ന്യൂഡൽഹി: അതിവേഗ റെയിൽപാത സംബന്ധിച്ച കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. കേരളത്തിനായി അതിവേഗ റെയിൽപാത പദ്ധതിയുണ്ടോ?, ഇതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ പറയുന്നതിൽ എന്തെങ്കിലും വസ്തുത ഉണ്ടോ? തുടങ്ങിയ കാര്യങ്ങളായിരുന്നു കേരളത്തിൽ നിന്നുള്ള മാധ്യമങ്ങൾ ചോദിച്ചത്. എന്നാൽ ഇതിനോട് പ്രതികരിക്കാൻ കേന്ദ്രമന്ത്രി തയ്യാറായില്ല.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് എന്തെങ്കിലും പറയാനുണ്ടോ എന്നായിരുന്നു അശ്വിനി വൈഷ്ണവ് ചോദിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ച ശേഷം കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ വീണ്ടും അതിവേഗ റെയിലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിച്ചു. എന്നാൽ അപ്പോഴും മറുപടി നൽകാൻ കേന്ദ്രമന്ത്രി തയ്യാറായില്ല.
അതിവേഗ റെയിൽപാതയുമായി ബന്ധപ്പെട്ട ഒറ്റ ചോദ്യത്തിന് മാത്രമായിരുന്നു അശ്വിനി വൈഷ്ണവ് മറുപടി നൽകിയത്. ‘ ഇ ശ്രീധരൻ അതിവേഗ റെയിൽപദ്ധതിയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഒരു ഓഫീസ് തുടങ്ങുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് എന്തെങ്കിലും അറിയാമോ?. റെയിൽവേ മന്ത്രാലയത്തിൻ്റെ അറിവോടെയാണോ റെയിൽവേ മന്ത്രാലയം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്’ എന്നായിരുന്നു മാധ്യമപ്രവർത്തകർ ചോദിച്ച ചോദ്യം . ഇ ശ്രീധരന്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നായിരുന്നു ഇതിന് അശ്വിനി വൈഷ്ണവ് നൽകിയ മറുപടി. കേരളത്തിലെ റെയിൽവേ മേഖലയെ കുറിച്ചും കേരളത്തിലെ റെയിൽവേ പാളങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ഇ ശ്രീധരൻ. ഇ ശ്രീധരൻ്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇ ശ്രീധരൻ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി വ്യക്തത വരുത്തിയില്ല.
അതേസമയം കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന ആരോപണങ്ങളോടും കേന്ദ്ര റെയില്‍വേ മന്ത്രി പ്രതികരിച്ചു. റെയില്‍വേ വിഹിതത്തില്‍ കേരളത്തിനാണ് ഏറ്റവുമധികം പ്രഖ്യാപനങ്ങളുണ്ടായത് എന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. 3,795 കോടി രൂപയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പത്തിരട്ടി തുകയാണ് വര്‍ധിപ്പിച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
click on malayalam character to switch languages