അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ഒന്നാം ചരമവാർഷീകത്തിനു നാട്ടിലെത്തിയപ്പോൾ ആകസ്മിക മരണം തേടിയെത്തിയ സ്റ്റീവനേജിലെ ജേക്കബ് ജോർജ്ജിന് ജന്മനാട് ഇന്ന് യാത്രാമൊഴിയേകും. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോഭവൻ കുടുംബാംഗമായിരുന്നു പരേതൻ. ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാർഷീക പ്രാർത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടന്നിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ഇന്ന് , 17 ന് ശനിയാഴ്ച്ച രാവിലെ 7 മണിമുതൽ പത്തനംതിട്ട, കോളേജ് ജംഗ്ഷനിലുള്ള സ്വവസതിയായ അമിജിയോഭവനിൽ പൊതുദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് 11:30 ന് പത്തനതിട്ട മാർത്തോമ്മാ പള്ളിയിൽ അന്ത്യോപചാര തിരുക്കർമ്മങ്ങൾ നടത്തി കുടുംബ കല്ലറയിൽ സംസ്‌കരിക്കും.
സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്റെ തുടക്കകാലം മുതൽത്തന്നെ സംഘടനയിലും, കൂട്ടായ്മ്മകളിലും സജീവമായിരുന്ന വ്യക്തിയായിരുന്നു ജേക്കബ്. പരേതൻ ഹോൻസ്ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയംഗവും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മെംബറുമായിരുന്നു. സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളിൽ സദാ പുഞ്ചിരിയോടെ ഇടപെഴകി കൂട്ടത്തിലൊരാളായി കണ്ടു വന്നിരുന്ന ജേക്കബിന്റെ ആകസ്മിക മരണം സ്റ്റീവനേജിനെ അക്ഷരാർത്ഥത്തിൽ ശോകമൂകമാക്കിയിരിക്കുകയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ആത്മീയ കാര്യങ്ങളിലും, സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ജേക്കബ്, ഐഒസി യുടെ പരിപാടികളിലും ഉത്സാഹപൂർവ്വം പങ്കുചേർന്നിരുന്നു.
പള്ളിക്കാര്യങ്ങളിൽ സജീവമായിരുന്ന ജേക്കബ് (ഷാജി അങ്കിൾ) ഹോൺസ്‌ലോ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ്സ് കരോളിന് ആതിഥേയത്വം വഹിച്ചു സ്തുത്യർഹമായ നേതൃത്വം നൽകിയ കാര്യവും റവ.ജോൺ മാത്യു തന്റെ അനുശോചന സന്ദേശത്തിൽ ഓർമ്മിച്ചു.
കോന്നി, വകയാർ, പീടികയിൽ കുടുംബാംഗമായ. ഭാര്യ സാരു ജേക്കബ് സ്റ്റീവനേജ് ലിസ്റ്റർ ഹോസ്പിറ്റലിലെ നേഴ്സിങ് സ്റ്റാഫാണ്. ആഗി ആൻ ജേക്കബ്, മിഗി മറിയം ജേക്കബ്, നിഗ്ഗി സൂസൻ ജേക്കബ് എന്നിവർ മക്കളും, അർജുൻ പാലത്തിങ്കൽ, സ്റ്റീവനേജ്, മരുമകനും, അഷർ കൊച്ചു മകനുമാണ്. സ്റ്റീവനേജിൽ തന്നെ താമസിക്കുന്ന ഭാര്യാ സഹോദരൻ സാബു ഡാനിയേൽ, പീടികയിൽ, നാട്ടിൽ അമ്മയുടെ ആണ്ടു നേർച്ചക്കായി കൂടെ ഉണ്ടായിരുന്നു. ആകസ്മിക മരണവിവരം അറിഞ്ഞു മക്കളും ബന്ധുമിത്രാദികളും നാട്ടിലെത്തിയിട്ടുണ്ട്.
ജന്മനാടുമായി ഏറെ ബന്ധവും, സ്നേഹവും പുലർത്തിയിരുന്ന ജേക്കബ് വർഷത്തിൽ നാലഞ്ചു തവണ എങ്കിലും നാട് സന്ദർശിക്കുമായിരുന്നു.
യു കെയിലെ സ്റ്റീവനേജിൽ നിന്നും, ഹോൻസ്ലോ പള്ളിയിൽ നിന്നും, വിവിധയിടങ്ങളിൽ നിന്നുമായി ബന്ധുമിത്രാദികൾ പരേതന് സ്നേഹാഞ്ജലി അർപ്പിച്ചു യാത്രാമൊഴിയേകുവാനായി എത്തും. സർഗ്ഗം സ്റ്റീവനേജ്, യുക്മ, മാർത്തോമ്മാ പള്ളി, ഐഒസി തുടങ്ങിയ കൂട്ടായ്മ്മകൾ അനുശോചനവും, ആദരാഞ്ജലികളും നേർന്നു.
click on malayalam character to switch languages