കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയതായി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി വടകര സ്വദേശിനി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാൽ, ഷിംജിതയുടെ ആരോപണങ്ങൾ തള്ളുന്നതാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. ബസിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ആരോപണം ശരിവെക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകർത്തുകയും പിന്നീട് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തത്. ബസ് യാത്രക്കിടെ ശരീരത്തിൽ സ്പർശിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ദീപക് ആത്മഹത്യ ചെയ്തത്.
ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമീഷണർക്കും കലക്ടർക്കും മാതാവ് കെ. കന്യക പരാതി നൽകിയിരുന്നു. തുടർന്ന് ദീപക് ജീവനൊടുക്കിയതിനെ തുടർന്ന് യുവതിയെ അറസ്റ്റ് ചെയ്തു.
ഒളിവിൽ പോയ ഷിംജിതയെ മെഡിക്കൽ കോളജ് പൊലീസാണ് പിടികൂടിയത്. ദീപക്കിന്‍റെ ഉൾപ്പെടുന്ന ഏഴോളം വിഡിയോകളാണ് ഷിംജിതയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരൻ സിയാദ് പരാതി നൽകി.
അതേസമയം, തന്‍റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിന് ഷിംജിതക്കെതിരെ ബസ് യാത്രക്കാരിയും കണ്ണൂർ സ്വദേശിനിയുമായ പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. ഷിംജിത ചിത്രീകരിച്ച ദീപക്കിന്‍റെ ദൃശ്യങ്ങളിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയത്.
click on malayalam character to switch languages