1 GBP = 122.68
breaking news

ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ നെടുമ്പാശ്ശേരി

ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാൻ നെടുമ്പാശ്ശേരി

കൊച്ചി: രാജ്യത്ത് ഹൈഡ്രജൻ ബസുകൾ യാത്രക്കാർക്കായി നിരത്തിലിറക്കുന്ന ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഒരുങ്ങുന്നു. ഇതിനായി കേരള ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്റർ (K-HVIC) ഫൗണ്ടേഷനും സിയാലും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഞായറാഴ്ച സിയാലിലെ 0484 എയ്റോ ലോഞ്ചിൽ നടന്ന ചടങ്ങിൽ, വൈദ്യുതി മന്ത്രിയും അനെർട്ട് ഭരണസമിതി ചെയർമാനുമായ കെ കൃഷ്ണൻകുട്ടിയും (K-HVIC ഫൗണ്ടേഷനെ പ്രതിനിധീകരിച്ച്), വ്യവസായ-നിയമ വകുപ്പ് മന്ത്രിയും സിയാൽ ഡയറക്ടറുമായ അഡ്വ. പി രാജീവുമാണ് ധാരണാപത്രം കൈമാറിയത്.

കേരള ഹൈഡ്രജൻ വാലി പദ്ധതിയുടെ ഭാഗമായും ദേശീയ ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പിന്തുണയോടെയും, കൊച്ചി വിമാനത്താവളത്തിൽ മൂന്ന് ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനക്ഷമമാക്കുകയാണ് ലക്ഷ്യം. ബസുകൾ വാങ്ങുന്നതിന് ഓരോന്നിനും പരമാവധി 2.90 കോടി രൂപ വീതം (മൊത്തം 8.7 കോടി രൂപ) ധനസഹായം ഘട്ടംഘട്ടമായി K-HVIC ഫൗണ്ടേഷൻ നൽകും

ഒരു വർഷത്തിനകം ബസുകൾ വാങ്ങി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവർത്തനച്ചെലവ്, മെയിന്റനൻസ്, റൂട്ടുകൾ തീരുമാനിക്കൽ എന്നിവയെല്ലാം സിയാൽ തന്നെ നിർവഹിക്കും. ചടങ്ങിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ എ എസ്, K-HVIC ഫൗണ്ടേഷൻ ചെയർമാനും എം ഡിയുമായ ഹർഷിൽ ആർ. മീന ഐ എ എസ്, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിലെ സീനിയർ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവർ പങ്കെടുത്തു.

പദ്ധതി നടപ്പായാൽ വിമാനത്താവള യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുകയും, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുകയും ചെയ്യും. സിയാലും ബി പി സി എല്ലും സംയുക്തമായി നിർമിച്ച ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ ബസുകൾക്കാവശ്യമായ ഇന്ധന വിതരണം സുഗമമാകും. ഹൈഡ്രജൻ വിതരണവുമായി ബന്ധപ്പെട്ട നിയമാനുമതികൾ ഇതിനകം ലഭിച്ചതിനാൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more