ന്യൂഡൽഹി: രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് പ്രക്ഷുബ്ധമായ ലോക്സഭയിൽ സെക്രട്ടറി ജനറലിന്റെ മേശക്ക് മേൽ കയറി ചെയറിനെ വളഞ്ഞ കോൺഗ്രസിന്റെ ഏഴും സി.പി.എമ്മിന്റെ ഒന്നും എം.പിമാരെ ബജറ്റ് സമ്മേളനം വരെ സസ്പെൻഡ് ചെയ്തു.
ഇന്ത്യ – ചൈന അതിർത്തിയിലെ സംഘർഷത്തെ കുറിച്ച് രാഹുൽ മിണ്ടരുതെന്ന് കൽപിച്ച് മൈക്ക് ഓഫ് ചെയ്ത ചെയറിലുണ്ടായിരുന്ന ടി.ഡി.പി നേതാവ് കൃഷ്ണപ്രസാദ് തെന്നേറ്റിയെ ലോക്സഭാ സെക്രട്ടറി ജനറലിന്റെ മേശക്ക് മേൽ കയറി ഉപരോധിച്ചതിനാണ് ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം എട്ട് ഇൻഡ്യ എം.പിമാരെ സസ്പെൻഡ് ചെയ്തത്.
രണ്ടിന് ചർച്ച തുടങ്ങുമ്പോൾ പ്രക്ഷുബ്ധമായ സഭ ഒരു തവണ നിർത്തിവെച്ച ശേഷം വീണ്ടും മൂന്നിന് ചേർന്ന് സസ്പെൻഷനുള്ള പ്രമേയം അവതരിപ്പിക്കുമ്പോഴും പ്രതിപക്ഷ എം.പിമാർ സെക്രട്ടറി ജനറലിന്റെ മേശക്ക് മുകളിലുണ്ടായിരുന്നു.
മുൻ കരസേനാ മേധാവിയുടെ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ച കാരവൻ മാഗസിന്റെ പകർപ്പ് കൈയിലുയർത്തിയ രാഹുൽ ഇതു വായിക്കാൻ സ്പീക്കർ സമ്മതിക്കാത്തതിനാൽ സഭാ ചട്ടം അനുസരിച്ച് രേഖ ആധികാരിമാണെന്ന് പ്രസ്താവിച്ച് അതിന്റെ പകർപ്പ് താൻ സഭയുടെ മേശപ്പുറത്ത് വെക്കുകയാണെന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ വീഴ്ചയിലേക്ക് രാഹുൽ കടന്നതും അനുവദിക്കില്ലെന്ന് ചെയർ വ്യക്തമാക്കി.
കോൺഗ്രസ് എം.പിമാർ കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടപടി ചോദ്യം ചെയ്തു. തർക്കം തുടരുന്നതിനിടയിൽ രാഹുലിന്റെ മൈക്ക് ഓഫ് ചെയ്ത് എസ്.പിയുടെ നരേഷ് ഉത്തം, ടി.എം.സിയുടെ ശതാബ്ദി റോയ്, ഡി.എം.കെയുടെ കതിരാനന്ദ് എന്നിവരെ സംസാരിക്കാൻ വിളിച്ചതോടെ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ ചെയറിന് നേരെ പാഞ്ഞു. ഐക്യദാർഢ്യപ്പെട്ട് തുടർന്ന് വിളിച്ച പ്രതിപക്ഷത്തെ മൂന്ന് നേതാക്കളും സംസാരിച്ചില്ല. ടി.ഡി.പിയുടെ ബാലയോഗിയെ വിളിച്ചതും പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി.
രാഹുലിന്റെ മൈക്ക് ഓൺ ചെയ്യാൻ ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്ന കൃഷ്ണ പ്രസാദിന്റെ നടപടിയിൽ രോഷാകുലരായ കോൺഗ്രസിന്റെ മണികം ടാഗോർ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിങ്, രാജ വാറിങ്, ഗുർജിത് സിങ് ഓജ്‍ല, കിരൺ കുമാർ റെഡ്ഢി, പ്രശാന്ത യാദവ റാവു, സി.പി.എമ്മിന്റെ സൂ വെങ്കിടേശൻ എന്നിവർ സെക്രട്ടറി ജനറലിന്റെ മേശയിലേക്ക് വലിഞ്ഞുകയറി.
ചെയറിലുള്ള കൃഷ്ണപ്രസാദിനെ കാണാനാവാത്ത വിധം വളഞ്ഞ് കടലാസുകൾ കീറിയെറിഞ്ഞു. മഹുവ മൊയ്ത്ര മേശക്ക് മുകളിൽ കയറാൻ ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ല. അതോടെ പിരിഞ്ഞ സഭ നാലിന് വീണ്ടും ചേർന്നാണ് മേശപ്പുറത്ത് കയറിയവരെ പുറത്താക്കാനുള്ള പ്രമേയം കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ചതും പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടിനിട്ട് പാസാക്കിയതും. തുടർന്ന് പാർലമെന്റിന് പുറത്തിറങ്ങി കോൺഗ്രസ് എം.പിമാർ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
click on malayalam character to switch languages