ലണ്ടൻ: ലണ്ടനിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന ബോയിംഗ് 787 ഡ്രീംലൈനർ (VT-ANX) വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം നിലത്തിറക്കി.
ലണ്ടനിൽ നിന്ന് ഞായറാഴ്ച രാത്രി 9.19 ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തിങ്കളാഴ്ച രാവിലെ 11.54 ന് ബെംഗളൂരുവിൽ ലാൻഡ് ചെയ്തു. ലാൻഡിംഗിന് ശേഷം പൈലറ്റ് സ്വിച്ചിൽ ഒരു പ്രശ്നം ശ്രദ്ധിച്ചുവെന്നും അത് റിപ്പോർട്ട് ചെയ്തതായും എയർലൈൻ വൃത്തങ്ങൾ പറയുന്നു. സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്റെ വിശകലനത്തിൽ 2026 ഫെബ്രുവരി 2 ന്, എയർ ഇന്ത്യ ഫ്ലൈറ്റ് AI132 (ലണ്ടൻ ഹീത്രോയിൽ നിന്ന് ബെംഗളൂരുവിലേക്ക്) പറക്കുന്നതിനിടെ, ബോയിംഗ് 787 VT-ANX-ലെ ഇടതു എഞ്ചിൻ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ അസാധാരണമായ പെരുമാറ്റം ക്രൂ റിപ്പോർട്ട് ചെയ്തു. എഞ്ചിൻ സ്റ്റാർട്ട് ചെയ്യുമ്പോൾ, രണ്ട് ശ്രമങ്ങളിൽ സ്വിച്ച് RUN സ്ഥാനത്ത് ലോക്ക് ചെയ്യുന്നതിൽ പരാജയപ്പെട്ടു, CUTOFF-ലേക്ക് നീങ്ങി – ഒരു പ്രത്യേക സാഹചര്യത്തിൽ, പറക്കലിൽ അബദ്ധത്തിൽ എഞ്ചിൻ ഷട്ട്ഡൗൺ സംഭവിക്കാൻ കാരണമായേക്കാവുന്ന ഒരു തകരാറാണിതെന്നും വ്യകതമാക്കുന്നു.
സമാന സാഹചര്യമാണ് 2025 ജൂൺ 12-ന്, AI 171 ആയി പ്രവർത്തിച്ചിരുന്ന ഒരു AI B787 (VT-ANB) അഹമ്മദാബാദിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ് 260 പേർ മരിച്ച സംഭവം. സ്വിച്ച് റണ്ണിൽ നിന്ന് കട്ട് ഓഫിലേക്ക് മാറി എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടതാണ് അന്നത്തെ അപകട കാരണം. മെക്കാനിക്കൽ തകരാർ മൂലമോ മറ്റെന്തെങ്കിലുമോ കാരണമാണോ സ്വിച്ച് ഓഫായത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. അഹമ്മദാബാദ് അപകടത്തിന് ശേഷം ബോയിംഗ് ഡ്രീംലൈനറിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ശ്രദ്ധാകേന്ദ്രമായിരുന്നു. “കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡിംഗിൽ, പൈലറ്റുമാരിൽ ഒരാൾ മറ്റേയാളോട് എന്തിനാണ് ഇന്ധന നിയന്ത്രണ സ്വിച്ച് കട്ട് ഓഫ് ചെയ്തത് (ഇന്ധന നിയന്ത്രണ സ്വിച്ച്) എന്ന് ചോദിക്കുന്നത് കേൾക്കാം. മറ്റേ പൈലറ്റ് അങ്ങനെ ചെയ്തില്ലെന്ന് മറുപടി നൽകി,” എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ AI 171 ക്രാഷ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് പറയുന്നു.
“ഒരു ബോയിംഗ് 787-8 വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി ഞങ്ങളുടെ പൈലറ്റുമാരിൽ ഒരാൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ഈ പ്രാഥമിക വിവരം ലഭിച്ചതിനുശേഷം, ഞങ്ങൾ ആ വിമാനം നിലത്തിറക്കുകയും പൈലറ്റിന്റെ ആശങ്കകൾ മുൻഗണനാടിസ്ഥാനത്തിൽ പരിശോധിക്കുന്നതിനായി യഥാർത്ഥ ഉപകരണ നിർമ്മാതാവിനെ (OEM) ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഈ വിഷയം വ്യോമയാന നിയന്ത്രണ ഏജൻസിയായ DGCA യെ അറിയിച്ചിട്ടുണ്ട്. DGCA യുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ ഫ്ലീറ്റിലെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചു, അതിൽ ഒരു പ്രശ്‌നവും കണ്ടെത്തിയില്ല. എയർ ഇന്ത്യയിൽ, ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഏറ്റവും മുൻഗണന.” ബെംഗളൂരു വിമാനം നിലത്തിറക്കിയതിനെ കുറിച്ച് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സംഭവം അന്വേഷിക്കുകയും എയർലൈനിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തു. ബോയിംഗിൽ നിന്നും സംഭവത്തെക്കുറിച്ച് വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
click on malayalam character to switch languages