ബിരുദം നേടാൻ കഴിയില്ലെന്ന് തെറ്റായി പറഞ്ഞതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗ്ലാസ്ഗോ സർവ്വകലാശാലയ്ക്ക് ഗുരുതര പിഴവ് സംഭവിച്ചുവെന്ന് അന്വേഷണ ഏജൻസി. 2:1 ബിരുദം ലഭിക്കേണ്ടതും എന്നാൽ ഒരു കോഴ്‌സിന് ഗ്രേഡ് ലഭിച്ചിട്ടില്ലെന്ന് തെറ്റായി പറഞ്ഞതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയായ ഏഥൻ ബ്രൗൺ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തിയത്.
ക്വാളിറ്റി അഷ്വറൻസ് ഏജൻസി ഫോർ ഹയർ എഡ്യൂക്കേഷൻ (QAA) നടത്തിയ അന്വേഷണത്തിൽ സർവകലാശാലയുടെ പ്രക്രിയകൾ അക്കാദമിക് നിലവാരത്തിന് വ്യവസ്ഥാപരമായ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തി. സ്ഥാപനത്തിലെ പരാജയങ്ങളെക്കുറിച്ചുള്ള കുടുംബത്തിന്റെ സംശയങ്ങൾ ഏജൻസിയുടെ കണ്ടെത്തലുകളിലൂടെ സ്ഥിരീകരിച്ചതായി വിദ്യാർത്ഥിയുടെ മാതാവ് ട്രേസി സ്കോട്ട് പറഞ്ഞു. ഗ്ലാസ്‌ഗോ സർവകലാശാല ക്ഷമാപണം നടത്തുകയും ഏജൻസി റിപ്പോർട്ടിന്റെ ശുപാർശകൾ പൂർണ്ണമായും അംഗീകരിക്കുകയും ചെയ്തു.
2024 ഡിസംബറിൽ ഭൂമിശാസ്ത്രത്തിൽ ഓണേഴ്‌സ് ബിരുദത്തോടെ ഗ്ലാസ്‌ഗോ സർവകലാശാലയിൽ നിന്ന് ഏഥൻ ബിരുദം നേടേണ്ടതായിരുന്നു. ബിരുദം നേടാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്ന എഥന് പക്ഷെ മൂന്ന് മാസം ബാക്കി നിൽക്കെ, ഒരു കോഴ്‌സിന് ഗ്രേഡ് ലഭിക്കാത്തതിനാൽ ബിരുദം നേടാൻ യോഗ്യതയില്ലെന്ന റിപ്പോർട്ടാണ് ലഭിച്ചത്. കടുത്ത മനോവിഷമത്തിലായ 23കാരനായ എഥൻ ബിരുദം നേടേണ്ട ദിവസം തന്നെ സ്വയം ജീവനൊടുക്കുകയായിരുന്നു.
സ്കോട്ട് സർവകലാശാലയിൽ നിന്ന് ഉത്തരങ്ങൾ തേടിയതിനെത്തുടർന്നാണ് ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. സർവകലാശാലയുടെ പിഴവ് മൂലമാണ് അദ്ദേഹത്തിന് ഒരു കോഴ്‌സിന് തെറ്റായ ഗ്രേഡ് ലഭിച്ചതെന്നും 2:1 ഓണേഴ്‌സ് ബിരുദം നേടേണ്ടതാണെന്നും കണ്ടെത്തി. ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഏതെങ്കിലും ജീവനക്കാർക്കോ രണ്ട് ഇന്റേണൽ പരീക്ഷാ ബോർഡുകൾക്കോ ഒരു ബാഹ്യ പരീക്ഷാ ബോർഡിനോ ഈ പിശക് കണ്ടെത്താൻ കഴിഞ്ഞില്ല.
QAA യിൽ നിന്നുള്ള റിപ്പോർട്ട് വളരെ വൈകാരികമായ ഒരു വായനയായിരുന്നുവെന്നും ഇത് സർവകലാശാലയിലെ പരാജയങ്ങളെക്കുറിച്ചുള്ള കുടുംബത്തിന്റെ സംശയങ്ങൾ സ്ഥിരീകരിച്ചുവെന്നും സ്കോട്ട് പറഞ്ഞു. എഥന്റെ മാർക്കുകളിലെ പിശക് ഒറ്റപ്പെട്ട ഒന്നാണെന്നും മറ്റ് വിദ്യാർത്ഥികളെയൊന്നും ഇത് ബാധിച്ചിട്ടില്ല എന്നും സർവകലാശാല ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ ജ്യോഗ്രഫിക് സ്കൂളിലെ മറ്റ് രണ്ട് വിദ്യാർത്ഥികൾക്ക് തെറ്റായ ഫലങ്ങൾ നൽകിയതായും മറ്റ് അഞ്ച് സാധ്യതയുള്ള കേസുകൾ അന്വേഷിച്ചുവരികയാണെന്നും QAA റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
click on malayalam character to switch languages