1 GBP = 122.91

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസ് വേദിയിൽ

കൊല്ലം: സിപിഎമ്മുമായി അകലംപാലിക്കുന്ന മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിൽ എത്തുന്നു. അയിഷാ പോറ്റി കോൺഗ്രസിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്.

വ്യാഴാഴ്ച കലയപുരം ആശ്രയ സങ്കേതത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുസ്മരണപ്രഭാഷണമാണ് നിർവഹിക്കുക. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പിനെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ് അയിഷാ പോറ്റി. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും ജില്ലാസമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നില്ല. ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. നിലവിൽ സിപിഎമ്മിന്റെ ഒരു ഘടകത്തിലുമില്ല. അഖിലേന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയിൽനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

അയിഷാ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത് ഇക്കൊല്ലമാദ്യമായിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ അയിഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാക്കുമെന്നും പ്രചാരണമുണ്ടായി. ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അയിഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശം വീണ്ടും ചർച്ചയായിരിക്കുകയാണ്.

വർഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനംചെയ്ത ആർ. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടർച്ചയായി മൂന്നുതവണ അവർ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more