംപെയ്നിന് പിന്തുണ പ്രഖ്യാപിച്ച് ക്രോളി മലയാളി കമ്മ്യൂണിറ്റി രംഗത്തെത്തി.
പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കാവുന്ന ഐ.എൽ.ആർ പരിഷ്കാരങ്ങൾ, നിയമപരമായി കുടിയേറിയ സ്കിൽഡ് വർകേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം എന്നിവ ഉന്നയിച്ചുകൊണ്ട് ക്രോളി മലയാളി കമ്മ്യൂണിറ്റി ഭാരവാഹികളും യുക്മ പ്രതിനിധികളും ക്രോളി എംപി പീറ്റർ ലാംബിനെ കൗൺസിലർ അതിഫ് നവാസിന്റെ സാന്നിധ്യത്തിൽ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
നിർദേശിച്ച വൈറ്റ് പേപ്പർ പ്രാവർത്തികമാക്കിയാൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കകൾ എംപിയുമായി നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ വിശദമായി പങ്കുവച്ചു.
കൂടിക്കാഴ്ചയിൽ ക്രോളി മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് എറിക്സൺ ജോസഫ്, ജിയോ ഫ്രാൻസിസ്, ജിബിൻ ഫിലിപ്പ് ജോയ് എന്നിവർ പങ്കെടുത്തു. യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ ട്രഷറർ തേജു മാത്യൂസും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
ക്രോളി സമൂഹത്തിനായി മലയാളി കമ്മ്യൂണിറ്റി നടത്തിയ സേവനങ്ങളും സാന്നിധ്യവും, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ നിർണായക പങ്കാളിത്തവും പ്രതിനിധികൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോവിഡ്-19 മഹാമാരിക്കാലത്ത് ഫ്രണ്ട്‌ലൈൻ വർക്കർമാരായി പ്രവർത്തിച്ച്, കുടുംബാംഗങ്ങളെ വിട്ട് വ്യക്തിജീവിതം പോലും ത്യജിച്ച് സമൂഹത്തിനായി സേവനം ചെയ്ത മലയാളികളുടെ സംഭാവനകൾ അവർ വിശദീകരിച്ചു.
ഇൻഡിഫിനിറ്റ് ലീവ് ടു റിമെയിൻ (ILR), വിസ നിബന്ധനകൾ, സ്പൗസ് വിസ വിഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിർദേശിച്ച മാറ്റങ്ങൾ ഈ സമൂഹത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമായി ഉന്നയിച്ചു.
എംപി പീറ്റർ ലാംബ് ആശങ്കകൾ സഹാനുഭൂതിയോടെ സ്വീകരിക്കുകയും, കോവിഡ് കാലത്ത് ഉൾപ്പെടെ മലയാളി സമൂഹം നൽകിയ സേവനങ്ങളും ത്യാഗങ്ങളും അംഗീകരിക്കുകയും ചെയ്തു. ക്രോളി മലയാളി കമ്മ്യൂണിറ്റിയുടെ ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കുമെന്നും അവർക്ക് വേണ്ടി ശക്തമായി സംസാരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ക്രോളി മലയാളി കമ്മ്യൂണിറ്റിയിലെ കമ്മിറ്റിയുടെ പ്രസിഡണ്ട് ജൂഡിത്ത് റോബർട്ട്സ്, രക്ഷാധികാരി എറിക്സൺ ജോസഫ്, സെക്രട്ടറി ജിയോ ഫ്രാൻസിസ്, ട്രഷറർ അരുൺ വർഗ്ഗീസ് എക്സികൂട്ടീവ് അംഗങ്ങളായ അനിൽ തോമസ്സ്, അലക്സ് തരുത്തേൽ, ഷമാൽ രാമചന്ദ്രൻ, നീതു ബേബി, അനിത് മാത്യൂ, പ്രിയേഷ് ബാബു, ജിബിൻ ഫിലിപ്പ് ജോയി, തേജു മാത്യൂസ് എന്നിവരുടെ സഹകരണം ആണ് അംഗങ്ങളുടെ ഇടയിൽ ഈ കാമ്പയിൻ പ്രവർത്തനങ്ങൾ വിജയകരമാകാൻ ഇടയായത്.
click on malayalam character to switch languages