1972 ഡിസംബർ 19. ഏതാണ്ട് 75 മണിക്കൂർ ചന്ദ്രനിൽ ചെലവഴിച്ച ശേഷം യുജിൻ കെർമാൻ, റൊണാൾഡ് ഇവാൻസ്, ഹാരിസൺ ഷ്മിറ്റ് എന്നിവരടങ്ങുന്ന സംഘം സുരക്ഷിതമായി പസഫിക്കിൽ ഇറങ്ങിയത് ആ ദിവസമാണ്. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ആ ദിവസത്തോടെ ഒരധ്യായം അവസാനിക്കുകയും ചെയ്തു. അതിനുശേഷം, മറ്റൊരാളും പിന്നെ ചന്ദ്രനിലേക്ക് പോയിട്ടില്ല. 53 വർഷങ്ങൾക്കു മുമ്പ് ശാസ്ത്രലോകം അടച്ചുവെച്ച ആ വാതിലുകൾ വീണ്ടും തുറക്കുകയാണ്. മൂന്നാഴ്ചക്കുള്ളിൽ, നാലുപേരടങ്ങുന്ന സംഘം ചന്ദ്രനിലേക്ക് കുതിക്കാനൊരുങ്ങുന്നു. പണ്ട് 12 മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന്റെ പിന്നിലുണ്ടായിരുന്ന നാസ തന്നെയാണ് ആർട്ടിമിസ് എന്ന പുതിയ ദൗത്യത്തിന്റെ അണിയറയിലുമുള്ളത്. ആർട്ടിമിസിന്റെ വിശേഷങ്ങളറിയാം
മാനവരാശിക്ക് പ്രതീക്ഷയും സമാധാനവുമായി നാം വീണ്ടും ഇവിടേക്ക് തിരികെയെത്തുകതന്നെ ചെയ്യും’’യുജിൻ കെർമാന്റേതാണ് വാക്കുകൾ. 1972 ഡിസംബർ 14ന് ചന്ദ്രനിൽനിന്ന് മടങ്ങവെയായിരുന്നു ഇങ്ങനെയൊരു പ്രസ്താവന. മനുഷ്യരെ ചന്ദ്രനിലെത്തിച്ച നാസയുടെ ‘അപ്പോളോ 17’ ദൗത്യത്തിലെ അവസാന യാത്രികരായിരുന്നു കെർമാനും ഹാരിസൺ ഷ്മിറ്റും. ഡിസംബർ 11ന് ചന്ദ്രനിലിറങ്ങിയ അവർ മൂന്ന് ദിവസത്തോളം അവിടെ ചെലവഴിച്ചു. ചാന്ദ്രവാഹനത്തിൽ (ലൂണാർ റോവർ) ഏതാണ്ട് 30 കിലോമീറ്റർ സഞ്ചരിച്ച് 100 കിലോയിലധികം പാറക്കല്ലും മണ്ണും ശേഖരിച്ചു; അവർക്കൊപ്പം അവയും ഭൂമിയിലെത്തി. അപ്പോളോ 18, 19 ദൗത്യങ്ങളെല്ലാം നാസ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങളാൽ അതൊന്നും സംഭവിച്ചില്ല. അതോടെ, ബഹിരാകാശ പര്യവേക്ഷണത്തിലെ ഒരു യുഗം അവസാനിച്ചു. പിന്നീട് ബഹിരാകാശ നിലയങ്ങൾ സ്ഥാപിച്ച് അവിടേക്കുള്ള പ്രയാണമായി. ഇതിനിടയിൽ ചൊവ്വ അടക്കമുള്ള ഗ്രഹങ്ങളിലേക്ക് റോബോട്ടിക് വാഹനങ്ങൾ അയച്ചും മറ്റും ശാസ്ത്രലോകം പുതിയ വിസ്മയങ്ങൾ തീർത്തു. അപ്പോഴും ഒരു ചോദ്യം അവശേഷിച്ചു: മനുഷ്യർ ഇനിയെന്നെങ്കിലും ചന്ദ്രനിലേക്ക് തിരിക്കുമോ?
ലോകം പുതുനൂറ്റാണ്ടിലേക്ക് കടന്നപ്പോൾതന്നെ ആ ചോദ്യത്തിന് ഉത്തരമായിരുന്നു. മനുഷ്യർ ഇനിയും ചാന്ദ്ര യാത്രതുടരും. 60കളിൽ, യു.എസും സോവിയറ്റ് യൂനിയനും മാത്രമായിരുന്നു ആ യജ്ഞത്തിലേർപ്പെട്ടിരുന്നതെങ്കിൽ പുതിയ ‘ബഹിരാകാശ മത്സര’ത്തിന് അര ഡസൻ രാജ്യങ്ങളെങ്കിലുമുണ്ടായിരുന്നു. അതിൽ ഇന്ത്യയും ജപ്പാനും ചൈനയും യു.എ.ഇയുമെല്ലാമുണ്ട്. വലിയ മത്സരമാണ് അരങ്ങേറിയത്. ഇന്ത്യയുടെ ചാന്ദ്രയാൻ, ചൈനയുടെ ഷാങ്ങെ തുടങ്ങിയ ദൗത്യങ്ങൾ യു.എസിന്റെ ആർട്ടിമിസ് പദ്ധതിക്കൊപ്പംതന്നെ തുടക്കത്തിൽ കുതിച്ചുപാഞ്ഞു. വർഷങ്ങൾക്കിപ്പുറം ആ മത്സരം നിർണായക സന്ധിയിലെത്തിയിരിക്കുന്നു. ആർട്ടിമിസിലൂടെ മനുഷ്യൻ ഒരിക്കൽകൂടി ചന്ദ്രനിലേക്ക് പറക്കുകയാണ്. ജനുവരി ഒമ്പതിന് നാസ അക്കാര്യം പ്രഖ്യാപിച്ചു: ഫെബ്രുവരി ആറിന് ആർട്ടിമിസ് 2 ദൗത്യത്തിന്റെ ഭാഗമായി നാല് യാത്രികർ ചന്ദ്രനിലേക്ക് കുതിക്കും.
click on malayalam character to switch languages