നിത്യ ആനി തോമസ്
പ്ലിമത്: പ്ലിമത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റി (പിഎംസിസി)യുടെ ക്രിസ്മസ്–പുതുവത്സര ആഘോഷ പരിപാടികൾ 2026 ജനുവരി 10-ന് ഡെവൺപോർട്ട് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അത്യന്തം ആകർഷകമായും ഭംഗിയോടെയും നടന്നു. നിരവധി അംഗങ്ങളും കുടുംബങ്ങളുമായി പങ്കെടുത്ത പരിപാടി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവമാകുകയായിരുന്നു.
പ്ലിമത് സിറ്റി കൗൺസിൽ മൂർ വ്യൂ വാർഡ് കൗൺസിലർ വിൽ നോബിൾ, റവ. ഫാദർ സിബിൻ എനിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. വിശിഷ്ടാതിഥികൾ സന്നിഹിതരായ എല്ലാവർക്കും ക്രിസ്മസ്–പുതുവത്സര സന്ദേശങ്ങൾ കൈമാറുകയും പിഎംസിസിയുടെ സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പിഎംസിസി യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മയുടെ നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. അതിനാൽ പൊതുസഭയിൽ, ജനങ്ങളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ 2026–28 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ പ്രഖ്യാപിക്കുകയും പുതിയ കമ്മിറ്റിയെ രൂപീകരിക്കുകയും ചെയ്തു.
പൊതുസഭയ്ക്കിടയിൽ, 2024–26 കാലയളവിലെ ട്രഷറർ സിജോ ഓഡിറ്റ് റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുകയും, രേഖകളും മറ്റ് ആവശ്യമായ എല്ലാ ഡോക്യുമെന്റുകളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറർ ടോമിന് കൈമാറുകയും ചെയ്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇവരാണ്:
പ്രസിഡന്റ്: സാനി മൈക്കിൾ
വൈസ് പ്രസിഡന്റ്: ടോണി തോമസ്
സെക്രട്ടറി: നിത്യ ആനി തോമസ്
ജോയിന്റ് സെക്രട്ടറി: അലൻ ജോബി
ട്രഷറർ: ടോം ജേക്കബ്
കമ്മിറ്റി അംഗങ്ങൾ:
അലീന ഡെയ്സൺ, അഞ്ജലി എൻ, ഫെബിൻ ജോസ്, ജിതിൻ പുന്നക്കാപ്പള്ളിൽ, ശബരീനാഥ്, സജി വർഗ്ഗീസ്, ഷെറിൻ അലക്സ്, ഷിന്റോ ഡേവീസ്, സിന്ധു വിജേഷ്, സുബിൻ സെബാസ്റ്റിയൻ, വിവേക് രാംദാസ് തുടങ്ങിയവർ അടുത്ത രണ്ട് വർഷക്കാലം പിഎംസിസിയെ നയിക്കുന്നതിന് ചുമതല ഏറ്റെടുത്തു.
അസോസിയേഷൻ അംഗങ്ങളുടെ വർണാഭമായ കലാപരിപാടികൾക്കും തുടർന്ന് ഒരുക്കിയ ഒരുമിച്ചുള്ള സ്‌നേഹവിരുന്നിനും ശേഷം എല്ലാവരും സന്തോഷത്തോടെയും തൃപ്തിയോടെയും പിരിഞ്ഞു. കഴിഞ്ഞ രണ്ട് വർഷക്കാലം പിഎംസിസിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമായി വിജയകരമായി നടത്തിയ മുന്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും പ്രസിഡന്റ് സാനി മൈക്കിൾ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. അതോടൊപ്പം, തന്നോടൊപ്പം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും കമ്മിറ്റിയംഗങ്ങൾക്കും വരാനിരിക്കുന്ന വർഷങ്ങളിൽ മികച്ച വിജയങ്ങളും സേവനവും നേട്ടങ്ങളും നേർന്നു.
click on malayalam character to switch languages