1 GBP = 122.78
breaking news

റഫ അതിർത്തി ഭാഗികമായി തുറന്നു, രണ്ടു വർഷം നീണ്ട ഇടവേളക്കു ശേഷം

റഫ അതിർത്തി ഭാഗികമായി തുറന്നു, രണ്ടു വർഷം നീണ്ട ഇടവേളക്കു ശേഷം

ഗസ്സ സിറ്റി: രണ്ടു വർഷത്തോളം നീണ്ട ഇടവേളക്കു ശേഷം ഗസ്സയെ പുറംലോകവുമായി ബന്ധിപ്പിച്ച് റഫ അതിർത്തി ഭാഗികമായി തുറന്നു. 2024 ഏപ്രിലിൽ അടച്ച അതിർത്തിയാണ് നിരന്തര സമ്മർദങ്ങൾക്കൊടുവിൽ താൽക്കാലികമായി ഇരുവശത്തേക്കും തുറന്നത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ വാഹനയാത്ര അനുവദിക്കുമെന്ന് ഇസ്രായേൽ സേന അറിയിച്ചു.

ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. അതിർത്തി നിരീക്ഷണം ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥർക്കൊപ്പം യൂറോപ്യൻ യൂനിയൻ ദൗത്യസംഘവും ഫലസ്തീനി സുരക്ഷ ഉദ്യോഗസ്ഥരും ചേർന്നാകും. ആളുകൾക്ക് പരിമിതമായി മാത്രമേ അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. ഓരോ രോഗിക്കൊപ്പവും രണ്ട് കൂട്ടിരിപ്പുകാരെയും അനുവദിക്കും.

അതേസമയം, രാജ്യം വിടുന്നവർക്ക് ഗസ്സയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുമോയെന്ന ആശങ്ക പലരെയും പുറത്തുകടക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. രണ്ടരവർഷം നീണ്ട ഇസ്രായേൽ അധിനിവേശത്തിനിടെ തുരുത്തിൽനിന്ന് വിവിധ ആവശ്യങ്ങൾക്കായി പുറത്തുകടന്ന 80,000 ഓളം ഫലസ്തീനികൾ റഫ അതിർത്തി വഴി മടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്. പ്രതിദിനം 50 പേരെ വീതം മടങ്ങാൻ അനുവദിക്കുമെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. രണ്ടു വർഷത്തിനിടെ കഴിഞ്ഞ വർഷം ചെറിയ ഇടവേളയിൽ രോഗികളെ കൊണ്ടുപോകാൻ മാത്രമാണ് റഫ അതിർത്തി തുറന്നിരുന്നത്.

ഒക്ടോബർ 10ന് നിലവിൽവന്ന വെടിനിർത്തൽ കരാറിൽ റഫ അതിർത്തി തുറക്കലും വ്യവസ്ഥയായിരുന്നെങ്കിലും ബന്ദികളുടെ മൃതദേഹാവശിഷ്ടം ലഭിച്ചില്ലെന്നുപറഞ്ഞ് വൈകിക്കുകയായിരുന്നു. അതും കഴിഞ്ഞയാഴ്ച പൂർത്തിയായതോടെയാണ് ഒടുവിൽ തുറക്കുന്നത്. ഗസ്സയിൽ റഫക്ക് പുറമെ നാല് അതിർത്തികൾ കൂടിയുണ്ടെങ്കിലും മറ്റെല്ലാം ഇസ്രായേലിലേക്കാണ്.

ആറ് കുരുന്നുകളടക്കം 31 പേരെ അറുകൊല ചെയ്ത വൻ ആക്രമണത്തിന് പിന്നാലെയായിരുന്നു അതിർത്തി തുറക്കൽ. റഫയിൽ ഞായറാഴ്ചയും ഇസ്രായേൽ ആക്രമണം തുടർന്നു. അതിനിടെ, ഗസ്സയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമായിരുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന് ഇസ്രായേൽ അനുമതി നിഷേധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more